INDIA

പുലിയിറങ്ങി ആളുകളെ കൊന്നു, ‘സിംഹ’ത്തിന് വോട്ടില്ലെന്ന് നാട്ടുകാർ, 72 വയസ്സുള്ള പോളിങ് ട്വിൻസ്: ആദ്യ തിരഞ്ഞെടുപ്പു വിശേഷങ്ങൾ


ആധുനികകാലത്ത് തിരഞ്ഞെടുപ്പുസമയത്ത് കേന്ദ്രനിരീക്ഷകരായി ഉദ്യോഗസ്ഥരെത്തുമ്പോൾ ആദ്യ കാലത്ത് അവരെ കൂടാതെ പുലിയും കടുവയും ‘നിരീക്ഷക’രായി എത്തുമായിരുന്നു. ആന്ധ്രപ്രദേശിലെ ഒരു പോളിങ് ബൂത്തിലാണ് ‍പോളിങ്ങിനു തലേന്നു പാതിരാത്രിയില്‍ ഒരു പുലിയും പോളിങ്ങിനുശേഷം ഉദ്യോഗസ്ഥര്‍ മടങ്ങുമ്പോള്‍ ഒരു കടുവയും ‘നിരീക്ഷക’രായി എത്തിയത്. മധ്യപ്രദേശിലെ ഒരു പോളിങ് ബൂത്തില്‍ തലേന്ന് രാത്രിയില്‍ ഉറങ്ങിക്കിടന്ന ഉദ്യോഗസ്ഥനെ പൊക്കിയെടുക്കാന്‍ ശ്രമിച്ച കടുവയെ സഹപ്രവര്‍ത്തകര്‍ ബഹളമുണ്ടാക്കി ഓടിച്ചു. മറ്റൊരു പോളിങ് ബൂത്തിനു സമീപമുള്ള കാട്ടുപാതയില്‍ പുലിയുടെ ഗര്‍ജനം കേട്ട വോട്ടര്‍മാര്‍ ജീവനും കൊണ്ടോടി. പകുതിയിലധികം വോട്ടര്‍മാരും ഭയന്നു വോട്ടുചെയ്യാന്‍ എത്തിയില്ല. 1957ൽ രണ്ടാം പൊതുതിരഞ്ഞെടുപ്പു നടക്കുമ്പോഴാണ് ഈ സംഭവങ്ങൾ. 

∙ വെല്ലുവിളികൾ ഇന്ത്യാ ചരിത്രത്തിലെ അവിസ്മരണീയ സംഭവങ്ങളിലൊന്നാണു പ്രഥമ പൊതുതിരഞ്ഞെടുപ്പ്. നാലു മാസം ദീർഘിച്ച ജനാധിപത്യ മാമാങ്കത്തിന്റെ തയാറെടുപ്പുകൾ നാലു വർഷത്തിലധികം നീണ്ടതായിരുന്നു. രാജ്യം ആദ്യ തിരഞ്ഞെടുപ്പിനൊരുങ്ങുമ്പോൾ ജനസംഖ്യ 34.8 കോടിയോളം ആയിരുന്നു. സാക്ഷരത 16.6% മാത്രമായിരുന്നു. 26 പാർട്ട് എ, ബി, സി സംസ്ഥാനങ്ങളിലായി 17,32,12,343 പേർക്കാണു വോട്ടവകാശമുണ്ടായിരുന്നത്. വോട്ടർമാരെ കണ്ടെത്തി അവരുടെ ലിസ്റ്റ് തയാറാക്കുന്നതായിരുന്നു പ്രധാന വെല്ലുവിളി. നിയോജകമണ്ഡല അതിർത്തിനിർണയം, വോട്ടുപെട്ടികളുടെ നിർമാണം, ബാലറ്റു പേപ്പറുകളുടെ അച്ചടി, വിവിധ രാഷ്ട്രീയ കക്ഷികൾക്കുള്ള ചിഹ്നങ്ങളുടെ രൂപകൽപന, പോളിങ് ബൂത്തുകളുടെ ക്രമീകരണം, ഉദ്യോഗസ്ഥന്മാരുടെ നിയമനം, വോട്ടർമാരെ ബോധവൽക്കരിക്കൽ തുടങ്ങി എല്ലാ കാര്യങ്ങളുടെയും നിർവഹണം അത്ര എളുപ്പമായിരുന്നില്ല. 

∙ 28 ലക്ഷം സ്ത്രീകൾ പുറത്ത് വോട്ടർപട്ടിക തയാറാക്കുമ്പോൾ സ്ത്രീകളിൽ പലരും അവരുടെ യഥാർഥ പേരു വെളിപ്പെടുത്താൻ വിസമ്മതിച്ചു. കൃഷ്ണന്റെ മാതാവ്, രാമന്റെ ഭാര്യ, ലക്ഷ്മണന്റെ സഹോദരി, റഹീമിന്റെ പുത്രി എന്നൊക്കെ വോട്ടർ പട്ടികയിൽ ചേര്‍ത്താൽ മതിയെന്നായിരുന്നു അവരുടെ നിർബന്ധം. സമ്മർദത്തിനൊന്നും വഴങ്ങാതെ വന്നതിനാൽ 8 കോടിയോളം വരുന്ന വനിതാ വോട്ടർമാരിൽ 28 ലക്ഷം പേർ പട്ടികയിൽനിന്നു പുറത്തായി. ബിഹാർ, ഉത്തര്‍പ്രദേശ്, മധ്യഭാരത്, രാജസ്ഥാൻ, വിന്ധ്യാപ്രദേശ് സംസ്ഥാനങ്ങളിലാണ് ഇതു കൂടുതലായി സംഭവിച്ചത്. സ്ത്രീകൾക്കു മാത്രമായി 27,527 പോളിങ് ബൂത്തുകൾ ക്രമീകരിച്ചിരുന്നു. രാജ്യത്തൊട്ടാകെ 1,32,560 പോളിങ് സ്റ്റേഷനുകളിലായി ആകെ 1,96,084 പോളിങ് ബൂത്തുകളാണു ക്രമീകരിച്ചിരുന്നത്. 
∙ കളറിൽനിന്ന് ചിഹ്നത്തിലേക്ക്  സ്വാതന്ത്ര്യത്തിനു മുൻപ് വിവിധതരം വോട്ടിങ് രീതികൾ ഇന്ത്യയിൽ നിലവിലുണ്ടായിരുന്നു. അതിലേറ്റവും പ്രധാനപ്പെട്ടതായിരുന്നു ‘കളർ ബോക്സ് സിസ്റ്റം’. ഒന്നാം പൊതുതിരഞ്ഞെടുപ്പ് മുതൽ കളർ ബോക്സ് സിസ്റ്റത്തിനു ചെറിയ പരിഷ്കാരം വരുത്തി. സ്ഥാനാർഥികളുടെ എണ്ണം വർദ്ധിച്ചതാണു കാരണം. ബാലറ്റ് പെട്ടികൾക്കു വ്യത്യസ്ത നിറങ്ങൾ നൽകുന്നതിനു പകരമായി സ്ഥാനാർഥിയുടെ ചിഹ്നം പെട്ടിയിൽ പതിപ്പിക്കാൻ തുടങ്ങി. എല്ലാ പോളിങ് ബൂത്തിലും സ്ഥാനാർഥികളുടെ എണ്ണമനുസരിച്ച് അത്രയും ബാലറ്റ് ബോക്സുകൾ സജ്ജീകരിച്ചിട്ടുണ്ടാകും. ഓരോ പെട്ടിയിലും സ്ഥാനാർഥിയുടെ പേരും ഉണ്ടായിരിക്കും. കളർ ബോക്സ് സിസ്റ്റത്തിലേതു പോലെ ബാലറ്റ് പേപ്പർ തനിക്കിഷ്ടപ്പെട്ട സ്ഥാനാർഥിയുടെ പെട്ടിയിൽ സമ്മതിദായകനു നിക്ഷേപിക്കാം. 
ബാലറ്റ് പേപ്പറിന്റെ വലുപ്പം 3.4″ x 2″ ആയിരുന്നു. പിങ്ക് പശ്ചാത്തലത്തിൽ ലോക്സഭ – നിയമസഭ തിരിച്ചറിയാനുള്ള നിറങ്ങളും (ഒലിവ് ഗ്രീൻ, ചോക്കലേറ്റ്) സംസ്ഥാനങ്ങൾ തിരിച്ചറിയാനുള്ള രണ്ടക്ഷര കോഡും ഉണ്ടായിരുന്നു. ത്രയാംഗ – ദ്വയാംഗ – ഏകാംഗ മണ്ഡലങ്ങളിലെ ബാലറ്റ് പേപ്പറുകള്‍ തിരിച്ചറിയാനുള്ള (എ, ബി, സി) കോഡും ഉപയോഗിച്ചിരുന്നു. ബാലറ്റ് പെട്ടിയുടെ വലിപ്പം 9″ x 8″ x 7.5″ ആയിരുന്നു. ഈ പരീക്ഷണം അധികനാൾ നീണ്ടില്ല. ഇന്ത്യൻ തിരഞ്ഞെടുപ്പു രംഗത്ത് ഏറെ പ്രചാരം നേടിയ മാർക്കിങ് സിസ്റ്റം തുടർന്നെത്തി. 
കേരളത്തിൽ 1958ലെ ദേവികുളം ഉപതിരഞ്ഞെടുപ്പിലാണു മാർക്കിങ് സിസ്റ്റം ആദ്യമായി പരീക്ഷിച്ചത്. ഇതനുസരിച്ച് ബാലറ്റു പേപ്പറിൽ ഓരോ സ്ഥാനാർഥിയുടെയും പേരും ചിഹ്നവും രേഖപ്പെടുത്തിയിരുന്നു. 1948ലെ കൊച്ചി നിയമസഭാ തിരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പറിൽ ഓരോ സ്ഥാനാർഥിയുടെയും പേരിനു നേരെ മ‍ഞ്ഞ, ചുവപ്പ്, പച്ച, വയലറ്റ്, നീല നിറങ്ങൾ കൊടുക്കുന്ന രീതി നടപ്പാക്കിയിരുന്നു. 

∙ കൗതുകസംഭവങ്ങൾ വോട്ടർമാരുടെ അജ്ഞത തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ശരിക്കും വെള്ളം കുടിപ്പിച്ചു. വോട്ടുചെയ്താല്‍ തങ്ങള്‍ക്ക് എന്തൊക്കെയോ കിട്ടുമെന്നാണു ഭൂരിഭാഗം ഗ്രാമവാസികളും കരുതിയിരുന്നത്. ആദ്യ തിരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ മത്സരിച്ച ഒരു സ്ഥാനാര്‍ഥിയുടെ ചിഹ്നം ഒട്ടകം ആയിരുന്നു. ഒട്ടകത്തിനു വോട്ടു ചെയ്താല്‍ അതിനെ കിട്ടുമെന്നു പ്രതീക്ഷിച്ച് ബഹളമുണ്ടാക്കി.
പിന്നാക്ക പ്രദേശങ്ങളിലെ അന്ധവിശ്വാസികളായ വോട്ടര്‍മാര്‍ വോട്ടു ചെയ്യുന്നതിനു മുന്‍പ് ബാലറ്റ് പെട്ടികളെ പൂക്കള്‍ വിതറി പൂജിച്ച സംഭവം പലയിടത്തുമുണ്ടായി. മദ്രാസ് സംസ്ഥാനത്ത് ഒരു വൃദ്ധ സ്ത്രീ പോളിങ് ബൂത്തില്‍ ഉദ്യോഗസ്ഥരോടു വിളിച്ചു പറഞ്ഞു: ‘‘ഇക്കാലത്ത് നിങ്ങളാണു മന്ത്രിമാരെ വാഴിക്കുന്നത്; പഴയതു പോലെ ഞങ്ങള്‍ക്കു വിലക്കുറവില്‍ അരി തരിക’’. വോട്ടെണ്ണുന്നതിനു പെട്ടി തുറന്നപ്പോള്‍ അതില്‍ ബാലറ്റ് പേപ്പറുകളെ കൂടാതെ വിജയാശംസകളും ചീത്തവിളികളും രേഖപ്പെടുത്തിയ കുറിപ്പുകളും ഇഷ്ട നടന്മാരുടെ ഫോട്ടോയും മറ്റും നിക്ഷേപിച്ചിരിക്കുന്നതു കാണാമായിരുന്നു. ‘കാണിക്ക’യായി ലഭിച്ച രൂപയും ചില്ലറതുട്ടുകളും ട്രഷറികളിലേക്കു മുതല്‍കൂട്ടി. മദ്രാസ്, മൈസൂര്‍, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളിലെ ചില വോട്ടര്‍മാര്‍ ആരെയും പിണക്കാതിരിക്കാന്‍ തങ്ങള്‍ക്കു ലഭിച്ച ബാലറ്റ് പേപ്പര്‍ തുണ്ടുകളാക്കി ഓരോ സ്ഥാനാര്‍ഥിയുടെയും പെട്ടികളില്‍ ഇട്ടിരിക്കുന്നതു കാണാമായിരുന്നു. 
പണ്ഡിറ്റ് നെഹ്‌റുവിനെ നേരിട്ടു കാണാതെ വോട്ടു ചെയ്യില്ലെന്നായിരുന്നു ബിഹാറിലെ ഒരു വനിതാ വോട്ടറുടെ നിര്‍ബന്ധം. ഗാന്ധിജിക്കും നെഹ്‌റുജിക്കും വോട്ടു ചെയ്യാന്‍ അനുവദിക്കണമെന്നായിരുന്നു ഉത്തര്‍പ്രദേശില്‍ ഏതാനും വോട്ടര്‍മാരുടെ വാശി. മദ്രാസിലെ ഒരു വോട്ടറുടെ നിര്‍ബന്ധം ഇതിലും വിചിത്രമായിരുന്നു. തിരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ പേരില്‍ രാഷ്ട്രീയ കക്ഷികളെല്ലാം ഒരു മാസമായി തന്നെ ശല്യപ്പെടുത്തിക്കൊണ്ടിക്കുന്നതിനാല്‍ അന്നത്തെ ചീഫ് ഇലക്ഷന്‍ കമ്മിഷണര്‍ സുകുമാര്‍ സെന്നിന് അല്ലാതെ മറ്റാര്‍ക്കും വോട്ടു ചെയ്യില്ല എന്നായിരുന്നു നിലപാട്. ഉദ്യോഗസ്ഥരുടെ നീണ്ട പരിശ്രമത്തിനുശേഷമാണ് അവരെയൊക്കെ വോട്ടുചെയ്യിപ്പിക്കാനായത്. 
ചില വോട്ടർമാർ സ്ഥാനാർഥിയെക്കാൾ പ്രധാന്യം നൽകിയതു ചിഹ്നത്തിനായിരുന്നു. മൈസൂരിലെ നിരക്ഷരനും വൃദ്ധനുമായ ഒരു മേസ്ത്രി തന്റെ സഹചാരിയായ ‘ഏണി’ ചിഹ്നമുണ്ടെങ്കിൽ മാത്രമേ വോട്ടു ചെയ്യൂവെന്ന് ശഠിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇഷ്ട ചിഹ്നമുള്ള പെട്ടിയിൽ ബാലറ്റ് നിക്ഷേപിച്ചശേഷം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ബാലറ്റുമായി മടങ്ങിപ്പോകാൻ ശ്രമിച്ച സംഭവവുമുണ്ടായി. ഉത്തർപ്രദേശിൽ ‘സിംഹം’ ചിഹ്നത്തിൽ മത്സരിക്കുന്ന സ്ഥാനാർഥി പ്രചരണാർഥം രാത്രി താമസിച്ച ഗ്രാമത്തിൽ പുലിയിറങ്ങി ഏതാനും ആടുകളെ കൊന്നു. അതോടെ ഗ്രാമവാസികൾ ക്ഷുഭിതരായി ശുഭകരമല്ലാത്ത സിംഹത്തിനു വോട്ടുചെയ്യുന്നില്ലെന്നു തീരുമാനിച്ചു. മറ്റൊരു പോളിങ് ബൂത്തിൽ ‘തോണി’ ചിഹ്നമുള്ള സ്ഥാനാർഥിയില്ലാത്തതിനാൽ തോണിക്കാരനായ വോട്ടർ വോട്ടുചെയ്യാതെ മടങ്ങി. രാജസ്ഥാനിൽ ‘എരുമ’ ചിഹ്നം തേടി വന്ന അന്ധയായ സ്ത്രീ നിരാശയായി മടങ്ങി. തന്റെ വീട്ടിലുള്ള രണ്ട് വളർത്തുമൃഗങ്ങളിൽ ഒട്ടകത്തിനു ഭർത്താവ് വോട്ടു ചെയ്തിനാലാണു താൻ എരുമയ്ക്ക് വോട്ടുചെയ്യാൻ വന്നതെന്നാണ് അവർ പറഞ്ഞത്. നിർഭാഗ്യവശാൽ എരുമ അന്ന് അംഗീകൃത ചിഹ്നപട്ടികയിലില്ലായിരുന്നു. 

തന്റെ അമ്മയ്ക്കു പകരം വോട്ടർ പട്ടികയിലില്ലാത്ത ഭാര്യയെ വോട്ടു ചെയ്യാനനുവദിക്കണമെന്നായിരുന്നു ഒരു വോട്ടറുടെ ആവശ്യം. അമ്മയല്ല, ഭാര്യയാണു തന്റെ വീട്ടുകാര്യങ്ങൾ നോക്കുന്നതെന്നായിരുന്നു ന്യായീകരണം. ഉത്തർപ്രദേശിലെ ഒരു സ്ത്രീ വോട്ടു ചെയ്തശേഷം തന്റെ ഗ്രാമത്തിലെ മറ്റ് എട്ടു സ്ത്രീകളുടെ വോട്ടു കൂടി ചെയ്യുന്നതിനു തന്നെ ചുമതലപ്പെടുത്തിയിട്ടുള്ളതായി അറിയിച്ചു. ഹിമാചൽ പ്രദേശിലെ ചംബാ ലോക്സഭാ മണ്ഡലത്തിൽ ഒരു കുടുബത്തിലെ എല്ലാ അംഗങ്ങൾക്കുവേണ്ടി വോട്ടു ചെയ്യാൻ തന്നെ അനുവദിക്കണമെന്നായിരുന്നു ഒരു വോട്ടറുടെ ആവശ്യം. ഒറീസയിൽ രണ്ടരയടി മാത്രം ഉയരമുള്ള ഒരാൾ ബാലറ്റ് പെട്ടികൾ തിരിച്ചറിയാനും പരസഹായമില്ലാതെ ബാലറ്റ് പേപ്പർ പെട്ടിയിൽ നിക്ഷേപിക്കാനും സൗകര്യം ലഭിക്കാൻ ഒരു സ്റ്റൂളുമായാണ് എത്തിയത്.  
∙ കേരളത്തിൽ ലോക്സഭാ – നിയമസഭാ ബാലറ്റ് പേപ്പറുകൾ തമ്മിൽ മാറി പെട്ടിയിലിട്ട സംഭവങ്ങൾ പലയിടത്തുമുണ്ടായി. ബാലറ്റ് പേപ്പറുകൾ കീറി വിവിധ പെട്ടികളിലിട്ട സംഭവങ്ങളുമുണ്ട്. ഒരു പോളിങ് സ്റ്റേഷനിൽ വോട്ടർക്കു നൽകിയ ബാലറ്റ് പേപ്പർ 10 മൈൽ അകലെയുള്ള പോളിങ് സ്റ്റേഷനിലെ പെട്ടിയിൽ കണ്ടെത്തിയ വിചിത്രമായ സംഭവമുണ്ടായി. കാരിക്കോട് നിയമസഭാ മണ്ഡലത്തിൽ മത്സരരംഗത്തുനിന്നു വിരമിച്ച സ്ഥാനാർഥിയുടെ പെട്ടി മാറ്റിയിരുന്നില്ല.
നാദാപുരം നിയമസഭാ മണ്ഡലത്തിലെ 5, 6 നമ്പർ പോളിങ് സ്റ്റേഷനുകൾ പ്രവർത്തിക്കാനായി ക്രമീകരിച്ച കുറുവന്തേരി എയ്ഡഡ് എലിമെന്ററി സ്കൂൾ കെട്ടിടത്തിന് 1957 മാർച്ച് 2 വെളുപ്പിന് ഒരു മണിക്കു തീ പിടിച്ചു. അകത്തു കിടന്നുറങ്ങുകയായിരുന്ന ഉദ്യോഗസ്ഥർ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു. പോളിങ് സാമഗ്രികൾ പെട്ടെന്നു തന്നെ മാറ്റി. സമീപത്തുള്ള ഒരു ഷെഡിൽ പോളിങ് ബൂത്ത് ക്രമീകരിച്ചു. അര മണിക്കൂർ വൈകിയാണെങ്കിലും വോട്ടെടുപ്പ് തടസ്സം കൂടാതെ നടന്നു. 
കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിലെ മൈനാഗപ്പള്ളിയിലെ ഒരു പോളിങ് സ്റ്റേഷനിൽ ഡ്യൂട്ടിക്കെത്തിയ അധ്യാപിക സമീപത്തുള്ള വൈദ്യന്റെ വീട്ടിത്തിലെത്തി ഇരട്ടപെൺകുട്ടികൾക്കു ജന്മം നൽകി. അവർക്കു പകരം ആളിനെ വച്ച് പോളിങ് സുഗമമായി നടത്തി. 1951 ഡിസംബർ 18ന് നടന്ന ഈ സംഭവത്തിൽ ജനിച്ച ‘പോളിങ് ട്വിൻസ്’ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ 72 വയസ് കഴിഞ്ഞിട്ടുണ്ടാകും.


Source link

Related Articles

Back to top button