ലാലുവിനു വൃക്ക ദാനം ചെയ്തു, മകൾ രോഹിണി സാരനിൽ താരം; ഹിറ്റായി രാഷ്ട്രീയ അരങ്ങേറ്റം

തട്ടുപൊളിപ്പൻ പ്രചാരണം: സാരനിൽ താരമായി ലാലു യാദവിന്റെ മകൾ രോഹിണി, വിയർത്ത് രാജീവ് റൂഡി – Rohini Acharyas political debut as a star in Saran – Manorama Online | Malayalam News | Manorama News
ലാലുവിനു വൃക്ക ദാനം ചെയ്തു, മകൾ രോഹിണി സാരനിൽ താരം; ഹിറ്റായി രാഷ്ട്രീയ അരങ്ങേറ്റം
ഓൺലൈൻ ഡെസ്‍ക്
Published: April 30 , 2024 05:37 PM IST
Updated: April 30, 2024 08:44 PM IST
1 minute Read
ചപ്ര രാജേന്ദ്ര സ്റ്റേഡിയത്തിലെ തിരഞ്ഞെടുപ്പു റാലിയിൽ ആർജെഡി സ്ഥാനാർഥി രോഹിണി ആചാര്യയും സഹോദരനും പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവും.
പട്ന ∙ സാരനിൽ താരമായി രോഹിണി ആചാര്യയുടെ രാഷ്ട്രീയ അരങ്ങേറ്റം. ലാലു യാദവിനു വൃക്കദാനം ചെയ്ത പുത്രി രോഹിണിക്ക് ആവേശകരമായ വരവേൽപാണു സാരൻ ലോക്സഭാ മണ്ഡലത്തിലെങ്ങും. പ്രിയ നേതാവിന്റെ ജീവൻ രക്ഷിച്ച മകൾ ആർജെഡി അണികൾക്കു പ്രിയങ്കരിയായി.നാമനിർദേശ പത്രികാ സമർപ്പണത്തിനു ശേഷം ചപ്ര രാജേന്ദ്ര സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പു റാലിയിൽ രോഹിണിയെ നേരിൽ കാണാൻ നാടിളകിയെത്തി. ലാലു കുടുംബത്തിൽനിന്നുള്ള പുതുമുഖത്തിന്റെ അരങ്ങേറ്റത്തിനു സാക്ഷിയാകാൻ ലാലു യാദവ്, പത്നി റാബ്റി ദേവി, മക്കളായ തേജസ്വി യാദവ്, തേജ് പ്രതാപ് യാദവ്, മിസ ഭാരതി എന്നിവരുമുണ്ടായിരുന്നു.
ചപ്ര രാജേന്ദ്ര സ്റ്റേഡിയത്തിലെ തിരഞ്ഞെടുപ്പു റാലിയിൽ ആർജെഡി സ്ഥാനാർഥി രോഹിണി ആചാര്യയും സഹോദരനും പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവും.
∙ രാജീവ് റൂഡി വിയർക്കുന്നുരോഹിണി ആചാര്യയുടെ തട്ടുപൊളിപ്പൻ പ്രചാരണത്തിനു മുന്നിൽ സിറ്റിങ് എംപിയും ബിജെപി സ്ഥാനാർഥിയുമായ രാജീവ് പ്രതാപ് റൂഡി വിയർക്കുന്നു. സിംഗപ്പൂരിലെ ആഡംബര ജീവിതം ത്യജിച്ചു സാരനിലെ ഗ്രാമീണരുടെ ക്ലേശങ്ങൾ പരിഹരിക്കാനെത്തിയ സ്ഥാനാർഥിയെന്ന നിലയിലാണ് രോഹിണിയുടെ പ്രചാരണം. 10 വർഷമായി എംപിയും കേന്ദ്രമന്ത്രിയുമായിരുന്ന റൂഡി മണ്ഡലത്തിൽ എന്തു മാറ്റം കൊണ്ടു വന്നെന്ന രോഹിണിയുടെ ചോദ്യത്തിനു മുന്നിൽ ബിജെപിക്ക് ഉത്തരംമുട്ടുന്നെന്നാണ് ആർജെഡിയുടെ വാദം.
∙ ലാലുവിന്റെ തട്ടകംലാലു യാദവിന്റെ തട്ടകമായിരുന്ന സാരൻ (2008നു മുൻപു ചപ്ര) തിരിച്ചു പിടിക്കുകയെന്ന ദൗത്യവുമായാണു രോഹിണിയുടെ പടപ്പുറപ്പാട്. നാലു തവണ ലാലുവിനെ ലോക്സഭയിലേക്ക് അയച്ച മണ്ഡലം ഇക്കുറി മകളെയും അനുഗ്രഹിക്കുമോയെന്നു കണ്ടറിയണം. എതിർസ്ഥാനാർഥി രാജീവ് റൂഡിയുടെ രാഷ്ട്രീയ ജീവിതവും സാരൻ കേന്ദ്രീകരിച്ചാണ്. നാലു തവണ റൂഡിയും ഇവിടെ നിന്നു ജയിച്ചു കയറി.
English Summary:
Rohini Acharyas political debut as a star in Saran
jn5upfads8a6cvcaad138gudu 5us8tqa2nb7vtrak5adp6dt14p-list mo-politics-leaders-laluprasadyadav 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-politics-parties-rjd mo-news-national-states-bihar mo-politics-elections-loksabhaelections2024
Source link