‘സാമുദായിക വികാരം മോദി ആളിക്കത്തിക്കുന്നു’; രാഹുലിന്റെ പ്രസ്താവനകൾ വളച്ചൊടിക്കുന്നതായി കോൺഗ്രസ്

രാഹുൽ ഗാന്ധിയുടെ പ്രസ്താവനകൾ വളച്ചൊടിക്കുന്നതായി കോൺഗ്രസ് | Congress against PM Narendra Modi | National News | Malayalam News | Manorama News
‘സാമുദായിക വികാരം മോദി ആളിക്കത്തിക്കുന്നു’; രാഹുലിന്റെ പ്രസ്താവനകൾ വളച്ചൊടിക്കുന്നതായി കോൺഗ്രസ്
ഓൺലൈൻ ഡെസ്ക്
Published: April 28 , 2024 11:00 PM IST
1 minute Read
നരേന്ദ്ര മോദി (Photo – PIB), രാഹുൽ ഗാന്ധി (Photo: X/@RahulGandhi)
ന്യൂഡൽഹി/ബെംഗളൂരു∙ സാമുദായിക വികാരം ആളിക്കത്തിക്കുന്നതിനായി രാഹുൽ ഗാന്ധിയുടെ ഓരോ പ്രസ്താവനയും പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരുദ്ദേശ്യത്തോടെ വളച്ചൊടിക്കുന്നെന്ന ആരോപണവുമായി കോൺഗ്രസ്. നരേന്ദ്ര മോദിയെ ജനം പുറത്താക്കുമെന്ന് ഉറപ്പാണെന്ന് കോൺഗ്രസ് മാധ്യമവിഭാഗം മേധാവി ജയറാം രമേശ് പറഞ്ഞു. അത് അദ്ദേഹത്തെ കൂടുതൽ നിരാശനാക്കുന്നു. അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നടത്തുന്ന പ്രസംഗങ്ങൾ ശരിക്കും ലജ്ജാകരമാണെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി. ഒട്ടേറെ ക്ഷേത്രങ്ങൾ തകർത്ത മുഗൾ ഭരണാധികാരിയ ഔറംഗസീബിനെ മഹത്വവൽക്കരിക്കുന്ന പാർട്ടികളുമായി കോൺഗ്രസ് സഖ്യം ചേരുകയാണെന്ന് നരേന്ദ്രമോദി പറഞ്ഞിരുന്നു. ഇതിനായിരുന്നു കോൺഗ്രസിന്റെ മറുപടി. കർണാടകയിലെ ബെളഗാവിയിലായിരുന്നു മോദിയുടെ പ്രസംഗം.
ഛത്രപതി ശിവാജി, റാണി ചെന്നമ്മ തുടങ്ങിയവരെ അപമാനിക്കുന്ന കോൺഗ്രസിന്റെ രാജകുമാരൻ നവാബുമാരും നിസാമുമാരും സുൽത്താൻമാരും ബാദുഷാമാരും ചെയ്ത ക്രൂരതകളെക്കുറിച്ച് മിണ്ടുന്നില്ലെന്ന് രാഹുൽ ഗാന്ധിയെ ഉന്നമിട്ട് മോദി പറഞ്ഞു. ഇന്ത്യയിലെ രാജാക്കന്മാർ ക്രൂരന്മാരായിരുന്നുവെന്ന് കോൺഗ്രസിലെ രാജകുമാരൻ പറയുന്നു. അവർ പാവപ്പെട്ടവരുടെ സ്വത്തുക്കൾ തന്നിഷ്ടം പോലെ തട്ടിയെടുത്തെന്നാണ് വിമർശനം.
ഛത്രപതി ശിവാജി, റാണി ചെന്നമ്മ തുടങ്ങിയ മഹത് വ്യക്തിത്വങ്ങളെ കോൺഗ്രസിന്റെ രാജകുമാരൻ അപമാനിച്ചു. അവരുടെ സദ്ഭരണവും രാജ്യസ്നേഹവും ഇപ്പോഴും നമ്മെ പ്രചോദിപ്പിക്കുന്നെന്ന് ഓർക്കണം. നാമെല്ലാം അഭിമാനത്തോടെ നോക്കിക്കാണുന്ന മൈസൂരു രാജകുടുംബത്തിന്റെ സംഭാവനകളെ കുറിച്ച് കോൺഗ്രസിന്റെ രാജകുമാരന് അറിയില്ലേ? ചില പ്രത്യേക വോട്ടുബാങ്കുകളെ പ്രീതിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ഈ രാജകുമാരൻ ആലോചിച്ച് നടത്തിയ പ്രസ്താവനകളാണ് ഇതെല്ലാമെന്നും മോദി കുറ്റപ്പെടുത്തി.
‘‘നവാബുമാരും നിസാമുമാരും സുൽത്താൻമാരും ബാദുഷാമാരും ചെയ്ത ക്രൂരതകളെക്കുറിച്ച് അദ്ദേഹം ഒരക്ഷരം മിണ്ടുന്നില്ല. ആയിരക്കണക്കിന് ക്ഷേത്രങ്ങൾ തകർത്ത ഔറംഗസീബിന്റെ ക്രൂരതകൾ കോൺഗ്രസ് വിസ്മരിക്കുകയാണ്. ഔറംഗസീബിനെ മഹത്വവൽക്കരിക്കുന്ന പാർട്ടികളുമായി കോൺഗ്രസ് സഖ്യം സ്ഥാപിക്കുന്നു. നമ്മുടെ തീർഥാടന കേന്ദ്രങ്ങൾ നശിപ്പിച്ച, അവ കൊള്ളയടിച്ച, നമ്മുടെ ആളുകളെ കൊലപ്പെടുത്തിയ, പശുക്കളെ കൊന്ന ആളുകളെക്കുറിച്ച് അവർ മൗനം പാലിക്കുന്നു’’ – നരേന്ദ്ര മോദി പറഞ്ഞു.
English Summary:
Congress against PM Narendra Modi
6mmpimusq3992vn64d9u8vrjq8 mo-politics-leaders-rahulgandhi 5us8tqa2nb7vtrak5adp6dt14p-list mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-politics-parties-congress mo-politics-leaders-narendramodi
Source link