വാഷിംഗ്ടൺ: യുദ്ധക്കെടുതികളിൽനിന്ന് കരകയറാൻ യുക്രെയ്നും ഇസ്രയേലിനും തായ്വാനും 95 ബില്യൺ ഡോളറിന്റെ സാന്പത്തിക പാക്കേജിന് അനുമതി നൽകി യുഎസ് സെനറ്റ്. വിദേശരാജ്യങ്ങളിലെ യുദ്ധങ്ങളിൽ യുഎസിന്റെ ഇടപെടൽ സംബന്ധിച്ച് മാസങ്ങളോളം തുടർന്ന ചർച്ചകൾക്കുശേഷമാണ് സെനറ്റിന്റെ അംഗീകാരം. യുക്രെയ്ന് 60.84 ബില്യണ്‍ ഡോളറും ഇസ്രയേലിന് 26 ബില്യണ്‍ ഡോളറും തായ്വാന് 8.12 ബില്യൺ ഡോളറുമാണ് ഏതാനും റിപ്പബ്ലിക്കൻ അംഗങ്ങളുടെ എതിർപ്പു നിലനിൽക്കേ അനുവദിച്ചത്. ഒരു ബില്യൺ ഡോളറിന്റെ മറ്റൊരു പാക്കേജും ആഴ്ചകൾക്കുള്ളിൽ പാസാക്കുമെന്ന് യുഎസ് അധികൃതർ പറഞ്ഞു. സാന്പത്തിക പാക്കേജിനെ യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി സ്വാഗതം ചെയ്തു. യുദ്ധം കൂടുതൽ പടരുന്നതു തടയുന്നതിനൊപ്പം ആയിരക്കണക്കിന് ജീവൻ രക്ഷിക്കാനും സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുദ്ധകാല സഹായത്തിനുള്ള ബിൽ പാസാക്കിയിരുന്നില്ലെങ്കിൽ രാഷ്ട്രീയവും സൈനികവുമായി യുഎസ് വലിയ വില നൽകേണ്ടിവരുമായിരുന്നുവെന്ന് ഡെമോക്രാറ്റ് നേതാവ് ചക്ക് ഷുമര്‍ അഭിപ്രായപ്പെട്ടു.
യുഎസിന്റെ സഖ്യകക്ഷികൾക്ക് സെനറ്റ് വ്യക്തമായൊരു സന്ദേശമാണ് നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഷുമറിനൊപ്പം റിപ്പബ്ലിക്കന്‍ നേതാവ് മിച്ച് മക്കോണലും നിയമനിർമാണം പാസാക്കുന്നതിന് മുൻനിരയിലുണ്ടായിരുന്നു. യുഎസിന്റെ സാന്പത്തിക സഹായമില്ലെങ്കിൽ റഷ്യൻ പ്രസിഡന്റ് പുടിനും അനുകൂലികളും ചേർന്ന് യുഎസിന് വലിയ വെല്ലുവിളികൾ സൃഷ്ടിക്കുമെന്ന നിലപാടിലേക്ക് സെനറ്റിനെ എത്തിക്കാൻ മക്കോണലിന്റെ വാദമുഖങ്ങൾക്കു കഴിഞ്ഞു. റിപ്പബ്ലിക്കന്‍ പ്രതിനിധിയായ സ്പീക്കര്‍ മൈക്ക് ജോണ്‍സണും അനുകൂല നിലപാട് സ്വീകരിച്ചതോടെയാണ് എതിർപ്പ് ഗണ്യമായി കുറഞ്ഞത്. ഇതോടെ 31 റിപ്പബ്ലിക്കൻ പ്രതിനിധികൾ സഹായപാക്കേജിനെ അനുകൂലിക്കുകയായിരുന്നു.
Source link