ഇൻഡോർ നൽകുന്ന പാഠം: സൂറത്ത് ഒറ്റപ്പെട്ട സംഭവമല്ല
ഇൻഡോർ നൽകുന്ന പാഠം: സൂറത്ത് ഒറ്റപ്പെട്ട സംഭവമല്ല – Surat Model: indore congress candidate joins BJP | Malayalam News, India News | Manorama Online | Manorama News
ഇൻഡോർ നൽകുന്ന പാഠം: സൂറത്ത് ഒറ്റപ്പെട്ട സംഭവമല്ല
മനോരമ ലേഖകൻ
Published: April 30 , 2024 03:05 AM IST
1 minute Read
കൂറുമാറിയ സ്ഥാനാർഥിയുടെ വീടിനു മുന്നിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം
അക്ഷയ് കാന്തി ബം
ന്യൂഡൽഹി ∙ സൂറത്തിൽ കഴിഞ്ഞയാഴ്ച സംഭവിച്ചത് ഒറ്റപ്പെട്ടതല്ലെന്നും കരുതിയിരുന്നില്ലെങ്കിൽ തിരഞ്ഞെടുപ്പു തന്നെ പ്രഹസനമാക്കുന്ന അട്ടിമറികൾ എവിടെയും സംഭവിക്കാമെന്നുമാണ് ഇൻഡോറിലെ സ്ഥാനാർഥിയുടെ കൂറുമാറ്റം കോൺഗ്രസിനു നൽകുന്ന മുന്നറിയിപ്പ്. സൂറത്തിലേതു പോലെ മറ്റു സ്ഥാനാർഥികളെ പിൻവലിപ്പിച്ച് വോട്ടെടുപ്പ് ഒഴിവാക്കുന്ന സാഹചര്യമുണ്ടാകുമോ എന്നാണ് ഇൻഡോറിൽ ഇനി അറിയാനുള്ളത്. ആകെ 33 സ്ഥാനാർഥികളാണ് ഇവിടെ പത്രിക സമർപ്പിച്ചത്. 4 പേരുടേതു തള്ളിപ്പോയി. ബിഎസ്പി സ്ഥാനാർഥി അടക്കം 29 പേരുടേതു സ്വീകരിച്ചു. അവസാനനിമിഷം പത്രിക പിൻവലിച്ചവരുടെ പട്ടിക വന്നിട്ടില്ല. സിറ്റിങ് എംപി ശങ്കർ ലാൽവാനിയാണ് ബിജെപി സ്ഥാനാർഥി.
ബിജെപിയുടെ ശക്തികേന്ദ്രമായ ഇവിടെ വിജയം ഏറെ ദുഷ്കരമായിരുന്നെങ്കിലും യുവനേതാവിനെ രംഗത്തിറക്കി കടുത്ത മത്സരം കാഴ്ചവയ്ക്കാമെന്ന കോൺഗ്രസിന്റെ പ്രതീക്ഷയാണ് സ്ഥാനാർഥി അക്ഷയ് കാന്തി ബമിന്റെ (45) കൂറുമാറ്റത്തോടെ അസ്തമിച്ചത്. പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ തടിച്ചുകൂടിയതോടെ അക്ഷയ്യുടെ വസതിക്കു മുന്നിൽ ഇന്നലെ പൊലീസ് സുരക്ഷ ഏർപ്പെടുത്തി.
അക്ഷയ് ബിജെപിയിൽ ചേർന്ന വിവരം മുതിർന്ന ബിജെപി നേതാവും മധ്യപ്രദേശ് മന്ത്രിയുമായ കൈലാഷ് വിജയ്വർഗിയയാണു പുറത്തുവിട്ടത്. ‘ഇൻഡോറിലെ കോൺഗ്രസ് സ്ഥാനാർഥി അക്ഷയ് കാന്തി ബമിനെ ഞങ്ങൾ ബിജെപിയിലേക്കു സ്വാഗതം ചെയ്യുന്നു’ – അക്ഷയ്ക്കൊപ്പം കാറിലിരിക്കുന്നതിന്റെ ചിത്രം സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ച് വിജയ്വർഗിയ കുറിച്ചു. സ്ഥാനാർഥിത്വത്തിനു കോൺഗ്രസ് ലക്ഷങ്ങൾ ആവശ്യപ്പെട്ടതിലും ദേശീയ നേതാക്കൾ ഇൻഡോറിൽ പ്രചാരണത്തിനെത്താത്തതിലും അക്ഷയ് നിരാശനായിരുന്നുവെന്നാണ് ബിജെപി വക്താവ് ഹിതേഷ് ബാജ്പേയിയുടെ വാദം.
നിയമബിരുദധാരിയായ അക്ഷയ് 10 വർഷം മുൻപാണു കോൺഗ്രസിൽ ചേർന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാൻ ആഗ്രഹിച്ചെങ്കിലും സീറ്റ് ലഭിച്ചില്ല. ഇൻഡോറിലെ പ്രമുഖ നേതാക്കൾ ഈയിടെ ബിജെപിയിൽ ചേർന്നതിനു പിന്നാലെയാണ് ഇക്കുറി അക്ഷയ്ക്കു കോൺഗ്രസ് ടിക്കറ്റ് നൽകിയത്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് 3 കേസുകൾ ഇദ്ദേഹത്തിനെതിരെയുണ്ട്.
∙ ‘ഇതാണ് ഇന്ത്യൻ ജനാധിപത്യം നേരിടുന്ന ഭീഷണി. സ്ഥാനാർഥികളെ ഭീഷണിപ്പെടുത്തി മത്സരരംഗത്തുനിന്നു പിന്മാറാൻ പ്രേരിപ്പിക്കുക, അവർക്കൊപ്പമുള്ളവരെയും വിരട്ടുക… ഇതാണു സംഭവിക്കുന്നത്.’ – സുപ്രിയ ശ്രീനട്ടെ, കോൺഗ്രസ് വക്താവ്
തെലങ്കാനയിൽ ഇങ്ങനെ
ഇൻഡോറിലേതിനു സമാനമായ സംഭവം ഈയിടെ തെലങ്കാനയിലെ വാറങ്കലിലും സംഭവിച്ചിരുന്നു. ബിആർഎസ് അവിടെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്ന കഡിയം കാവ്യ കോൺഗ്രസിൽ ചേർന്നു. പിന്നീട് അവർ ഇതേ സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥിയാകുകയും ചെയ്തു. എന്നാൽ, പത്രിക പിൻവലിക്കുന്ന ദിവസം വരെ കാത്തിരുന്നുള്ള രാഷ്ട്രീയനാടകമല്ലാതിരുന്നതിനാൽ ബിആർഎസിനു വേറെ സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ കഴിഞ്ഞു.
English Summary:
Surat Model: indore congress candidate joins BJP
mo-politics-parties-bjp mo-judiciary-lawndorder-police 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-parties-congress 48s9f7f4c2j7ghjc2fs8t11h40 mo-politics-parties-bsp
Source link