വിദ്യാർഥിനികളെ വഴിതെറ്റിക്കാൻ ശ്രമിച്ച അധ്യാപികയ്ക്ക് 10 വർഷം തടവ് – Teacher who tried to mislead the students jailed for 10 years | India News, Malayalam News | Manorama Online | Manorama News
വിദ്യാർഥിനികളെ വഴിതെറ്റിക്കാൻ ശ്രമിച്ച അധ്യാപികയ്ക്ക് 10 വർഷം തടവ്
മനോരമ ലേഖകൻ
Published: May 01 , 2024 12:05 AM IST
Updated: May 01, 2024 12:16 AM IST
1 minute Read
പ്രഫ. നിർമലാദേവി
ചെന്നൈ ∙ കോളജ് വിദ്യാർഥിനികളെ വഴിവിട്ട കാര്യങ്ങൾക്ക് നിർബന്ധിച്ചെന്ന കേസിൽ മുൻ അധ്യാപിക പ്രഫ.നിർമലാദേവിക്ക് (52) 10 വർഷം തടവും 2.45 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. 5 വകുപ്പുകളിലായി 25 വർഷം തടവു ശിക്ഷയുണ്ടെങ്കിലും പരോൾ ഇല്ലാതെ 10 വർഷത്തെ തടവ് അനുഭവിച്ചാൽ മതിയെന്ന് ശ്രീവില്ലിപുത്തൂർ ജില്ലാ ഫാസ്റ്റ് ട്രാക്ക് വനിതാ കോടതി വിധിച്ചു.
വിദ്യാസമ്പന്നയായ തനിക്കു കുട്ടികളുണ്ടെന്നും ശിക്ഷയിൽ ഇളവ് നൽകണമെന്നും നിർമലാ ദേവി അപേക്ഷിച്ചെങ്കിലും ഇത്തരം കേസുകളിൽ ദയ കാണിക്കുന്നത് ശരിയല്ലെന്നും സമൂഹത്തിന് എതിരായ കുറ്റകൃത്യമാണെന്നും കോടതി നിരീക്ഷിച്ചു. വിധി വന്നതോടെ അധ്യാപികയെ മധുര സെൻട്രൽ ജയിലിലടച്ചു.
അറുപ്പുക്കോട്ടയിലെ സ്വകാര്യ കോളജിലെത്തുന്ന ചില പ്രത്യേക അതിഥികളെ സന്തോഷിപ്പിക്കും വിധം ഇടപഴകാൻ വിദ്യാർഥിനികളെ പ്രഫ.നിർമല നിർബന്ധിക്കുന്ന ശബ്ദസന്ദേശങ്ങൾ 2018 ലാണു പുറത്തുവന്നത്. ജോലിയിൽ നിന്നു പിരിച്ചുവിട്ടതിനു പിന്നാലെ അധ്യാപിക അറസ്റ്റിലായിരുന്നു.
കേസിൽ രണ്ടും മൂന്നും പ്രതികളായ അസി.പ്രഫസർ മുരുകൻ, ഗവേഷക വിദ്യാർഥി കറുപ്പസാമി എന്നിവരെ തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചിരുന്നു. ഇതിനെതിരെ അപ്പീൽ നൽകാൻ സർക്കാർ ആലോചിക്കുന്നുണ്ട്.
English Summary:
Teacher who tried to mislead the students jailed for 10 years
mo-crime-crimeindia mo-judiciary-lawndorder-imprisonment 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 6s47eqcp8e1mbmmuarpimrcal1 mo-crime-crime-news
Source link