നിക ഷകരാമിയെ കൊലപ്പെടുത്തിയത് ഇറാൻ സൈന്യം
ടെഹ്റാൻ: ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്ത കൗമാരക്കാരിയെ സുരക്ഷാസേന മാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയതായി റിപ്പോർട്ട്. 2022ൽ ഇറാൻ ഭരണകൂടത്തിനെതിരായി തെരുവിലിറങ്ങിയ നിക ഷകരാമിയെന്ന പതിനാറുകാരിയാണ് ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ടത്. ഇറാൻ റവലൂഷനറി ഗാർഡിലെ മൂന്ന് സൈനികർ ചേർന്നാണ് നികയെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയത്. ഇക്കാര്യം വിശദമാക്കുന്ന ഇറാൻ സൈന്യത്തിന്റെ റിപ്പോർട്ട് ചോർന്നതോടെയാണ് ഈ ഹീനകൃത്യം പുറംലോകം അറിഞ്ഞത്. പ്രക്ഷോഭത്തിനിടെ കാണാതായ നികഒൻപത് ദിവസത്തിനു ശേഷം മരിച്ചനിലയിൽ കാണപ്പെടുകയായിരുന്നു. നിക ജീവനൊടുക്കിയതാണെന്നാണ് ഭരണകൂടം പറഞ്ഞിരുന്നത്. ഇറാൻ റെവലൂഷനറി ഗാർഡും സർക്കാരും സംഭവത്തോട് പ്രതികരിച്ചിട്ടില്ല. നികയുടെ മരണവുമായി ബന്ധപ്പെട്ട് സൈന്യം നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടാണ് ചോർന്നത്. സുരക്ഷാസേനയുടെ രഹസ്യവാനിൽവച്ചാണ് ഉദ്യോഗസ്ഥർ നികയെ ലൈംഗികമായി ഉപദ്രവിക്കുകയും കൊലപ്പെടുത്തുകയും ചെയ്തത്. വാനിൽ നടന്ന കാര്യങ്ങളെക്കുറിച്ചുള്ള വിശദീകരണവും രേഖകളിൽ ഉണ്ട്. നിക കൊല്ലപ്പെട്ടപ്പോൾ അവളെ തെരുവിൽ ഉപേക്ഷിക്കാൻ മുതിർന്ന ഉദ്യോഗസ്ഥർ സൈനികർക്കു നിർദേശം നൽകി.
സെപ്റ്റംബര്‍ 20ന് ടെഹ്റാനില്‍ നടന്ന പ്രതിഷേധത്തിനിടെ, നിക മാലിന്യപ്പെട്ടിയുടെ മുകളില്‍ കയറിനിന്ന് ഹിജാബ് കത്തിക്കുന്നതിന്റെയും ഭരണകൂടത്തിനെതിരേ മുദ്രാവാക്യം വിളിക്കുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൻ തോതിൽ പ്രചരിച്ചിരുന്നു. അതിനുശേഷമാണ് നികയെ കാണാതായത്. പോലീസ് നികയെ പിന്തുടര്‍ന്നിരുന്നതായി അടുത്ത സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു. മുദ്രാവാക്യം വിളിച്ചുകൊണ്ടിരിക്കെ നികയെ പോലീസ് നിരീക്ഷിക്കുന്നുണ്ടായിരുന്നു എന്ന് രേഖകളിൽനിന്നു വ്യക്തമാണ്. ഹിജാബ് ധരിക്കാത്തതിന് പോലീസ് കസ്റ്റഡിയിൽ എടുത്ത മഹ്സ അമിനി മരിച്ചതിനു പിന്നാലെയാണ് ഇറാനില്‍ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്.
Source link