INDIA

ഒടുവിൽ തിരഞ്ഞെടുപ്പു കമ്മിഷൻ നടപടി; മോദിയുടെ പ്രസംഗത്തിന് ബിജെപിക്ക് നോട്ടിസ്


ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖർഗെ എന്നിവർ വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ ബിജെപിക്കും കോൺഗ്രസിനും തിരഞ്ഞെടുപ്പു കമ്മിഷൻ കാരണം കാണിക്കൽ നോട്ടിസയച്ചു. 29ന് രാവിലെ 11 മണിക്കകം വിശദീകരണം നൽകാനാണ് നിർദേശം,

പറഞ്ഞതിന്റെ ഉത്തരവാദിത്തം പ്രസംഗിച്ചവർക്കാണെങ്കിലും ഓരോ കേസിന്റെയും സാഹചര്യം പരിഗണിച്ച് പാർട്ടികൾക്ക് നോട്ടിസ് അയയ്ക്കുമെന്നാണ് തിരഞ്ഞെടുപ്പു കമ്മിഷന്റെ വിശദീകരണം. കൂടുതൽ ചോദ്യങ്ങൾക്ക് കമ്മിഷൻ മറുപടി നൽകിയില്ല. 

കോൺഗ്രസ് അധികാരത്തിൽ വന്നാൽ സ്വത്തുക്കൾ പിടിച്ചെടുത്ത് മുസ്‌ലിംകൾക്കു വീതം വയ്ക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനിലെ ബൻസ്വാഡയിൽ പ്രസംഗിച്ചതിനെതിരെ കോൺഗ്രസ്, സിപിഐ, സിപിഐ (എംഎൽ) എന്നിവ നൽകിയ പരാതിയിലാണ് ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡയ്ക്കു ജനപ്രാതിനിധ്യ നിയമപ്രകാരം കാരണം കാണിക്കൽ നോട്ടിസ് അയച്ചത്.  

ബിജെപി ‘ഒരു രാജ്യം, ഒരു ഭാഷ, ഒരു മതം’ എന്ന നയം നടപ്പാക്കാൻ ശ്രമിക്കുന്നുവെന്നു കോട്ടയത്തും തമിഴ് ഭാഷയെയും സംസ്കാരത്തെയും ഇല്ലാതാക്കാൻ  ശ്രമിക്കുന്നുവെന്നു കോയമ്പത്തൂരിലും രാഹുൽ ഗാന്ധി പറഞ്ഞതിനെതിരെയാണ് കോൺഗ്രസിന് നോട്ടിസ്. 
ദലിതനായതുകൊണ്ട് രാമക്ഷേത്ര സമർപ്പണച്ചടങ്ങിൽ തന്നെ ക്ഷണിച്ചില്ലെന്നും ബിജെപി ഭരണഘടന മാറ്റാൻ ശ്രമിക്കുന്നുവെന്നും മല്ലികാർജുൻ ഖർഗെ പറഞ്ഞതിനെതിരെയാണു മറ്റൊരു നോട്ടിസ്. പ്രധാനമന്ത്രിയുടെ പ്രസംഗത്തിനെതിരെ തിരഞ്ഞെടുപ്പു കമ്മിഷൻ നോട്ടിസ് അയയ്ക്കുന്നത് ഇതാദ്യമാണ്. 
വ്യക്തിയുടെ പ്രസംഗത്തിന് പാർട്ടിക്ക് നോട്ടിസ് ആദ്യം

താരപ്രചാരകർ നടത്തുന്ന വിവാദ പ്രസംഗങ്ങളുടെ പേരിൽ പാർട്ടി അധ്യക്ഷന്മാർക്ക് കമ്മിഷൻ നോട്ടിസയയ്ക്കുന്നത് ഇതാദ്യമാണ്. മോദിയെ പേടിച്ചാണ് കമ്മിഷൻ പ്രവർത്തിക്കുന്നതെന്ന് കോൺഗ്രസ് ആരോപിക്കുകയും ചെയ്തു. താരപ്രചാരകരെ നിയമിക്കാനും പിൻവലിക്കാനും പാർട്ടികൾക്ക് അധികാരമുള്ള സാഹചര്യത്തിലാണ്, വ്യക്തികളുടെ പ്രസംഗത്തിനു പാർട്ടികൾക്ക് നോട്ടിസ് അയയ്ക്കുന്നതെന്ന് കമ്മിഷൻ  പറഞ്ഞു. 

എന്നാൽ, രാജസ്ഥാൻ തിരഞ്ഞെടുപ്പു സമയത്ത് രാഹുൽ ഗാന്ധിക്കും ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ കോൺഗ്രസ് നേതാക്കളായ രൺദീപ് സുർജേവാല, സുപ്രിയ ശ്രീനട്ടെ എന്നിവർക്കും കമ്മിഷൻ നേരിട്ടു നോട്ടിസ് അയച്ചിരുന്നു. ആദ്യഘട്ട പോളിങ് കഴിഞ്ഞതോടെയാണ് പ്രധാനമന്ത്രി കോൺഗ്രസിനെതിരെ കടന്നാക്രമണം നടത്തിത്തുടങ്ങിയത്. ബിജെപിക്കു നോട്ടിസ് കിട്ടിയ ഇന്നലെയും മോദി പ്രസംഗം ആവർത്തിക്കുകയു ചെയ്തു. 
നിർത്താതെ മോദി
ന്യൂഡൽഹി ∙ തുടർച്ചയായ അഞ്ചാം ദിവസവും കോൺഗ്രസിനെതിരെ കടന്നാക്രമണം തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ദിരാ ഗാന്ധിയുടെ പാരമ്പര്യ സ്വത്തു കൈവിടാതിരിക്കാൻ രാജീവ് ഗാന്ധി പാരമ്പര്യ സ്വത്തിന്മേലുള്ള നികുതി വേണ്ടെന്നു വച്ചുവെന്നും ഇപ്പോൾ അത് തിരിച്ചു കൊണ്ടുവരാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം മധ്യപ്രദേശിലും യുപിയിലും യോഗങ്ങളിൽ ആരോപിച്ചു. 

1985 ൽ ഈ നികുതി രാജീവ് ഗാന്ധി ഉപേക്ഷിച്ചിരുന്നു. ഇന്ദിരാ ഗാന്ധിയുടെ സ്വത്തു കൈവിട്ടു പോകാതിരിക്കാനായിരുന്നു ഇത്. അതിന്റെ നേട്ടം അനുഭവിച്ച ശേഷം ഇപ്പോൾ ആ നികുതി തിരിച്ചു കൊണ്ടുവരാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. കോൺഗ്രസ് അധികാരത്തിൽ വന്നാൽ ജനങ്ങളുടെ സ്വത്തിൽ പകുതിയും പിടിച്ചെടുത്ത് വീതം വയ്ക്കും – മോദി പറഞ്ഞു.  

ദേശഭക്തരെന്നു പറയുന്നവർ ജാതി സെൻസസിന്റെ എക്സ്റേയെ ഭയപ്പെടുന്നുവെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തെയും മോദി പരിഹസിച്ചു. ജനങ്ങളുടെ ആഭരണവും ചെറിയ സമ്പാദ്യവും എക്സ്റേ ചെയ്തു പിടിച്ചെടുക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. സ്വത്തു തട്ടിയെടുത്തു വീതം വയ്ക്കാനുള്ള കോൺഗ്രസ് പദ്ധതിയിൽനിന്ന് ജനങ്ങളെ സംരക്ഷിക്കാനുള്ള ചൗക്കീദാർ (കാവൽക്കാരൻ‌) ആണു താനെന്നും മോദി പറഞ്ഞു.
സ്വത്ത് മുസ്‍ലിംകൾക്കു വീതം വച്ചു നൽകുമെന്ന് കോൺഗ്രസ് പറഞ്ഞിട്ടുണ്ടെന്ന ആരോപണവും മോദി ആവർത്തിച്ചു. കോൺഗ്രസ് കർണാടകയിൽ മുസ്‍ലിംകളെ ഒബിസി ക്വോട്ടയിലാക്കിയത് ഇസ്‍‌ലാമികവൽക്കരണത്തിനു വേണ്ടിയാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലക്നൗവിൽ കുറ്റപ്പെടുത്തി. 


Source link

Related Articles

Back to top button