തിബ്ലിസി: റഷ്യൻ മാതൃകയിൽ വിമതശബ്ദങ്ങളെ അടിച്ചമർത്താനായി പ്രത്യേക നിയമമുണ്ടാക്കുന്ന ജോർജിയൻ സർക്കാരിനെതിരേ പ്രതിഷേധം വ്യാപകമായി. പാർലമെന്റിൽ നിയമം പരിഗണിക്കുന്നതിനിടെയുണ്ടായ പ്രതിഷേധം പോലീസുമായുള്ള ഏറ്റുമുട്ടലിൽ കലാശിച്ചു. 63 പേരെ അറസ്റ്റ് ചെയ്തു. ആറു പോലീസുകാർക്കു പരിക്കുണ്ട്. വിദേശ ധനസഹായം സ്വീകരിക്കുന്ന കാര്യം സംഘടനകൾ പരസ്യപ്പെടുത്തണമെന്നു നിർദേശിക്കുന്ന നിയമം (വിദേശ ഏജന്റ് ബിൽ) മാസാവസാനത്തോടെ പ്രാബല്യത്തിൽ വരുത്താനാണു ഭരണം നടത്തുന്ന ജോർജിയൻ ഡ്രീം പാർട്ടിയുടെ നീക്കം. റഷ്യയിൽ 2012 മുതൽ ഇത്തരം നിയമമുണ്ട്. സർക്കാരിനെ വിമർശിക്കുന്ന സംഘടനകൾക്കും മാധ്യമങ്ങൾക്കും കൂച്ചുവിലങ്ങിടാനാണു നിയമം ഉപയോഗിക്കുന്നതെന്ന് ആരോപിക്കപ്പെടുന്നു.
പാർലമെന്റ് പാസാക്കിയാലും ബില്ലിനെ വീറ്റോ ചെയ്യുമെന്നു ജോർജിയൻ പ്രസിഡന്റ് സലോം സുരബിഷ്വില്ലി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, പ്രസിഡന്റിന്റെ വീറ്റോ മറികടക്കാനുള്ള ഭൂരിപക്ഷം ഡ്രീം പാർട്ടിക്കു പാർലമെന്റിലുണ്ട്. യൂറോപ്യൻ യൂണിയനിൽ അംഗമാകാനുള്ള ജോർജിയയുടെ മോഹങ്ങൾക്കു തിരിച്ചടിയാകും ഈ നിയമമെന്നു യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ദെർ ലെയ്ൻ മുന്നറിയിപ്പു നല്കി.
Source link