കുട്ടിത്തമില്ലാത്ത ചില കുട്ടിച്ചിത്രങ്ങൾ


കുട്ടികളുടെ സിനിമകളെന്നാൽ എന്താണ്? യാഥാർഥത്തിൽ അങ്ങനൊന്നുണ്ടോ? കുട്ടികൾ സിനിമകളെടുക്കുന്നില്ലല്ലോ, അപ്പോൾ അതെങ്ങനെ കുട്ടികളുടെ സിനിമകളാകും? 
ശരിയാണ്. സാധാരണ കുട്ടികളുടെ സിനിമയെന്ന വിളിക്കുന്നതെല്ലാം കുട്ടികളുടെ വീക്ഷണത്തിൽ നിന്ന് മുതിർന്നവർ പറയുന്ന കഥകളാണ്. എങ്കിലും അത് ഒരുപോലെ എല്ലാവരെയും സ്വാധീനിക്കുന്നു. എത്ര മുതിർന്നാലും, എല്ലാവർക്കുമുള്ളിൽ ഒരു കുച്ചുകുട്ടി ഇപ്പോഴും ഒന്നിലും തൃപ്തി നേടാതെ നിലനിൽക്കുന്നു എന്നതുകൊണ്ടാണ് കുട്ടികളെക്കുറിച്ചുള്ള സിനിമകൾ പ്രായത്തിനും, ദേശത്തിനുമപ്പുറം എല്ലാവരുടേതുമാവുന്നത്. അത്തരം ചില മുതിർന്ന, കുട്ടിപ്പടങ്ങൾ പരിചയപ്പെടാം.  

കളേഴ്സ് ഓഫ് പാരഡൈസ്: ഇക്കൂട്ടത്തിൽ രാജ്യാന്തര ശ്രദ്ധ നേടിയിട്ടുള്ള സംവിധായകനാണ് മാജിദ് മജീദി. അലി, സഹ്‌റ എന്നീ സഹോദരങ്ങളുടെ സ്നേഹം പ്രമേയമാക്കിയ ചിൽഡ്രൻ ഓഫ് ഹെവൻ ഒരുപക്ഷേ മുൻപ് പരിചപ്പെട്ടിട്ടുണ്ടാകും. അത്രയും തന്നെ മനോഹരമായ മറ്റൊരു സിനിമയാണ് ‘കളേഴ്സ് ഓഫ് പാരഡൈസ്’. കാഴ്ചശക്തിയി ഒട്ടുമില്ലാത്ത മുഹമ്മദ് എന്ന കുട്ടി തന്റെ വേനലവധി ചിലവിടാൻ പിതാവിന്റെയും സഹോദരിമാരുടെയും അടുത്തെത്തുകയാണ്. സഹോദരിമാരോടൊപ്പം നാടുചുറ്റി നടന്ന് ലോകത്തി ഭംഗിമുഴുവൻ കൈവിരലുകൾകൊണ്ട് തൊട്ട് ആസ്വദിക്കുന്ന മുഹമ്മദ് പക്ഷേ, അവന്റെ അച്ഛനൊരു ഭാരമാണ്. അവനെ എങ്ങനെയെങ്കിലും പറഞ്ഞയയ്ക്കാനാണ് അയാൾ ശ്രമിക്കുന്നത്. 
ഒടുക്കം മുഹമ്മദിനെ തിരികെ വീട്ടിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിന് ഇടയ്ക്കു വച്ച് ഒരപകടം സംഭവിക്കുകയും കുത്തിയൊഴുകുന്ന നദിയിലേക്ക് മുഹമ്മദ് വീണു പോവുകയും ചെയ്യുന്നു. പതറി നിൽക്കുന്ന ഹാഷിം എന്ന അച്ഛൻ കഥാപാത്രം കടന്നുപോകുന്ന ഒരു മാനസികാവസ്ഥ ചിത്രത്തെ വൈകാരികമായി ഉയർത്തുന്നു. ഒരു ഭാരം ഒഴിഞ്ഞകന്നതിന്റെ ആശ്വാസമോ, മകൻ നഷ്ടപ്പെടുന്നതിന്റെ ഭീതിയോ ഒരേ സമയം ആ മനുഷ്യന്റെ ഭാവങ്ങളിൽ മിന്നി മായുന്നു. മാജിദ് മജീദി സിനിമ അവസാനിപ്പിക്കുന്നത് മനോഹരമായ ഒരു രംഗത്തോടെയാണ്. അനക്കമില്ലാതെ ഒരു തീരത്ത് കിടക്കുന്ന മുഹമ്മദ് തന്റെ വിരലുകൾ കൊണ്ട് എന്തോ എഴുതുന്നു. ഒരു പക്ഷെ പുതിയൊരു ലോകത്തെ അവന്റെ കാഴ്ചകൾ ബ്രെയിൽ ലിപിയിൽ കുറിച്ചിടുന്നതാവാം. അല്ലെങ്കിൽ ജീവിതത്തിന്റെ മറ്റേതോ ഒരു അറ്റവുമായി അവൻ ബന്ധിക്കപ്പെടുന്നതുമാകാം. നിരവധി അവലോകനങ്ങൾ സാധ്യമാം വിധം അവസാനമില്ലാത്ത ഒരു അവസാനം. സിനിമ കാണാൻ കൂട്ടുകാരും കുടുംബവും ഒപ്പമുണ്ടെങ്കിൽ കൂടുതൽ വൈകാരികതയോടെ എന്നും ഓർത്തുവെക്കാനാകും. 

ടർട്ടിൽസ് കാൻ ഫ്ലൈ: 2004 ൽ റിലീസ് ചെയ്ത മറ്റൊരു ഇറാനിയൻ സിനിമയാണ് ‘ടർട്ടിൽസ് കാൻ ഫ്ലൈ’. കുട്ടികളുടെ ആഘോഷങ്ങളിലൂടെയും ആധികളിലൂടെയും കടന്നുപോകുന്ന സിനിമ ഇറാനിലെ അമേരിക്കൻ കടന്നുകയറ്റവും തുടർന്നുണ്ടാവുന്ന പ്രതിസന്ധികളും അവതരിപ്പിക്കുന്നു. ഇറാൻ – ടർക്കി ബോർഡറിലെ കാക്ക് എന്ന 13 വയസ്സുകാരന്റെയും അവൻ കണ്ടെത്തുന്ന പുതിയ കൂട്ടുകാരിലൂടെയുമാണ് സിനിമ കടന്നു പോകുന്നത്. അഭയാർത്ഥി ക്യാമ്പിലേക്ക് വരുന്ന അഗ്രിൻ എന്ന പെൺകുട്ടിയോട് കാക്കിനു പ്രണയം തോന്നുകയും, അത് പ്രകടിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ അഗ്രിൻ യുദ്ധമേൽപ്പിച്ച മുറിവുകൾ പേറി ജീവിക്കുന്നയാളാണ്. അവളുടെ സഹോദരനായ ഹോങ്കോവിന് പക്ഷെ അടുത്തുള്ള വസ്തുക്കളെയൊക്കെ ഗ്രഹിച്ചറിയാനുള്ള പ്രത്യേക കഴിവുണ്ട്. കുഴിബോംബുകളുള്ള സ്ഥലങ്ങളെല്ലാം അവൻ പെട്ടന്ന് തിരിച്ചറിയും. പക്ഷേ സ്വന്തം ദുരിതങ്ങളെ തന്നെ താങ്ങാൻ കെൽപ്പില്ലാത്ത അഗ്രിന് ഭിന്നശേഷിക്കാരനായ ഹോങ്കോവ് ഒരു ഭാരമാണ്. 
ഇങ്ങനെ ധാരാളം കുട്ടികളിലൂടെയും അവരുടെ അവസ്ഥകളിലൂടെയും സിനിമ മുന്നോട്ട് നീങ്ങവേ, കാക്കിനു ബോംബ് സ്‌ഫോടനത്തിൽ കാലു നഷ്ടപ്പെടുകയാണ്. സിനിമയുടെ പേരിനോട് നീതിപുലർത്തും വിധമാണ് സിനിമയുടെ അന്ത്യം. ഒരു മലയുടെ മുകളിൽ നിന്നു വീൽചെയർ മോചിതനാക്കി ഹോങ്കോവിനെ അഗ്രിൻ പറക്കാൻ വിടുകയാണ്. ഒപ്പം അഗ്രിനും ആത്മഹത്യ ചെയ്യുന്നു. അഗ്രിൻ അവളുടെ മരണത്തിലേക്ക് ചാടിയ മലഞ്ചെരിവിൽ കാക് സാറ്റലൈറ്റ് എന്ന കഥാനായകൻ ദുഖിതനായിരിക്കുമ്പോൾ ഒരു കൂട്ടം അമേരിക്കൻ സൈനികർ അവനെ കടന്നു പോകുന്നു. യുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന ഇക്കാലത്തും നമുക്കു ചുറ്റും കാക്കുമാരും, ഹോങ്കോവും, അഗ്രിനും വീണ്ടും വീണ്ടും വന്നുപോയ്ക്കൊണ്ടിരിക്കുകയാണ് എന്ന ഓർമപ്പെടുത്തലാണ് ചിത്രം. നല്ല നാളേക്കു വേണ്ടി പ്രവർത്തിക്കാൻ ഊർജ്ജം നൽകുന്ന സിനിമകൂടെയാണ് ബഹ്മാൻ ഘോബാഡിയുടെ ടർട്ടിൽസ് കാൻ ഫ്ലൈ. 

ഹമീദ്: ഇന്ത്യൻ സിനിമകളിൽ കഴിഞ്ഞ വർഷം ഓസ്കർ നാമനിർദ്ദശം നേടിയ ‘ചെല്ലോ ഷോ’ അടക്കം നിരവധി കുട്ടി ചിത്രങ്ങളുണ്ട്. അതിൽ ഒന്നാണ് മൊഹമ്മദ് അമീൻ ഭട്ട്ന്റെ ഫോൺ നമ്പർ 786 എന്ന കഥയുടെ അടിസ്ഥാനത്തിൽ  2018 ൽ ചിത്രീകരിച്ച ഉറുദു സിനിമ ‘ഹമീദ്’. ഐജാസ് ഖാൻ സംവിധാനം ചെയ്ത സിനിമ കശ്മീരിലെ ഒരു ഏഴുവയസ്സുകാരന്റെ കഥയാണ് പറയുന്നത്. ഹമീദ് എന്ന കുട്ടിയുടെ നിഷ്കളങ്കമായ കാത്തിരിപ്പുകളുടെയും, കുസൃതികളുടെയും കഥ. ഹമീദിന്റെ അച്ഛൻ മരണപ്പെടുന്നിടത്താണ് കഥ അതിന്റെ പ്രധാനഭാഗത്തേക്ക് എത്തുന്നത്. അച്ഛൻ ദൈവത്തിനടുത്തേക്ക് പോയിരിക്കുകയാണെന്ന് മനസിലാക്കുന്ന ഹമീദ്, അയാളുടെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു. 786 എന്നത് ദൈവത്തിന്റെ നമ്പറാണെന്നും, അതിലേക്ക് വിളിച്ചാൽ ദൈവത്തോട് സംസാരിക്കാമെന്നും, അച്ഛനെ തിരികെയയക്കാൻ ആവശ്യപ്പെടാമെന്നും ഹമീദ് മനസ്സിലാക്കുന്നു.  
അവന്റെ വിളികളെല്ലാം എത്തുന്നത് കാശ്മീരിൽ തന്നെയുള്ള ഒരു CRPF സൈനികർക്കാണ്. അയാൾ ദൈവമായി ഹമീദിനോട് സംസാരിക്കുന്നു. അവർ തമ്മിലുള്ള സംഭാഷണമാണ് പിന്നീട് സിനിമ. തുടർന്ന്, ഹമീദ് തന്റെ അച്ഛൻ മരിച്ചു പോയതാണെന്നും തിരികെ വരില്ലെന്നും മനസ്സിലാക്കുന്നു. ആ തിരിച്ചറിവിനെ അവൻ തന്റെ അമ്മക്കൊപ്പം തരണം ചെയ്യുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. എന്ത് സംഭവിച്ചാലും, ആത്യന്തികമായി മനുഷ്യൻ അതിനെയെല്ലാം മറികടന്ന് മുന്നോട് പോകാൻ പഠിക്കുമെന്നും, അതിനുള്ള പ്രതിരോധങ്ങൾ സ്വയം തീർക്കുമെന്നും തെളിയിക്കുകയാണ് ഹമീദ്. അവനൊരു പ്രതീക്ഷയാണ്. 

കഫർനാം: ലോകസിനിമയിൽ തന്നെ വലിയ പ്രകമ്പനമുണ്ടാക്കിയ ലെബനീസ് ചിത്രമായിരുന്നു ‘കഫർനാം'(Cafarnaüm). കുട്ടികളുടെ ചിത്രമെന്ന് തീർത്തു പറയാനാവാത്ത ഒന്ന്. കുട്ടികൾ മുതിർന്നവരോട് സംസാരിക്കുന്ന, മുതിർന്നവരുടെ സിനിമയായെന്ന് വിശേഷിപ്പിക്കാം. സിനിമയുടെ തുടക്കത്തിൽ സെയിൻ എന്ന മുഖ്യകഥാപാത്രം കോടതിമുറിക്കുള്ളിൽ സംസാരിക്കുന്ന ഒരു രംഗമുണ്ട്. എനിക്ക് എന്റെ മാതാപിതാക്കൾക്കെതിരെ കേസെടുക്കണം. എന്തിനു എന്ന ചോദ്യത്തിന് വീണ്ടും സെയിൻ മറുപടി പറയുന്നത് ഇങ്ങനെയാണ്: ഞാൻ ജനിച്ചു എന്നതിന്. സെയിൻ എല്ലാ മുതിർന്നവരോടും പറയുന്ന കാര്യമുണ്ട്:  
I want the grown ups to hear what i say:      

What will I take from all this? All the insults, all the betings, all the kicking? 
Life is dog shit. Filthier than the shoes on my feet. 
I’m living in hell. 
(“ഞാൻ ഈ പറയുന്നത് എല്ലാ മുതിർന്ന മനുഷ്യരും കേൾക്കണമെന്നാണ് എന്റെ ആഗ്രഹം. ഇതിൽ നിന്നൊക്കെ ഞാൻ  പഠിക്കേണ്ട പാഠം എന്താണെന്നാണ് നിങ്ങൾ പറയുന്നത്? ഈ അപമാനങ്ങളിൽ നിന്നും, മർദ്ദനങ്ങളിൽ നിന്നും, ചവിട്ടുകളിൽ നിന്നും ഞാൻ എന്താണ് പഠിക്കേണ്ടത്? ജീവിതം ഒരു പട്ടിക്കാഷ്ട്ടമാണ്. എന്റെ കാലുകളിൽ കിടക്കുന്ന ഷൂസുകളേക്കാൾ നാറിയത്. ഞാൻ കഴിയുന്നതൊരു നരകത്തിലാണ് .”) 

ഈ മോണോലോഗിൽ നിന്നും തന്നെ അവൻ കടന്നുപോകുന്ന സാഹചര്യം പ്രേക്ഷകർക്ക് പിടികിട്ടും. ഏറ്റവും അരക്ഷിതമായ സാഹചര്യത്തിൽ ജനിക്കുന്ന സെയിൻ തന്റെ മാതാപിതാക്കളിൽ നിന്നും ഒരു കുട്ടി എന്ന നിലക്ക് യാതൊരു പരിഗണനയോ സുരക്ഷിതത്വമോ അനുഭവിക്കുന്നില്ല. തനിക്കു താഴെയുള്ള ഏഴു സഹോദരങ്ങൾക്കൊപ്പം വളരുന്ന സെയിൻ ആ വീട്ടിലേക്ക് സമ്പാദിച്ചു കൊണ്ടുവരാനുള്ള ഉത്തരവാദിത്തമുള്ളയാളാണ്. കഥയുടെ ഒരു വല്ലാത്ത പോയിന്റിൽ വീടുവിട്ട് ഇറങ്ങിപ്പോകുന്ന സെയിനിന്റെ യാത്രയും അതിൽ അവൻ കണ്ടെത്തുന്ന വ്യത്യസ്തരായ മനുഷ്യരുമാണ് കഫർനാം.  


Source link
Exit mobile version