ഇംഗ്ലീഷ് ചാനൽ കടക്കുന്നതിനിടെ അഞ്ച് കുടിയേറ്റക്കാർ മുങ്ങിമരിച്ചു
പാരീസ്: കുടിയേറ്റക്കാരെ നാടുകടത്താനുള്ള ബില്ലിന് ബ്രിട്ടൻ അംഗീകാരം നൽകിയതിനു തൊട്ടുപിന്നാലെ ഇംഗ്ലീഷ് ചാനൽ കടക്കുന്നതിനിടെ അഞ്ചു പേർ മരിച്ചു. മരിച്ചവരിൽ ഏഴുവയസുള്ള പെണ്കുട്ടിയുമുൾപ്പെടും. ഇന്നലെ പുലര്‍ച്ചെ വടക്കൻ ഫ്രാൻസിലെ ബുലോഞ്ഞിയക്ക് സമീപം വിമറോയിലാണ് ബോട്ട് അപകടത്തില്‍പ്പെട്ടത്. ഫ്രാൻസിലെ ഫ്ലാഷിൽനിന്നും പുറപ്പെട്ട ചെറുബോട്ടിൽ 112 പേരാണുണ്ടായിരുന്നത്. പരിധിയിലധികം ആളുകള്‍ കയറിയതാണ് അപകടത്തിനു കാരണമെന്നു പറയുന്നു. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
രക്ഷപ്പെടുത്തിയവരെ ഉടൻതന്നെ ബുലോൺ തുറമുഖത്തേക്കു കൊണ്ടുപോകും. കുടിയേറ്റക്കാരെ നാടുകടത്താൻ ലക്ഷ്യമിട്ടുള്ള വിവാദ ബിൽ അടുത്തിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക് അംഗീകരിച്ചിരുന്നു. അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കുന്നവരെ റുവാണ്ടയിലേക്ക് അയയ്ക്കാനുള്ള ബില്ലാണ് പാസാക്കിയത്. നിയമത്തെ മനുഷ്യാവകാശ സംഘടനകൾ ശക്തമായി വിമർശിച്ചിരുന്നു. ആഫ്രിക്കയിലെയും പശ്ചിമേഷ്യയിലെയും യുദ്ധവും പട്ടിണിയും കാരണം ഇംഗ്ലീഷ് ചാനല്‍ വഴി ആയിരക്കണക്കിന് അഭയാര്‍ഥികളാണ് ബ്രിട്ടനിലേക്ക് കുടിയേറുന്നത്.
Source link