കൃഷ്ണനഗറിൽനിന്ന് 2 മണിക്കൂർ യാത്ര ചെയ്താൽ എത്താവുന്ന ബംഗ്ലദേശ് അതിർത്തി ഗ്രാമമായ സാദിപൂരിൽ മഹുവ മൊയ്ത്രയുടെ റോഡ് ഷോ ആരംഭിക്കുമ്പോൾ സമയം പത്തര. പൊള്ളുന്ന വെയിലിനെ അവഗണിച്ച് നൂറുകണക്കിന് ഇരുചക്രവാഹനങ്ങളിലായി ഗ്രാമീണർ റോഡ് ഷോ നടത്താൻ ഒരുങ്ങിനിൽക്കുന്നു. ബംഗാളി താത് സാരിയും സൺഗ്ലാസുമണിഞ്ഞ മഹുവ തുറന്ന ജീപ്പിൽ കയറുമ്പോൾ കൂടെ യാത്ര ചെയ്യാൻ ക്ഷണിച്ചു. ‘എന്റെ വോട്ടർമാരിൽ നല്ലൊരു പങ്ക് കേരളത്തിൽനിന്നുള്ളവരാണ്. നൂറുകണക്കിനു പേരാണ് ഒരു ഗ്രാമത്തിൽനിന്നു തന്നെ കേരളത്തിൽ ജോലിക്കായി പോകുന്നത്’– അവർ പറഞ്ഞു.
പാർലമെന്റിൽ ഭരണപക്ഷത്തെയും പ്രധാനമന്ത്രിയെയും നിർത്തിപ്പൊരിക്കുന്ന മഹുവ മൊയ്ത്രയും മറ്റു താര സ്ഥാനാർഥികളും തമ്മിൽ ഏറെ വ്യത്യാസമുണ്ട്. മറ്റു താര സ്ഥാനാർഥികൾ പ്രാദേശിക നേതാക്കളുടെ നിർദേശപ്രകാരം പ്രചാരണം നടത്തി മടങ്ങുമ്പോൾ കൃഷ്ണനഗറിൽ ബൂത്തുതലം വരെയുള്ള പാർട്ടിയെ നിയന്ത്രിക്കുന്നത് തൃണമൂലിന്റെ നദിയ ജില്ലാ പ്രസിഡന്റ് കൂടിയായ മഹുവ തന്നെയാണ്. കണ്ണിലെ കരടായ മഹുവയെ വീഴ്ത്താൻ കൃഷ്ണനഗർ രാജകുടുംബാംഗമായ രാജമാതാ എന്ന വിളിപ്പേരുള്ള അമൃത റോയിയെയാണ് ബിജെപി നിയോഗിച്ചിരിക്കുന്നത്.
ബംഗാളിൽ ബിജെപിക്ക് വൻകുതിപ്പ് ഉണ്ടാകുമെന്നത് വെറും പ്രചാരണം മാത്രമാണെന്നും അവർ കഷ്ടിച്ച് രണ്ടക്കം കടക്കും എന്നു മാത്രമേയുള്ളുവെന്നും ‘മനോരമ’യോട് മഹുവ പറഞ്ഞു. നൂറുകണക്കിന് സ്ത്രീകളാണ് വഴികളിൽ മഹുവയെ കാണാനായി നിൽക്കുന്നത്. മഹുവയുടെ യാത്രയ്ക്കും ഒരു സ്റ്റൈൽ ഉണ്ട്. കൈയിൽ കരുതിയ ജമന്തിപ്പൂക്കൾ അവർ സ്ത്രീകളുടെ മേൽ വർഷിക്കും. പലേടത്തും സ്ത്രീകൾ ലക്ഷ്മി ഭണ്ഡാർ എന്ന ഐശ്വര്യത്തിന്റെ കുംഭം തിരികെ സമ്മാനിക്കും. ചിലർ കെട്ടിപ്പിടിക്കും.
ലോക്സഭയിൽ ഭരണഘടനാമൂല്യങ്ങൾക്കായി അതിശക്തമായ ഭാഷയിൽ സംസാരിക്കുന്ന മഹുവ മണ്ഡലത്തിലെത്തുമ്പോൾ സംസാരിക്കുന്നത് സംസ്ഥാന സർക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളാണ്. കന്യാശ്രീ, ലക്ഷ്മി ഭണ്ഡാർ, രൂപശ്രീ തുടങ്ങിയ പദ്ധതികൾ ബംഗാളി വനിതകളുടെ ജീവിതം മാറ്റിയിട്ടുണ്ട് എന്നതു വസ്തുതയാണ്.
പോകുന്ന വഴിയിൽ താറാവുകൾ നീന്തുന്ന ഒരു കുളം. അതിനു ചുറ്റും മാലിന്യങ്ങൾ വലിച്ചെറിഞ്ഞിരിക്കുന്നു. ‘കേരളത്തിലെ വൃത്തി ഇവിടെ ഇല്ല എന്നതു സത്യമാണ്. പക്ഷേ ബംഗാൾ ജെന്റർ ന്യൂട്രൽ ആണ്. ഒരു രാഷ്ട്രീയക്കാരിയായിട്ടാണ് എന്നെ ജനം കാണുന്നത്. ഒരു വനിതാ രാഷ്ട്രീയക്കാരിയായിട്ടല്ല’– അവർ പറഞ്ഞു.
ലോക്സഭയിൽ നിന്നു പുറത്താക്കിയ വിവരം വോട്ടർമാരിൽ പകുതിയും അറിഞ്ഞിട്ടുപോലുമില്ലെന്ന് മഹുവ പറയുന്നു. യാത്രയ്ക്കിടയിൽ വീടുകളിൽ നിന്നു പുറത്തുവരുന്ന സ്ത്രീകളെ മഹുവ പേരെടുത്തു വിളിക്കുന്നു. ബിജെപി സ്ഥാനാർഥിക്ക് ഇല്ലാത്തതും താഴെത്തട്ടിലുള്ള ഇത്തരം ബന്ധങ്ങളാണ്.
രാജമാതായുമായുള്ള പോരാട്ടം എങ്ങനെ എന്ന ചോദ്യത്തിന് ഏതു രാജാവിന്റെ മാതാവാണ് ഇവർ എന്നായിരുന്നു മഹുവയുടെ മറുചോദ്യം. പക്ഷേ, കൃഷ്ണനഗറിന്റെ ചരിത്രത്തിൽ മഹാരാജാ കൃഷ്ണചന്ദ്ര റോയിയുടെ രാജവംശത്തിന് പ്രാധാന്യമുണ്ട്. കൃഷ്ണചന്ദ്ര റോയിയുടെ 39-ാം പരമ്പരയിൽപ്പെട്ട സൗമിഷ് ചന്ദ്ര റോയിയുടെ ഭാര്യയാണ് ഫാഷൻ ഡിസൈനറായ അമൃത റോയി. സ്വതന്ത്ര ബംഗാളിന്റെ അവസാനത്തെ നവാബ് ആയിരുന്ന സിറാജ് ഉദ് ദൗളയെ പ്ലാസി യുദ്ധത്തിൽ റോബർട്ട് ക്ലൈവിന്റെ നേതൃത്വത്തിലുള്ള ഈസ്റ്റ് ഇന്ത്യ കമ്പനി തോൽപിച്ച് ഇന്ത്യയിൽ കോളനി ഭരണത്തിന് തുടക്കംകുറിച്ചപ്പോൾ ബ്രിട്ടിഷുകാരുടെ ഒറ്റുകാരനായിരുന്നു കൃഷ്ണനഗർ രാജാവെന്നു തൃണമൂൽ പറയുന്നു. മുസ്ലിം ഭരണാധികാരിക്കെതിരെ സനാതനധർമ സംരക്ഷണം നടത്തിയത് കൃഷ്ണചന്ദ്ര റോയിയാണ് എന്ന പ്രത്യാക്രമണം ബിജെപി നടത്തിയതോടെ മത്സരത്തിന് വർഗീയതയുടെ നിറം വന്നു.
ബംഗ്ലദേശിൽ നിന്നു പലായനം ചെയ്ത മാതുവ സമുദായത്തിന് നിർണായക സ്വാധീനമുള്ള മണ്ഡലം കൂടിയാണ് കൃഷ്ണനഗർ. പൗരത്വ ഭേദഗതി നിയമത്തിന്റെ ഗുണഭോക്താക്കളായ ഇവർ വോട്ടുചെയ്യുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. കഴിഞ്ഞ തവണ 60,000 വോട്ടിനാണ് മഹുവ ജയിച്ചത്.
ഉച്ചനേരമായതോടെ സൂര്യതാപം അതിതീക്ഷ്ണമായി. മഹുവയെപ്പോലുള്ള ഒരാളെ എന്തിന് വെയിലു കൊള്ളാൻ വിടുന്നു? രാജ്യസഭാംഗമാക്കിക്കൂടേ എന്ന ചോദ്യത്തിന് രാജ്യസഭയിൽ പോയാൽ താൻ ചത്തുപോകുമെന്നായിരുന്നു മറുപടി. ‘നഗരത്തിലെ മണ്ഡലം പോലും എനിക്കു താൽപര്യമില്ല. എനിക്കിഷ്ടം ഗ്രാമങ്ങളും ഗ്രാമീണരുമാണ് -ന്യൂയോർക്കിലും ലണ്ടനിലും ഇൻവെസ്റ്റ്മെന്റ് ബാങ്കറായിരുന്ന മഹുവ പറയുന്നു.
പൊള്ളുന്ന വെയിലിൽ, പൊടിനിറഞ്ഞ ഗ്രാമപാതകളിലൂടെ തുറന്ന ജീപ്പിൽ മണിക്കൂറുകളുടെ യാത്ര കഴിയുമ്പോഴും മഹുവ മൊയ്ത്രയ്ക്ക് ‘ആവേശ’ത്തിലെ ഫഹദ് ഫാസിലിന്റെ അതേ എനർജി.
Q. സ്ത്രീകൾക്കെതിരേയുള്ള അക്രമവും സന്ദേശ്ഖലിയും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ സംസ്ഥാന സർക്കാരിനെതിരേ ആക്രമണമഴിച്ചുവിടുകയാണ്. സ്ത്രീവോട്ടർമാർ ഇത്തവണ മമതയെ കൈവിടുമോ?
a ഇവിടെ കൂടി നിൽക്കുന്ന സ്ത്രീകളാണ് ആ ചോദ്യത്തിനുള്ള മറുപടി. സന്ദേശ്ഖലി ഒരു പഞ്ചായത്തിലെ പ്രശ്നം മാത്രമാണ്. അതിനപ്പുറം അതിന് പ്രാധാന്യമില്ല.
Source link