കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോളിൽ കേരളത്തിന്റെ ഏകസാന്നിധ്യമായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് ചരിത്ര നേട്ടങ്ങൾ നിരവധി സമ്മാനിച്ച സെർബിയൻ പരിശീലകൻ ഇവാൻ വുകോമനോവിച്ച് ക്ലബ് വിട്ടു. വുകോമനോവിച്ചുമായി പരസ്പരധാരണയാൽ വഴിപിരിഞ്ഞതായി കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി അറിയിച്ചു. ഐഎസ്എല്ലിൽ 2023-24 സീസണിൽ സെമി കാണാതെ പുറത്തായതിന് പിന്നാലെയാണ് വുകോമനോവിച്ചുമായി ബ്ലാസ്റ്റേഴ്സ് വഴിപിരിഞ്ഞത്. 2025വരെ കരാർ നിലനിൽക്കേയാണ് ഇവാൻ വുകോമനോവിച്ചുമായുള്ള ബന്ധം ബ്ലാസ്റ്റേഴ്സ് വേർപെടുത്തിയത് എന്നതാണ് ശ്രദ്ധേയം. മൂന്ന് സീസണിലും ബ്ലാസ്റ്റേഴ്സിനെ ഒരു കിരീടത്തിൽപോലും എത്തിക്കാൻ ഇവാനു സാധിക്കാത്തതാണ് തീരുമാനത്തിനു പിന്നിൽ. 2023-24 സീസണിൽ ഒരുഘട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തായിരുന്നു. പിന്നീട് നിരന്തരം തോൽവി വഴങ്ങി ടേബിളിൽ അഞ്ചാം സ്ഥാനത്തേക്ക് പതിച്ചു. വുകോമനോവിച്ച് ഇവാൻ വുകോമനോവിച്ചിന്റെ ശിക്ഷണത്തിൽ ബ്ലാസ്റ്റേഴ്സ് മത്സരം: 76 ജയം: 33 സമനില: 14 തോൽവി: 29 വഴങ്ങിയ ഗോൾ: 105 അടിച്ച ഗോൾ: 115 ഗോൾ വ്യത്യാസം: +10 വിജയ ശതമാനം: 43.42 വിജയ ശതമാനത്തിൽ ഒന്നാമൻ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിജയശതമാനമുള്ള പരിശീലകനാണ് നാൽപ്പത്താറുകാരനായ ഇവാൻ വുകോമനോവിച്ച്. 43.42 ശതമാനമാണ് ഇവാന്റെ ശിക്ഷണത്തിൽ ബ്ലാസ്റ്റേഴ്സിന്റെ വിജയം. ബ്ലാസ്റ്റേഴ്സ് ആരാധകർ ആശാൻ എന്ന് വിശേഷിപ്പിച്ച രണ്ടാമത്തെ മാത്രം പരിശീലകനായിരുന്നു ഇവാൻ എന്നതും ശ്രദ്ധേയം. 2016 സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായിരുന്ന സ്റ്റീവ് കോപ്പലായിരുന്നു ആശാൻ എന്ന വിളിപ്പേര് ആദ്യം സ്വന്തമാക്കിയത്. കോപ്പലും ഇവാനും ബ്ലാസ്റ്റേഴ്സിനെ ഐഎസ്എൽ ഫൈനലിൽ എത്തിച്ച പരിശീലകരാണെന്നതും ശ്രദ്ധേയം. 41.18 ആയിരുന്നു കോപ്പലിന്റെ ശിക്ഷണത്തിൽ ബ്ലാസ്റ്റേഴ്സിന്റെ വിജയ ശതമാനം. രണ്ടാം ആശാൻ 2021 ജൂണിലാണ് വുകോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യപരിശീലകനായി ചുമതലയേൽക്കുന്നത്. ആദ്യ സീസണിൽത്തന്നെ ടീമിനെ ഫൈനലിൽ എത്തിച്ചു. അതോടെ ആശാൻ എന്ന വിളിപ്പേര് വുകോമനോവിച്ചിന് ആരാധകർ സമ്മാനിച്ചു. 2016ൽ ബ്ലാസ്റ്റേഴ്സിനെ ഫൈനലിൽ എത്തിച്ച സ്റ്റീവ് കോപ്പലിനുശേഷം ആശാൻ എന്ന വിളിപ്പേര് ലഭിച്ച പരിശീലകനാണ് വുകോമനോവിച്ച്.
2021-22 സീസണിൽ ഫൈനലിൽ തോറ്റെങ്കിലും 2016ന് ശേഷം മികച്ച പ്രകടനമായിരുന്നു ടീം നടത്തിയത്. 2021-22 സീസണിൽ ക്ലബ്ബിന്റെ ചരിത്രത്തിൽ ഒരു സീസണിലെ ഉയർന്ന പോയിന്റ്, ഏറ്റവും കൂടുതൽ ഗോൾ, തോൽവി അറിയാതെ തുടർച്ചയായി കൂടുതൽ മത്സരങ്ങൾ തുടങ്ങിയ നേട്ടങ്ങൾ ഇവാന്റെ ശിക്ഷണത്തിൽ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. 2022-23, 2023-24 സീസണുകളിൽ പ്ലേ ഓഫ് എലിമിനേറ്ററിൽ തോറ്റാണ് ബ്ലാസ്റ്റേഴ്സ് പുറത്തായത്. സൈപ്രസ് ക്ലബ്ബായ അപ്പോല്ലോണ് ലിമാസോളിൽ നിന്നായിരുന്നു വുകോമനോവിച്ച് ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയത്. 2013ൽ ബെൽജിയൻ ക്ലബ്ബായ സ്റ്റാൻഡേർഡ് ലിഗയുടെ സഹപരിശീലകനായാണ് വുകോമനോവിച്ചിന്റെ കോച്ചിംഗ് കരിയറിന്റെ തുടക്കം. ടീമിന്റെ വളർച്ചയ്ക്കായി കഴിഞ്ഞ മൂന്ന് വർഷം ഇവാൻ വുകോമനോവിച്ച് ഒരുപാട് സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്സ് സ്പോർട്ടിംഗ് ഡയറക്ടർ കരോളിസ് സ്കിൻകിസ് പറഞ്ഞു. ഒരുമിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും പ്രയാസകരമായ തീരുമാനങ്ങളിൽ ഒന്നാണെന്നാണ് ഇവാനുമായുള്ള വഴിപിരിയലിനെ ബ്ലാസ്റ്റേഴ്സ് ഡയറക്ടർ നിഖിൽ ബി. നിമ്മഗദ്ദ വിശേഷിപ്പിച്ചത്. വുകോമനോവിച്ച് വരുത്തിവച്ചത് കോടികളുടെ നഷ്ടം ഐഎസ്എൽ 2022-23 സീസണിൽ പ്ലേ ഓഫ് എലിമിനേറ്ററിൽ ക്വിക്ക് ഫ്രീകിക്ക് ഗോൾ അനുവദിച്ചതിനെതിരേ നടത്തിയ പ്രതിഷേധത്തിലൂടെ ഇവാൻ വുകോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്സിന് വൻ സാന്പത്തിക ബാധ്യതയാണ് വരുത്തുവച്ചത് എന്നതും ചരിത്രം. മത്സരം ഉപേക്ഷിച്ച് മൈതാനം വിട്ട കുറ്റത്തിന് ഇവാൻ വുകോമനോവിച്ചിനും കേരള ബ്ലാസ്റ്റേഴ്സിനും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) പിഴ ചുമത്തി. ബ്ലാസ്റ്റേഴ്സ് നാല് കോടി രൂപയും ഇവാൻ വുകോമനോവിച്ചിന് അഞ്ച് ലക്ഷം രൂപയുമായിരുന്നു പിഴ ശിക്ഷ. കൂടാതെ ഇവാൻ വുകോമനോവിച്ചിന് 10 മത്സരങ്ങളിൽ വിലക്കും ഏർപ്പെടുത്തി. കേരള ബ്ലാസ്റ്റേഴ്സ് രാജ്യാന്തര കായിക തർക്ക പരിഹാര കോടതിയിൽവരെ അപ്പീൽ നൽകിയെങ്കിലും അനുകൂല വിധി നേടിയെടുക്കാൻ സാധിച്ചില്ല.
Source link