ബിഹാറിൽ ചിഹ്നം നിലനിർത്താൻ സിപിഎമ്മിന്റെ പോരാട്ടം- CPM | Bihar News | India News | Malayala Manorama
സിപിഎം സ്ഥാനാർഥിയുടെ പോസ്റ്ററിൽ കാവിമയം; ചിഹ്നം നിലനിർത്താൻ ബിഹാറിൽ സകല അടവുകളും പയറ്റി പാർട്ടി
വി.വി. ബിനു
Published: April 29 , 2024 08:52 PM IST
1 minute Read
ഹനുമത് ജയന്തി ദിനത്തിൽ ഖഗഡിയ ലോക്സഭാ മണ്ഡലത്തിലെ സിപിഎം സ്ഥാനാർഥി സഞ്ജയ് കുമാറിനായി പുറത്തിറക്കിയ പോസ്റ്റർ.
പട്ന ∙ ബജ്റംഗബലിയുടെ കൃപയിൽ അരിവാൾ ചുറ്റിക നക്ഷത്രത്തിലൊരു വോട്ട്– ഹനുമത് ജയന്തി ദിനത്തിൽ ഖഗഡിയ ലോക്സഭാ മണ്ഡലത്തിലെ സിപിഎം സ്ഥാനാർഥി സഞ്ജയ് കുമാറിനായി പുറത്തിറക്കിയ പോസ്റ്ററിലാകെ കാവിമയം. ഭക്തജനങ്ങളുടെ വിശ്വാസവും വികാരവും ഉൾക്കൊണ്ടാണു ബിഹാറിലെ തിരഞ്ഞെടുപ്പു പ്രവർത്തനം. ചിഹ്നം നിലനിർത്താനുള്ള ജീവന്മരണ പോരാട്ടത്തിൽ സിപിഎം അടവുനയങ്ങളെല്ലാം പുറത്തെടുത്തിട്ടുണ്ട്.
∙ ജാതി കൂട്ടിക്കിഴിച്ചു സിപിഎം
ഖഗഡിയ മണ്ഡലത്തിലെ ജാതി സമവാക്യം അനുകൂലമായതിന്റെ ആശ്വാസത്തിൽ പാർട്ടി ജില്ലാ സെക്രട്ടറി കൂടിയായ സഞ്ജയ് കുമാറിനെ വിജയിപ്പിക്കാൻ ആഞ്ഞു പിടിക്കുകയാണ് ബിഹാർ സഖാക്കൾ. സ്ഥാനാർഥിയുടെ പേര് സമൂഹമാധ്യമങ്ങളിലും ചില മേഖലകളിലും സഞ്ജയ് കുമാർ ഖുശ്വാഹ എന്നു ജാതിവാലിട്ട് എഴുതിയിട്ടുമുണ്ട്. ആ വഴിക്കും നാലു വോട്ടു പോരട്ടേയെന്നാണു പാർട്ടി ലൈൻ. ബിഹാറിൽ ഇന്ത്യാസഖ്യം സിപിഎമ്മിന് അനുവദിച്ച ഏക സീറ്റായ ഖഗഡിയയിൽ മത്സരം പൊടിപാറിക്കുകയാണ് സഖാക്കൾ. ഇരുപതു വർഷത്തിനു ശേഷം ബിഹാറിൽ നിന്നൊരു സിപിഎം അംഗത്തെ ലോക്സഭയിലെത്തിക്കാനുള്ള തത്രപ്പാടിലാണു പാർട്ടി.
∙ വരത്തനെ തുരത്താൻ
ഖഗഡിയ മണ്ഡലത്തിലെ രാഷ്ട്രീയ, സാമൂഹിക ഘടകങ്ങളെല്ലാം പാർട്ടി സ്ഥാനാർഥിക്ക് അനുകൂലമാണെന്നു സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ അവധേഷ് കുമാർ അവകാശപ്പെട്ടു. എൻഡിഎയുടെ എൽജെപി (റാംവിലാസ്) സ്ഥാനാർഥി രാജേഷ് വർമ കാശുകാരനാണെങ്കിലും മണ്ഡലത്തിൽ വരത്തനാണ്. ഭാഗൽപുർ സ്വദേശിയായ രാജേഷ് വർമയ്ക്കു ഖഗഡിയയിൽ വേരുകളില്ല. സ്വർണ വ്യാപാരിയായ രാജേഷിന്റെ സോനാർ സമുദായ വോട്ടുകൾ ഖഗഡിയയിൽ തീരെ കുറവാണെന്നും അവധേഷ് കുമാർ വിശദീകരിച്ചു.
ആർജെഡി പിന്തുണയിലെ യാദവ – മുസ്‍ലിം വോട്ടുകൾക്കു പുറമെ പാർട്ടി സ്ഥാനാർഥിയുടെ ഖുശ്വാഹ വോട്ടുകളും അനുകൂല ഘടകമാണ്. ആർജെഡി നേതാവ് തേജസ്വി യാദവും വികാസ്ശീൽ ഇൻസാൻ പാർട്ടി നേതാവ് മുകേഷ് സാഹ്നിയും ഖഗഡിയയിൽ സിപിഎം സ്ഥാനാർഥിക്കായി വിപുലമായ പ്രചാരണം നടത്തുന്നുണ്ട്. മണ്ഡലത്തിൽ സീറ്റു നിഷേധിക്കപ്പെട്ട എൽജെപി സിറ്റിങ് എംപി മെഹ്ബൂബ് അലി കൈസർ ആർജെഡിയിൽ ചേരുകയും സിപിഎം സ്ഥാനാർഥിക്കായി സജീവമായി പ്രചരണത്തിനിറങ്ങുകയും ചെയ്തതോടെ മുസ്‍ലിം വോട്ടർമാരുടെ പിന്തുണയും ഏറി– അവധേഷ് കുമാർ പ്രതീക്ഷ പ്രകടിപ്പിച്ചു.
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ മണ്ഡലത്തിൽ പ്രചരണത്തിനെത്തിക്കാൻ ശ്രമിക്കുന്നുണ്ട്. ഭാഷാ പ്രശ്നവും കൊടും ചൂടും കാരണം കേരള നേതാക്കളെ ക്ഷണിച്ചിട്ടില്ലെന്നും അവധേഷ് കുമാർ പറഞ്ഞു.
∙ പാരമ്പര്യം തുണ
കമ്യൂണിസ്റ്റ് പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് സഞ്ജയ് കുമാർ സിപിഎം നേതൃത്വത്തിലേക്ക് എത്തിയത്. സഞ്ജയ് കുമാറിന്റെ പിതാവ് യോഗേന്ദ്ര സിങ് ഖഗഡിയ നിയമസഭാ മണ്ഡലത്തിൽ നിന്നു 2000ൽ വിജയിച്ചിരുന്നു. സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന അമ്മാവൻ പ്രഭു നാരായൺ സിങ് ബ്രിട്ടിഷ് പട്ടാളത്തിന്റെ വെടിയേറ്റ് രക്തസാക്ഷിയായി.
58കാരനായ സഞ്ജയ് കുമാർ ‘79ൽ എസ്എഫ്ഐയിൽ ചേർന്നു. പിറ്റേ വർഷം തന്നെ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയംഗമായി ബിഹാറിലെ വിദ്യാർഥി പ്രക്ഷോഭങ്ങൾക്കു നേതൃത്വം നൽകി. 1987–2012 കാലത്ത് ഖഗഡിയയിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി, പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചു. 1984ൽ സിപിഎം അംഗമായ സഞ്ജയ് കുമാർ 2015ൽ പാർട്ടി ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റു.
English Summary:
Controversy over cpm candidate’s poster in Bihar’s Khagaria
mo-politics-parties-cpim 1ndesptulro25ljpri2pgppnfr 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews vv-binu mo-news-national-states-bihar mo-politics-elections-loksabhaelections2024
Source link