സൂപ്പർമോൻ: നാലാം നിലയിൽനിന്നു താഴേക്കു വീണ 7 മാസം പ്രായമുള്ള കുഞ്ഞിന് അദ്ഭുതരക്ഷ – Miraculous rescue of seven month old baby who fell from fourth floor | Malayalam News, India News | Manorama Online | Manorama Newsനാലാം നിലയിൽനിന്നു താഴേക്കു വീണ 7 മാസം പ്രായമുള്ള കുഞ്ഞിന് അദ്ഭുതരക്ഷ – Miraculous rescue of seven month old baby who fell from fourth floor | Malayalam News, India News | Manorama Online | Manorama News
സൂപ്പർമോൻ: നാലാം നിലയിൽനിന്നു താഴേക്കു വീണ 7 മാസം പ്രായമുള്ള കുഞ്ഞിന് അദ്ഭുതരക്ഷ
മനോരമ ലേഖകൻ
Published: April 29 , 2024 03:06 AM IST
1 minute Read
കൺമണി, അൻപോടെ… ചെന്നൈ ആവഡിക്ക് സമീപം ഫ്ലാറ്റിലെ രക്ഷാപ്രവർത്തനം. 1) പാരപ്പെറ്റിലെ ഷീറ്റിലേക്ക് വീണ കുഞ്ഞ്, താഴെ ആളുകൾ തടിച്ചുകൂടുന്നു. 2) താഴത്തെ നിലയുടെ ജനൽ വഴി കുഞ്ഞിനെ എടുക്കാൻ ആളുകൾ ശ്രമിക്കുന്നു, വീഴുകയാണെങ്കിൽ രക്ഷിക്കാനായി താഴെ കട്ടിയുള്ള ബെഡ്ഷീറ്റ് വിരിച്ചുപിടിക്കുന്നു 3) മുകളിലേക്ക് കയറിയ ഹരിപ്രസാദ് (വെളുത്ത ബനിയൻ) ഒരു കൈകൊണ്ട് കുഞ്ഞിനെ പിടിച്ചെടുക്കുന്നു 4) അതീവ കയ്യടക്കത്തോടെ കുഞ്ഞിനെ താഴേക്ക് പിടിച്ചിറക്കി മറ്റുള്ളവരുടെ പക്കലെത്തിക്കുന്നു.
ചെന്നൈ ∙ ഫ്ലാറ്റിന്റെ നാലാം നിലയിൽനിന്നു താഴേക്കുവീണ 7 മാസം പ്രായമുള്ള കുഞ്ഞ് പോറൽ പോലുമില്ലാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. രണ്ടാംനിലയുടെ പാരപ്പെറ്റിനു മുകളിലെ തകിടിൽ 15 മിനിറ്റിലേറെ തങ്ങിനിന്ന കുഞ്ഞിനെ അയൽക്കാർ ചേർന്നു സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. ആവഡിക്കു സമീപം തിരുമുല്ലവയലിലുള്ള വിജിഎൻ സ്റ്റാഫോഡ് അപ്പാർട്മെന്റ് പി2 ബ്ലോക്കിന്റെ 4–ാം നിലയിലെ ബാൽക്കണിയിൽ ഇന്നലെ ഉച്ചയ്ക്കു ഭക്ഷണം കൊടുക്കുന്നതിനിടെയാണ് അമ്മയുടെ കയ്യിൽനിന്നു കുഞ്ഞു താഴേക്കു വീണത്.
രണ്ടാം നിലയുടെ പാരപ്പെറ്റിലെ തകിടിൽ കുഞ്ഞു വീണുകിടക്കുന്നതുകണ്ട് എതിർവശത്തെ ഫ്ലാറ്റിലുള്ളവർ അലറി വിളിച്ചതോടെ ആളുകൾ ഓടിക്കൂടി. താഴെ ബെഡ് ഷീറ്റ് വിരിച്ചു പിടിച്ചു മുൻകരുതൽ ഒരുക്കി. ഇതിനിടെ ഒന്നാം നിലയിലെ ജനാലപ്പടിയിൽ കയറിയ ഹരിപ്രസാദ് എന്ന യുവാവ് കുഞ്ഞിനെ സുരക്ഷിതമായി കൈകളിൽ എടുത്തു. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നടത്തിയ പരിശോധനയിൽ കുഞ്ഞിനു പരുക്കുകളില്ലെന്നും പൂർണ ആരോഗ്യവാനാണെന്നും ബന്ധുക്കൾ പറഞ്ഞു. പരാതി ലഭിച്ചിട്ടില്ലെന്നും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുമെന്നും ആവഡി പൊലീസ് പറഞ്ഞു.
English Summary:
Miraculous rescue of seven month old baby who fell from fourth floor
mo-news-common-malayalamnews 1833ojt00048hlqc2nt92bttap mo-judiciary-lawndorder-police 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-technology-socialmedia
Source link