മണിപ്പുർ: ഇംഫാലിൽ സംഘർഷം, വെടിവയ്പ്; സ്ഫോടനത്തിൽ പാലം തകർത്തു

മണിപ്പുർ: ഇംഫാലിൽ സംഘർഷം, വെടിവയ്പ്; സ്ഫോടനത്തിൽ പാലം തകർത്തു – Clashes and firing in Imphal Manipur | India News, Malayalam News | Manorama Online | Manorama News
മണിപ്പുർ: ഇംഫാലിൽ സംഘർഷം, വെടിവയ്പ്; സ്ഫോടനത്തിൽ പാലം തകർത്തു
മനോരമ ലേഖകൻ
Published: April 25 , 2024 03:29 AM IST
1 minute Read
മണിപ്പൂരിലെ കാങ്പോക്പിയിൽ ദേശീയപാതയിലെ പാലം സ്ഫോടനത്തിൽ ഭാഗികമായി തകർന്നപ്പോൾ.
കൊൽക്കത്ത ∙ മണിപ്പുരിൽ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിനു തൊട്ടുമുൻപു വീണ്ടും വ്യാപകമായ അക്രമം. കാങ്പോക്പിയിൽ ദേശീയപാതയിലെ പാലം 3 സ്ഫോടനങ്ങളിൽ ഭാഗികമായി തകർത്തു. ഇതോടെ ഗതാഗതം തിരിച്ചുവിട്ടു. ഇംഫാലിനെയും നാഗാലാൻഡിലെ ദിമാപുരിനെയും ബന്ധിപ്പിക്കുന്ന പ്രധാന ദേശീയപാതയിലെ പാലത്തിലായിരുന്നു സ്ഫോടനം.
കാങ്പോക്പി സപോർമെയ്നയി കുക്കി അധിവാസ മേഖലയിലുള്ള പാലം തകർത്തത് മെയ്തെയ് ഭീകരഗ്രൂപ്പുകളാണെന്നു കുക്കി സംഘടനകൾ ആരോപിച്ചു. എന്നാൽ, ഇംഫാലിലേക്കുള്ള ചരക്കുനീക്കം തടയുന്നതിനു കുക്കികളാണ് പാലം തകർത്തതെന്നു മെയ്തെയ്കളും ആരോപിച്ചു.
സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കുക്കി മേഖലകളിലൂടെയുള്ള വാഹനനീക്കം ആവശ്യമെങ്കിൽ തടയുമെന്ന് കുക്കി സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ മുന്നറിയിപ്പു നൽകി. സംസ്ഥാനത്തെ പ്രധാന പാലങ്ങളിൽ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. ഇംഫാൽ വെസ്റ്റ്, ഈസ്റ്റ് ജില്ലകളിൽ ഇന്നലെയും വെടിവയ്പ് നടന്നു. സെക്മായിൽ തീവ്ര മെയ്തെയ് സംഘടനയായ ആരംഭായ് തെംഗോലിന്റെ ഒരു പ്രവർത്തകനു വെടിയേറ്റു.
ഇംഫാൽ നഗരത്തിൽ ഒരേ സംഘടനയിൽപെട്ട 2 വിഭാഗങ്ങൾ തമ്മിൽ സംഘർഷവും വെടിവയ്പുമുണ്ടായി. ഒന്നാംഘട്ട വോട്ടെടുപ്പിന്റെ സമയത്തും മണിപ്പുരിൽ വൻ സംഘർഷമുണ്ടായിരുന്നു. 2 കുക്കി യുവാക്കളെ വധിച്ച അക്രമികൾ അവരുടെ ശരീരഭാഗങ്ങൾ മുറിച്ചുമാറ്റി. വെടിവയ്പും ബൂത്ത് പിടിച്ചെടുക്കലും ഉണ്ടായതിനെത്തുടർന്ന് 11 ബൂത്തുകളിൽ റീപോളിങ് നടത്തി.
English Summary:
Clashes and firing in Imphal Manipur
h4qr5de1sdprru8v8c5thf935 40oksopiu7f7i7uq42v99dodk2-list mo-news-common-manipurunrest mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-news-national-states-manipur mo-politics-elections-loksabhaelections2024
Source link