‘പ്രധാനമന്ത്രി പദത്തിന്റെ അന്തസ്സ് കളയരുത്’: മോദിയോട് മല്ലികാർജുൻ ഖർഗെ
ന്യൂഡൽഹി ∙ കോൺഗ്രസ് അധികാരത്തിലേറിയാൽ ജനങ്ങളുടെ സ്വത്തുക്കൾ പിടിച്ചെടുത്ത് വീതംവയ്ക്കുമെന്ന ആരോപണത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കോൺഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതിനു മോദിയുമായി കൂടിക്കാഴ്ച നടത്താൻ സന്തോഷമേയുള്ളൂവെന്ന് ഖർഗെ പറഞ്ഞു. അങ്ങനെയെങ്കിലും പ്രധാനമന്ത്രി തെറ്റായ പരാമർശങ്ങൾ നടത്തുന്നത് നിർത്തുമല്ലോയെന്നും അദ്ദേഹം പറഞ്ഞു.
കത്തിൽ നിന്ന്: ‘കഴിഞ്ഞ ഏതാനും ദിവസമായി നടത്തുന്ന പ്രസംഗങ്ങളിൽ താങ്കൾ ഉപയോഗിക്കുന്ന ഭാഷയിൽ എനിക്ക് അദ്ഭുതമോ ഞെട്ടലോ ഇല്ല. ആദ്യഘട്ട തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മോശം പ്രകടനത്തിനു ശേഷം താങ്കളും ബിജെപിയിലെ മറ്റു നേതാക്കളും ഈ രീതിയിൽ സംസാരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.
സന്ദർഭത്തിൽ നിന്ന് ഏതാനും വാക്കുകൾ അടർത്തിയെടുത്ത് വർഗീയ വേർതിരിവ് സൃഷ്ടിക്കുന്നത് താങ്കൾ ശീലമാക്കിയിരിക്കുകയാണ്. ഇത്തരത്തിൽ സംസാരിക്കുന്നതിലൂടെ താങ്കളുടെ പദവിയുടെ പെരുമയെ ഇടിച്ചുതാഴ്ത്തുകയാണ്. തിരഞ്ഞെടുപ്പ് തോൽക്കുമെന്ന ഭയത്തിൽ പ്രധാനമന്ത്രി ഇത്തരം മോശം ഭാഷ ഉപയോഗിച്ചുവെന്ന് എല്ലാം അവസാനിക്കുമ്പോൾ ജനം ഓർക്കും. നിർധനരും പിന്നാക്ക വിഭാഗക്കാരും നേരിടുന്ന ദുരിതങ്ങൾ താങ്കളും സർക്കാരും തുടർച്ചയായി അവഗണിച്ചു.
ഇപ്പോൾ താങ്കൾ താലിമാലയെക്കുറിച്ചു സംസാരിക്കുന്നു. മണിപ്പുരിലെ സ്ത്രീകളും ദലിത് പെൺകുട്ടികളും അതിക്രമങ്ങൾ നേരിട്ടതിനും സ്ത്രീപീഡകരെ ഹാരമണിയിച്ച് സ്വീകരിച്ചതിലും താങ്കളുടെ സർക്കാരും ഉത്തരവാദിയല്ലേ? കർഷകർ ജീവനൊടുക്കുമ്പോൾ അവരുടെ ഭാര്യമാരെയും കുട്ടികളെയും എങ്ങനെയാണു സംരക്ഷിക്കുന്നത്? ഖർഗെ ചോദിച്ചു.
‘സർക്കാർ കോർപറേറ്റുകൾക്ക് വേണ്ടി’
വൻകിട കോർപറേറ്റുകൾക്കു വേണ്ടിയാണു താങ്കളുടെ സർക്കാർ പ്രവർത്തിക്കുന്നതെന്നു മോദിക്കയച്ച കത്തിൽ ഖർഗെ കുറ്റപ്പെടുത്തി. നിർധനരെ ശാക്തീകരിക്കാനാണ് കോൺഗ്രസ് എന്നും പ്രവർത്തിച്ചത്’– ഖർഗെ പറഞ്ഞു.
ഈ പോരാട്ടം ജനാധിപത്യം സംരക്ഷിക്കാൻ: രാഹുൽ ഗാന്ധി
ന്യൂഡൽഹി ∙ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനുള്ള തിരഞ്ഞെടുപ്പാണു നടക്കുന്നതെന്നു രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന്റെ തലേന്ന് പുറത്തിറക്കിയ വിഡിയോ സന്ദേശത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. കോൺഗ്രസിനു വോട്ട് ചെയ്യാൻ അദ്ദേഹം ആഹ്വാനം ചെയ്തു. ജനാധിപത്യത്തെ തകർക്കാൻ ശ്രമിക്കുന്ന ബിജെപിക്കും ആർഎസ്എസിനുമെതിരെയാണ് കോൺഗ്രസ് ഉൾപ്പെട്ട ഇന്ത്യാസഖ്യം പോരാടുന്നത്. കന്യാകുമാരി മുതൽ കശ്മീർ വരെയും മണിപ്പുർ മുതൽ മഹാരാഷ്ട്ര വരെയും സഞ്ചരിച്ച് ജനങ്ങൾക്കു പറയാനുള്ളത് കേട്ടാണു കോൺഗ്രസ് പ്രകടനപത്രിക തയാറാക്കിയത്. സ്ത്രീകൾ, കർഷകർ, തൊഴിലാളികൾ, യുവാക്കൾ അടക്കമുള്ളവർക്കു ഗാരന്റി നൽകുന്ന വിപ്ലവകരമായ പ്രകടനപത്രികയാണത്–രാഹുൽ പറഞ്ഞു.
മോദി താലിമാലയെ ബഹുമാനിക്കാത്തയാൾ: ജയറാം രമേശ്
ന്യൂഡൽഹി ∙ ജീവിതത്തിലൊരിക്കൽ പോലും താലിമാലയെ ബഹുമാനിക്കാത്തയാളാണ് അതിനെക്കുറിച്ച് സംസാരിക്കുന്നതെന്ന് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. കോൺഗ്രസ് അധികാരത്തിലേറിയാൽ സ്ത്രീകളുടെ താലിമാല പോലും സുരക്ഷിതമായിരിക്കില്ലെന്ന് ആരോപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സൂചിപ്പിച്ചായിരുന്നു ജയറാമിന്റെ പരാമർശം.
കോൺഗ്രസ് പ്രകടനപത്രികയ്ക്ക് വർഗീയനിറം നൽകി തിരഞ്ഞെടുപ്പ് പ്രചാരണത്തെ മറ്റൊരു ദിശയിൽ നയിക്കാനാണു മോദിയുടെ ശ്രമം. ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾ കോൺഗ്രസ് ഉയർത്തിക്കാട്ടും. 400 സീറ്റുറപ്പ്, മോദി കീ ഗാരന്റി തുടങ്ങിയ ആഹ്വാനങ്ങൾ ഇപ്പോൾ പ്രധാനമന്ത്രി നടത്തുന്നില്ല. മറിച്ച്, അദ്ദേഹം വിദ്വേഷത്തിന്റെ ഭാഷ ഉപയോഗിക്കുന്നു – ജയറാം കുറ്റപ്പെടുത്തി.
ബിജെപിയുടെ കളത്തിൽ കളിക്കാൻ കോൺഗ്രസില്ല
ബിജെപി തയാറാക്കിയ കളത്തിൽ കോൺഗ്രസ് കളിക്കില്ലെന്നു ജയറാം രമേശ് വ്യക്തമാക്കി. മറിച്ച്, തൊഴിലില്ലായ്മ, വിലക്കയറ്റം അടക്കമുള്ള വിഷയങ്ങളുയർത്തിയായിരിക്കും കോൺഗ്രസിന്റെ പോരാട്ടം– അദ്ദേഹം പറഞ്ഞു.
ആ പ്രസംഗങ്ങൾ ഇങ്ങനെ: തിരഞ്ഞെടുപ്പു കമ്മിഷൻ വിശദീകരണം തേടിയ ആ വിവാദ പ്രസംഗങ്ങളിലെ വരികൾ ഇതാ
പ്രധാനമന്ത്രി രാജസ്ഥാനിലെ ബൻസ്വാഡയിൽ പറഞ്ഞത്
അവരുടെ സർക്കാരുണ്ടായിരുന്നപ്പോൾ രാജ്യത്തിന്റെ സമ്പത്തിൽ ആദ്യ അധികാരം മുസ്ലിംകൾക്ക് ആണെന്നു പറഞ്ഞിരുന്നു. അതിനർഥം, ഈ സമ്പത്ത് പിടിച്ചെടുത്ത് ആർക്കു നൽകുമെന്നാണ്? ആർക്കാണോ കൂടുതൽ കുട്ടികളുളളത്, അവർക്കു നൽകും. നുഴഞ്ഞു കയറ്റക്കാർക്കു നൽകും. നിങ്ങളുടെ അധ്വാനത്തിന്റെ ഫലം നുഴഞ്ഞു കയറ്റക്കാർക്ക് കൊടുക്കണോ? നിങ്ങൾ അംഗീകരിക്കുന്നുവോ? ഈ കോൺഗ്രസ് പ്രകടന പത്രികയിൽ അമ്മ പെങ്ങന്മാരുടെ സ്വർണത്തിന്റെ കണക്കെടുത്ത് വിതരണം ചെയ്യുമെന്നു പറയുന്നു. മുസ്ലിങ്ങൾക്കാണു സമ്പത്തിൽ അധികാരമെന്നു മൻമോഹൻ സിങ്ജിയുടെ സർക്കാർ പറഞ്ഞത് പ്രകാരം വിതരണം ചെയ്യും. ഈ അർബൻ നക്സൽ ചിന്താഗതി അമ്മ പെങ്ങന്മാരുടെ കെട്ടുതാലി വരെ ബാക്കിവയ്ക്കില്ല.
രാഹുൽഗാന്ധി കോട്ടയത്ത് പറഞ്ഞത്
ഒരു മകൾ സർവകലാശാലാ ബിരുദമെടുക്കുമ്പോൾ രക്ഷിതാക്കൾ മലയാളത്തിൽ അഭിനന്ദിക്കും. ഒരു സഹോദരന് മറ്റൊരു സഹോദരനെ നഷ്ടപ്പെട്ടാൽ മലയാളത്തിൽ ആശയവിനിമയം നടത്തും. കേരളമെന്നാൽ മലയാളവും മലയാളം കേരളവുമാണ്. എന്നാൽ, പ്രധാനമന്ത്രി ഒരു രാജ്യം, ഒരു ഭാഷ, ഒരു മതം എന്നു പറയുമ്പോൾ ഞാൻ അത്ഭുതപ്പെടുന്നു. എങ്ങനെയാണ് തമിഴ് സംസാരിക്കുന്നവരോട് അതു സംസാരിക്കരുതെന്നും കേരളത്തിലുള്ളവരോട് മലയാളത്തിൽ സംസാരിക്കരുതെന്നും പറയുക? ഓരോ ഇന്ത്യൻ ഭാഷയും മറ്റു ഭാഷകൾ പോലെ പ്രധാനപ്പെട്ടതാണ്. ബിജെപി ഇത് ഭാഷയോട്, സ്ഥലത്തോട്, ജാതിയോട്, മതത്തോട് ഒക്കെ ചെയ്യുന്നു. ഒരവസരം കിട്ടുമ്പോഴൊക്കെ അവർ രാജ്യത്തെ വിഭജിക്കുന്നു.
Source link