INDIA

ഹൈക്കോടതിയെ വിലയ്‌ക്കെടുത്തു, ഒറ്റവോട്ട് പോലും ബിജെപിക്ക് ലഭിക്കില്ല: 26,000 അധ്യാപകരുടെ ജോലി പോയതിൽ മമത

26,000 അധ്യാപകരുടെ ജോലി പോയി, ഹൈക്കോടതിയെ ബിജെപി വിലയ്ക്കെടുത്തെന്ന് മമത, ഒറ്റവോട്ട് പോലും ബിജെപിക്ക് ലഭിക്കില്ല – Latest News | Manorama Online

ഹൈക്കോടതിയെ വിലയ്‌ക്കെടുത്തു, ഒറ്റവോട്ട് പോലും ബിജെപിക്ക് ലഭിക്കില്ല: 26,000 അധ്യാപകരുടെ ജോലി പോയതിൽ മമത

ഓൺലൈൻ ഡെസ്ക്

Published: April 25 , 2024 09:49 AM IST

1 minute Read

മമത ബാനർജി (Photo-Dibyangshu SARKAR / AFP)

കൊൽക്കത്ത∙ കൽക്കട്ട ഹൈക്കോടതിയെ ബിജെപി വിലയ്ക്കുവാങ്ങിയെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. 2016ലെ അധ്യാപക നിയമന ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണു മമതയുടെ ആരോപണം. ഒരു വോട്ടുപോലും ആരും ബിജെപിക്കും കോൺഗ്രസിനും സിപിഎമ്മിനും ചെയ്യാൻ പോകുന്നില്ലെന്നും അവർ പറഞ്ഞു. കോടതിവിധിയുടെ പശ്ചാത്തലത്തിൽ 26,000 അധ്യാപകർക്കാണു ജോലി നഷ്ടമായത്. ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. 

‘‘ഒരു വോട്ട് പോലും ബിജെപിക്കു ലഭിക്കാൻ പോകുന്നില്ല. അധ്യാപകരോ സർക്കാർ ജീവനക്കാരോ അവർക്കു വോട്ട് ചെയ്യാൻ പോകുന്നില്ല. ബിജെപി കോടതിയെ വിലയ്ക്കു വാങ്ങി. സുപ്രീംകോടതിയെ അല്ല, ഹൈക്കോടതിയെ. സുപ്രീം കോടതിയിൽനിന്നു നീതി ലഭിക്കുമെന്നാണു ഞാൻ പ്രതീക്ഷിക്കുന്നത്. അവർ ഹൈക്കോടതിയെ വിലയ്‌ക്കെടുത്തു. അവർ സിബിഐയെ, എൻഐഎയെ വിലയ്‌ക്കെടുത്തു. ബിഎസ്എഫിനെയും സിഎപിഎഫിനെയും വിലയ്‌ക്കെടുത്തു. അവർ ദൂരദർശൻ ലോഗോയുടെ നിറം കാവിയാക്കി. അതിനി മോദിയുടെയും ബിജെപിയുടെയും വക്താവാണ്. ദൂരദർശൻ ആരും കാണരുത്, ബഹിഷ്കരിക്കണം.’’ മമത പറഞ്ഞു. 

ഈ ആഴ്ച ആദ്യമാണ് 2016ലെ അധ്യാപക നിയമനം റദ്ദാക്കി കൽക്കട്ട ഹൈക്കോടതി ഉത്തരവിടുന്നത്. ജോലി ലഭിക്കുന്നതിനുവേണ്ടി ഉദ്യോഗാർഥികളിൽ ചിലർ കൈക്കൂലി നൽകിയെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു നടപടി. ജോലി നഷ്ടപ്പെട്ടതിനു പുറമേ 12% പലിശയിൽ ശമ്പളം തിരിച്ചടയ്ക്കാനും നിർദേശമുണ്ട്. കേസുമായി ബന്ധപ്പെട്ടു മുൻ വിദ്യാഭ്യാസ മന്ത്രി പാർഥ ചാറ്റർജിയുൾപ്പെടെ തൃണമൂൽ നേതാക്കളും ചില മുൻ ഉദ്യേഗസ്ഥരും ജയിലിലാണ്. 
നിയമനം റദ്ദാക്കാനുള്ള കോടതി ഉത്തരവിനെ തുടർന്നു നിരവധി പ്രതിഷേധങ്ങൾ കൊൽക്കത്തയിൽ നടന്നിരുന്നു. ഉദ്യോഗാർഥികളിൽ ചിലർ നടത്തിയ അഴിമതിയുടെ പേരിൽ നിഷ്കളങ്കരായ ആയിരക്കണക്കിന് അധ്യാപകരും അവരുടെ കുടുംബവും വിദ്യാർഥികളുമാണു ബുദ്ധിമുട്ട് അനുഭവിക്കുന്നതെന്നു പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. 

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ വിഷയം പ്രതിഫലിച്ചേക്കുമെന്നാണു കരുതുന്നത്. സന്ദേശ്ഖലി വിഷയത്തിൽ പ്രതിച്ഛായ നഷ്ടപ്പെട്ടുനിൽക്കുകയായിരുന്ന തൃണമൂലിന് ജനപിന്തുണ വീണ്ടെടുക്കാൻ ഇതിലൂടെ സാധിച്ചേക്കും. 

mo-politics-leaders-mamatabanerjee mo-judiciary-calcuttahighcourt 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-national-states-westbengal 701h22bils2ge0e3qgbd623f82


Source link

Related Articles

Back to top button