‘പ്രജ്വൽ പലതവണ പീഡിപ്പിച്ചു’: പരാതിയുമായി യുവതി; എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനെതിരെ കേസെടുത്ത് പൊലീസ്

‘പ്രജ്വൽ പലതവണ പീഡിപ്പിച്ചു’: പരാതിയുമായി യുവതി; എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനെതിരെ കേസെടുത്ത് പൊലീസ് – Prajwal Revanna | National News
‘പ്രജ്വൽ പലതവണ പീഡിപ്പിച്ചു’: പരാതിയുമായി യുവതി; എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനെതിരെ കേസെടുത്ത് പൊലീസ്
ഓൺലൈൻ ഡെസ്ക്
Published: April 28 , 2024 08:23 PM IST
Updated: April 28, 2024 08:34 PM IST
1 minute Read
പ്രജ്വൽ രേവണ്ണ (Photo: X/ @Sydusm)
ബെംഗളൂരു ∙ ജെഡിഎസ് അധ്യക്ഷൻ എച്ച്.ഡി.ദേവഗൗഡയുടെ ചെറുമകനും ഹാസനിലെ ജെഡിഎസ് സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണ ലൈംഗികാതിക്രമത്തിന് കേസ്. 2019 മുതൽ 2022 വരെ പ്രജ്വൽ പലതവണ പീഡിപ്പിച്ചെന്നുള്ള യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഹാസൻ ജില്ലയിലെ ഹൊലെനരാസിപുർ പൊലീസ് സ്റ്റേഷനിലാണ് സിറ്റിങ് എംപി കൂടിയായ പ്രജ്വലിനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തത്. സമൂഹമാധ്യമത്തിൽ പ്രജ്വലിന്റേതെന്ന പേരിൽ അശ്ലീല വിഡിയോകൾ പ്രചരിച്ചതിനു പിന്നാലെയാണ് പീഡനപരാതിയുമായി യുവതി രംഗത്തെത്തുന്നത്. കൂടുതൽ സ്ത്രീകൾ പരാതിയുമായി വന്നേക്കുമെന്ന് സൂചനയുണ്ട്.
അശ്ലീല വിഡിയോകൾ പ്രചരിച്ചതിനു പിന്നാലെ പ്രജ്വൽ ജര്‍മനിയിലേക്ക് കടന്നതായാണ് വിവരം. പുറത്തുവന്ന വിഡിയോയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിട്ടുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് അന്വേഷണ സംഘത്തിന് രൂപം നൽകിയത്. നിലവിൽ ലഭിച്ച പരാതി പ്രത്യേക സംഘത്തിന് കൈമാറും. സംഭവത്തിൽ നടപടി വേണമെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് പ്രത്യേക സംഘത്തെ നിയമിച്ചത്.
കഴിഞ്ഞ സെപ്റ്റംബറിൽ കർണാടകയിൽ ജെഡിഎസ് എൻഡിഎയുടെ സഖ്യകക്ഷിയായി ചേർന്നിരുന്നു. പ്രജ്വലിനെതിരായ ലൈംഗികാരോപണത്തിൽ ഒന്നും പറയാനില്ലെന്ന നിലപാടാണ് ബിജെപി സ്വീകരിച്ചത്. പ്രചരിക്കുന്ന വിഡിയോ ദൃശ്യത്തെ കുറിച്ചോ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച അന്വേഷണത്തിലോ പാർട്ടിക്ക് ഒന്നും ചെയ്യാനില്ലെന്നാണ് സംസ്ഥാന ബിജെപി വക്താവ് എസ്.പ്രകാശ് പ്രതികരിച്ചത്. വെള്ളിയാഴ്ച നടന്ന രണ്ടാംഘട്ട വോട്ടെടുപ്പിലാണ് ഹാസനിൽ പോളിങ് നടന്നത്. ഇതിനു രണ്ടുദിവസം മുൻപാണ് പ്രജ്വലിന്റേതെന്ന പേരിൽ വിഡിയോ പുറത്തുവന്നത്.
വോട്ടെടുപ്പിനു പിറ്റേന്ന്, 27നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാൽ ഇതിനു തൊട്ടുമുൻപ് പ്രജ്വൽ രാജ്യം വിട്ടതായാണ് റിപ്പോർട്ട്. ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്കാണ് പ്രജ്വൽ പോയതെന്നാണ് സൂചന. ഇക്കാര്യം ജെഡിഎസ് സ്ഥിരീകരിക്കുകയോ തള്ളുകയോ ചെയ്തിട്ടില്ല. വിഡിയോ വ്യാജമാണെന്ന് ചൂണ്ടിക്കാണിച്ച് പ്രജ്വലിന്റെ പോളിങ് ഏജന്റ് പൊലീസിൽ പരാതി നൽകി. 2019 ലോക്സഭാ തിരഞ്ഞെടുപ്പിലാണ് പ്രജ്വൽ ഹാസനിൽനിന്നു വിജയിച്ചത്. 2004 മുതൽ 2019 വരെ എച്ച്.ഡി.ദേവഗൗഡയുടെ മണ്ഡലമായിരുന്നു ഇത്.
English Summary:
Sex Harassment Case Filed Against Deve Gowda’s Grandson Prajwal Revanna Amid Video Scandal
kqvjhlui438n5spj3l7l8566r 5us8tqa2nb7vtrak5adp6dt14p-list mo-politics-parties-jds 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-national-states-karnataka mo-crime-crime-news
Source link