പലസ്തീൻ അനുകൂല പ്രതിഷേധം;യുഎസിൽ ഇന്ത്യൻ വംശജയായ വിദ്യാർഥിനി അറസ്റ്റിൽ
ന്യൂയോർക്ക്: പലസ്തീൻ അനുകൂല പ്രതിഷേധം നടത്തിയ ഇന്ത്യൻ വംശജയായ വിദ്യാർഥിനി യുഎസിൽ അറസ്റ്റിൽ. വിഖ്യാതമായ പ്രിൻസ്റ്റൺ സർവകലാശാല വിദ്യാർഥിനിയായ കോയമ്പത്തൂർ സ്വദേശിനി അചിന്ത്യ ശിവലിംഗനാണ് അറസ്റ്റിലായത്. അചിന്ത്യക്കൊപ്പം മറ്റ് രണ്ട് വിദ്യാർഥികൾകൂടി അറസ്റ്റിലായിട്ടുണ്ട്. അച്ചടക്കനടപടിയുടെ ഭാഗമായി അചിന്ത്യയെ കാമ്പസിൽനിന്നു സസ്പെൻഡും ചെയ്തു. കാമ്പസിനുള്ളിൽ പലസ്തീൻ അനുകൂല പ്രതിഷേധം സംഘടിപ്പിച്ചതിനാണു നടപടി. വ്യാഴാഴ്ച രാവിലെ അധികൃതരുടെ മുന്നറിയിപ്പ് അവഗണിച്ചാണ് അചിന്ത്യ അടക്കമുള്ള വിദ്യാർഥികൾ യൂണിവേഴ്സിറ്റി കാമ്പസിൽ പ്രതിഷേധ ക്യാമ്പ് സംഘടിപ്പിച്ചത്. തുടക്കത്തിൽ 110 പേരാണ് സമരത്തിൽ പങ്കെടുത്തിരുന്നത്. എന്നാൽ, അറസ്റ്റിന് പിന്നാലെ പ്രതിഷേധക്കാരുടെ എണ്ണം 300 ആയി ഉയർന്നു. ബിരുദ വിദ്യാർഥികളായ അചിന്ത്യയും ഹസൻ സെയ്ദുമാണ് ആദ്യം അറസ്റ്റിലായത്. കുത്തിയിരിപ്പ് സമരത്തിനായി ടെന്റുകൾ സ്ഥാപിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു അറസ്റ്റ്. വിദ്യാർഥികൾക്കു മുന്നറിയിപ്പ് നൽകിയതിനു ശേഷമാണ് അറസ്റ്റ് ചെയ്തതെന്ന് സർവകലാശാല അധികൃതർ അറിയിച്ചു.
ഇസ്രയേലിനെതിരേ യുഎസ് സർവകലാശാലകളിൽ വിദ്യാർഥി പ്രതിഷേധം ശക്തമാകുകയാണ്. ഗാസയിലെ വംശഹത്യ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണു വിദ്യാർഥികൾ കാമ്പസുകളെ സമരകേന്ദ്രങ്ങളാക്കുന്നത്. പലസ്തീൻ അനുകൂല പ്രക്ഷോഭകരെ കാമ്പസിൽനിന്നു പുറത്താക്കാൻ ന്യൂയോർക്ക് പോലീസിനെ നിയോഗിക്കാൻ അടുത്തിടെ കൊളംബിയ സർവകലാശാല തീരുമാനിച്ചിരുന്നു. ഇതിനെതിരായുള്ള പ്രതിഷേധമാണ് ആദ്യം ന്യൂയോർക്ക് സിറ്റിയിലും പിന്നീട് യുഎസിലാകെയും വിദ്യാർഥിസമരങ്ങൾക്ക് ഇന്ധനം പകർന്നത്.
Source link