അഹമ്മദാബാദ്: ഐപിഎൽ ട്വന്റി 20 ക്രിക്കറ്റിൽ വീണ്ടും ബാറ്റർമാരുടെ അഴിഞ്ഞാട്ടം. വിൽ ജാക്സിന്റെ തകർപ്പൻ സെഞ്ചുറി മികവിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ഒന്‍പത് വിക്കറ്റിന് ഗുജറാത്ത് ടൈറ്റൻസിനെ തോൽപ്പിച്ചു. ഗുജറാത്ത് മുന്നോട്ട് വച്ച 201 റണ്‍സ് വിജയലക്ഷ്യം 16 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടമാക്കി ബംഗളൂരു മറികടന്നു. സ്കോർ: ഗുജറാത്ത് ടൈറ്റൻസ് 20 ഓവറിൽ 200/3. റോയൽ ചലഞ്ചേഴ്സ് ബംഗളൂരു 16 ഓവറിൽ 206/1. വിൽ ജാക്സ് (41 പന്തിൽ 100), വിരാട് കോഹ്ലി (44 പന്തിൽ 70) എന്നിവരുടെ പ്രകടനമാണ് ബംഗളൂരുവിന് അനായാസജയം നൽകിയത്. ക്യാപ്റ്റൻ ഫാഫ് ഡു പ്ലസിയുടെ (12 പന്തിൽ 24) വിക്കറ്റാണ് ബംഗളൂരുവിന് നഷ്ടമായത്. ആദ്യ 17 പന്തിൽ 17 റണ്‍സ് മാത്രമായി തപ്പിതടഞ്ഞ് നിന്ന ജാക്സ് അടുത്ത 24 പന്തുകളിൽനിന്ന് 83 റണ്‍സാണ് അടിച്ചെടുത്തത്. 14.2 ഓവറിൽ 50ലെത്തിയ ജാക്സ് 15.6 ഓവറിൽ സിക്സ് നേടിക്കൊണ്ട് സെഞ്ചുറി തികച്ചു. ഇംഗ്ലീഷ് താരം നേരിട്ട അവസാന 17 പന്തിൽനിന്ന് നാലു ഫോറും ഒന്‍പത് സിക്സുമാണ് പിറന്നത്. പത്ത് ഫോറും അഞ്ചു സിക്സുമാണ് ജാക്സിന്റെ ബാറ്റിൽനിന്ന് ഗ്രൗണ്ടിന്റെ തലങ്ങും വിലങ്ങും പാഞ്ഞത്. ആറു ഫോറും മൂന്നു സിക്സുമാണ് കോഹ്ലി നേടിയത്.
മൂന്നു സിക്സും ഒരു ഫോറുമായി മികച്ച തുടക്കമിട്ട ഡു പ്ലസി പുറത്തായശേഷം ജാക്സ് റണ്‍സ് നേടാൻ ബുദ്ധിമുട്ടിയെങ്കിലും കോഹ്ലി തുടർച്ചയായ സിക്സുകളുമായി അനായാസം കളിച്ചു. 74 പന്തിൽ 166 റണ്‍സാണ് കോഹ്ലി-ജാക്സ് രണ്ടാം വിക്കറ്റ് സഖ്യത്തിൽ പിറന്നത്. ടോസ് നേടിയ ബംഗളൂരു നായകൻ ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നായകന്റെ ഈ തീരുമാനം ശരിവയ്ക്കുന്ന രീതിയിലാണ് ബംഗളൂരു ബൗളർമാർ തുടങ്ങിയത്. ഗുജറാത്ത് സ്കോർ 45ലെത്തിയപ്പോൾ ഓപ്പണർമാരായ വൃദ്ധിമൻ സാഹയെയും (അഞ്ച്), ശുഭ്മാൻ ഗില്ലിനെയും (16) നഷ്ടമായി. എന്നാൽ ഷാരൂഖ് ഖാൻ-സായ് സുദർശൻ മൂന്നാം വിക്കറ്റ് സഖ്യം പിടിമുറുക്കിയതോടെ ഗുജറാത്ത് അനായാസം സ്കോർ ചെയ്തു. 30 പന്തിൽ 58 റണ്‍സ് നേടിയ ഷാരൂഖ് ഖാനെ മുഹമ്മദ് സിറാജ് ക്ലീൻബൗൾഡാക്കി. മൂന്നു ഫോറും ആറ് സിക്സുമാണ് നേടിയത്. സുദർശനൊപ്പം ഡേവിഡ് മില്ലറെത്തിയതോടെ സ്കോർ ഉയർന്നു തുടങ്ങി. ഇരുവരും 69 റണ്‍സിന്റെ തകരാത്ത കൂട്ടുകെട്ടാണ് സ്ഥാപിച്ചത്. 49 പന്തിൽ എട്ട് ഫോറും നാലു സിക്സുമായി 84 റണ്‍സ് നേടി. മില്ലർ 19 പന്തിൽ 26 റണ്‍സും.
Source link