യഹൂദവിരുദ്ധത തടയാൻ നിയമം കർശനമാക്കുന്നു
വാഷിംഗ്ടൺ ഡിസി: ഗാസ യുദ്ധത്തിന്റെ പേരിൽ കാന്പസുകൾ പ്രതിഷേധക്കളങ്ങളാകുന്ന പശ്ചാത്തലത്തിൽ അമേരിക്കയിൽ യഹൂദവിരുദ്ധത തടയാനുള്ള നിയമം കർശനമാക്കുന്നു. ജനപ്രതിനിധിസഭയിൽ ഭരണ, പ്രതിപക്ഷ കക്ഷികൾ ഒന്നിച്ചു വോട്ട് ചെയ്തപ്പോൾ ഇതിനുള്ള ബിൽ വൻ ഭൂരിപക്ഷത്തിൽ പാസായി. 320 പേർ അനുകൂലിച്ചപ്പോൾ 91 പേർ മാത്രമാണ് എതിർത്തത്. യഹൂദവിരുദ്ധത തടയാൻ അമേരിക്കയിൽ നിലവിലുള്ള ഫെഡറൽ നിയമത്തിൽ, അന്താരാഷ്ട്ര ഹോളോകോസ്റ്റ് അനുസ്മരണ സഖ്യത്തിന്റെ (ഐഎച്ച്ആർഎ) വിശദീകരണംകൂടി ചേർക്കുകയാണു ചെയ്യുന്നത്. നിയമം വന്നാൽ, നിലവിലുള്ള ഇസ്രേലി സർക്കാർ നടപടികളെ നാസി ഭീകരതയുമായി താരതമ്യം ചെയ്യുന്നതിനു വിലക്കുണ്ടാകും. യഹൂദവിരുദ്ധത തടയാത്ത കാന്പസുകൾക്ക് വിദ്യാഭ്യാസ വകുപ്പിന്റെ സാന്പത്തികസഹായം ലഭിക്കില്ല. സെനറ്റ് കൂടി പാസാക്കി പ്രസിഡന്റ് ഒപ്പുവച്ചാൽ നിയമം പ്രാബല്യത്തിലാകും. അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ(എസിഎൽയു) പോലുള്ള പൗരാവകാശ സംഘടനകൾ നിയമത്തിനെതിരേ രംഗത്തുവന്നിട്ടുണ്ട്. യഹൂദവിരുദ്ധത തടയാൻ നിലവിൽ നിയമമുള്ളതാണെന്നും ഗാസ യുദ്ധത്തിന്റെ പേരിൽ ഇസ്രയേലിനെ വിമർശിക്കുന്നത് തടയാനാണു പുതിയ ബില്ലെന്നും വിമർശകർ ചൂണ്ടിക്കാട്ടി. ഇതിനിടെ, അമേരിക്കൻ കാന്പസുകളിൽ പലസ്തീൻ അനുകൂല പ്രക്ഷോഭം ശക്തമായിരിക്കുകയാണ്. കാന്പസ് പ്രതിഷേധവുമായി ബന്ധപ്പെട്ട് ഒരു മാസത്തിനിടെ 1500 പേരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസങ്ങളിൽ നൂറുകണക്കിനു വിദ്യാർഥികൾ അറസ്റ്റിലായി. പ്രമുഖ സർവകലാശാലകളിൽ പഠനം മുടങ്ങി.
ലോസ് ആഞ്ചലസിലെ യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഘർഷങ്ങളിൽ 15 പേർക്കു പരിക്കേറ്റു. ന്യൂയോർക്കിലെ ഫോർഡാം യൂണിവേഴ്സിറ്റി, കൊളംബിയ യൂണിവേഴ്സിറ്റി, സിറ്റി കോളജ് എന്നിവിടങ്ങളിൽനിന്നായി മുന്നൂറോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഫോർഡാം യൂണിവേഴ്സിറ്റിയിൽ വിദ്യാർഥികൾ സ്ഥാപിച്ച ടെന്റ് പോലീസ് നീക്കം ചെയ്തു. കൊളംബിയ യൂണിവേഴ്സിറ്റിയിലെ പോലീസ് നടപടികൾക്കെതിരായ പ്രതിഷേധങ്ങളിൽ അധ്യാപകരും പങ്കുചേർന്നു. മാഡിസണിലെ യൂണിവേഴ്സിറ്റി ഓഫ് വിസ്കോൺസിനിൽ 34 പേരും ഡാളസിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്സസിൽ 17 പേരും അറസ്റ്റിലായി. നോർത്തേൺ അരിസോണ യൂണിവേഴ്സിറ്റി, പോർട്ട്ലാൻഡ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി തുടങ്ങിയ ഇടങ്ങളിലും പലസ്തീൻ അനുകൂല പ്രതിഷേധമുണ്ടായി. കാന്പസുകളിൽ യഹൂദവിരുദ്ധ പ്രകടനങ്ങളുണ്ടാകുന്നതു തടയാനായി യൂണിവേഴ്സിറ്റി അധികൃതർക്കുമേൽ അമേരിക്കൻ സർക്കാർ സമ്മർദം ചെലുത്തുന്നുണ്ട്.
Source link