പ്രസംഗവിവാദം: പറഞ്ഞത് ഊന്നിപ്പറഞ്ഞും കൂട്ടിപ്പറഞ്ഞും മോദി; പരാതികളെക്കുറിച്ച് മൗനം തുടർന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ
പ്രസംഗവിവാദം: പറഞ്ഞത് ഊന്നിപ്പറഞ്ഞും കൂട്ടിപ്പറഞ്ഞും മോദി – Speech controversy: Narendra Modi emphasized and added to what he said last day | India News, Malayalam News | Manorama Online | Manorama News
പ്രസംഗവിവാദം: പറഞ്ഞത് ഊന്നിപ്പറഞ്ഞും കൂട്ടിപ്പറഞ്ഞും മോദി; പരാതികളെക്കുറിച്ച് മൗനം തുടർന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ
മനോരമ ലേഖകൻ
Published: April 24 , 2024 03:45 AM IST
1 minute Read
കോൺഗ്രസ് ഭരണം വന്നാൽ ഹനുമാൻഭജന കേൾക്കാൻപോലും അനുവദിക്കില്ലെന്ന് ആരോപണം
നരേന്ദ്ര മോദി (Photo: Sajjad Hussain/AFP)
ന്യൂഡൽഹി ∙ വിദ്വേഷ പ്രസംഗം നടത്തുന്നുവെന്ന പരാതികളിൽ തിരഞ്ഞെടുപ്പു കമ്മിഷൻ മൗനം തുടരുന്നതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപണങ്ങൾ കടുപ്പിച്ചു. കോൺഗ്രസ് ഭരണത്തിനു കീഴിൽ ‘ഹനുമാൻചാലീസ’ (ഹനുമാൻഭജന) കേൾക്കുന്നതു പോലും കുറ്റകരമാകുമെന്ന് അദ്ദേഹം ആരോപിച്ചു. കോൺഗ്രസ് വന്നാൽ സമ്പത്ത് വീതം വയ്ക്കുമെന്ന പരാമർശത്തെത്തുടർന്ന് കോൺഗ്രസും ഇന്ത്യാമുന്നണിയും തന്നെ പഴി പറയുകയാണെന്നും ഹനുമാൻ ജയന്തി ദിനമായ ഇന്നലെ രാജസ്ഥാനിലെ ടോങ്കിൽ പൊതുയോഗത്തിൽ മോദി പറഞ്ഞു.
നേരത്തേ ബൻസ്വാഡയിൽ, കോൺഗ്രസ് മറ്റുള്ളവരുടെ സ്വത്തു മുസ്‌ലിംകൾക്കു വീതം വച്ചു നൽകുമെന്നു പറഞ്ഞതിനെ മോദി ന്യായീകരിച്ചു. മോദിയുടെ ഈ പരാമർശം വൻ വിവാദമായിരുന്നു. കോൺഗ്രസും സിപിഎമ്മും സിപിഐയും ഇതിനെതിരെ പരാതി നൽകിയെങ്കിലും തിരഞ്ഞെടുപ്പു കമ്മിഷൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പരാതി ലഭിച്ചുവെന്നും പരിശോധിച്ചുവെന്നുമുള്ള അനൗദ്യോഗിക പ്രതികരണം മാത്രമാണ് കമ്മിഷൻ വൃത്തങ്ങളിൽനിന്നുണ്ടായത്.
∙ ഇന്നലെ മോദി പറഞ്ഞത്: ‘‘ജനങ്ങളുടെ സ്വത്തു തട്ടിയെടുത്തു വീതം വയ്ക്കാൻ കോൺഗ്രസ് ശ്രമിക്കുന്നുവെന്ന സത്യമാണ് ഞാൻ ജനങ്ങൾക്കു മുന്നിൽ വച്ചത്. തട്ടിയെടുത്ത് ചില ആളുകൾക്കു നൽകാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. കോൺഗ്രസിന്റെ വോട്ട് ബാങ്ക് രാഷ്ട്രീയവും പ്രീണനരാഷ്ട്രീയവുമാണ് ഞാൻ വെളിപ്പെടുത്തിയത്. അതിനു ശേഷം അവർ എല്ലായിടത്തും മോദിയെ അസഭ്യം പറയുകയാണ്. എന്തിനാണ് കോൺഗ്രസ് സത്യത്തെ ഭയക്കുകയും അതിന്റെ നയങ്ങൾ ഒളിക്കുകയും ചെയ്യുന്നത്? സമ്പത്തിനെക്കുറിച്ചു സർവേ നടത്തുമെന്ന് കോൺഗ്രസ് പ്രകടനപത്രികയിൽ പറഞ്ഞിട്ടുണ്ട്. അവരുടെ നേതാവ് അതു പ്രഖ്യാപിച്ചിട്ടുമുണ്ട്. മോദി ആ രഹസ്യം പുറത്തു കൊണ്ടുവന്നപ്പോൾ അവരുടെ ഒളി അജൻഡ പുറത്തായി. ഇപ്പോൾ അവർ വിറയ്ക്കുകയാണ്.
വിശ്വാസം പിന്തുടരുന്നതു പോലും കോൺഗ്രസ് ഭരണത്തിൽ അസാധ്യമാണ്. ഹനുമാൻ ചാലീസ കേൾക്കുന്നതു പോലും കോൺഗ്രസ് ഭരണത്തിൽ കുറ്റമായി മാറും, കർണാടകയിൽ ഹനുമാൻചാലീസ കേട്ടയാളെ മർദിച്ചു. സംവരണം അട്ടിമറിച്ച് ഒരു പ്രത്യേക സമുദായത്തെക്കൂടി ഉൾപ്പെടുത്താൻ കോൺഗ്രസ് ശ്രമിച്ചു. ബിജെപി അതു തടഞ്ഞു. വോട്ട് ബാങ്ക് സമുദായത്തിന് ആനുകൂല്യങ്ങൾ നൽകാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്’’. കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് മത്സരിക്കുന്ന മണ്ഡലമാണ് ടോങ്ക്.
∙ ‘എപ്പോഴും ഹിന്ദു-മുസ്‌ലിം എന്നു മാത്രം പ്രസംഗിച്ചു രാജ്യത്തു വിഭാഗീയത സൃഷ്ടിക്കുകയാണ് നരേന്ദ്ര മോദി’ – മല്ലികാർജുൻ ഖർഗെ (കോൺഗ്രസ് അധ്യക്ഷൻ)
English Summary:
Speech controversy: Narendra Modi emphasized and added to what he said last day
mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-parties-congress mo-politics-leaders-narendramodi 6b6ce18bk8c0gng4gnpt7vo94d mo-politics-elections-loksabhaelections2024
Source link