നവനീതിന് കടുപ്പം; അമരാവതിയിൽ വീണ്ടും ജനവിധിതേടി ‘ലവ് ഇൻ സിംഗപ്പോർ’ ചിത്രത്തിലെ നായിക

ഓറഞ്ചു പാടത്തിന്റെ പശ്ചാത്തലത്തിൽ ഗാനരംഗത്തിലെന്നപോലെ പാറിനടക്കുകയാണ് നടി നവനീത് കൗർ റാണ. ‘ലവ് ഇൻ സിംഗപ്പോർ’ എന്ന റാഫി മെക്കാർട്ടിൻ ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായിരുന്ന നവനീത് ഇപ്പോൾ മഹാരാഷ്ട്ര തിരഞ്ഞെടുപ്പുകളത്തിലെ ഗ്ലാമർതാരമാണ്. പഞ്ചാബി കുടുംബത്തിൽ മഹാരാഷ്ട്രയിൽ ജനിച്ചുവളർന്ന അവർ അമരാവതിയിൽ വീണ്ടും ജനവിധി തേടുന്നു.
മധ്യപ്രദേശ് അതിർത്തിയോടു ചേർന്നുകിടക്കുന്ന അമരാവതിയിൽ ഓറഞ്ചാണു പ്രധാനകൃഷി. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രയായി കളത്തിലിറങ്ങിയ നവനീത് എൻസിപിയും കോൺഗ്രസും പിന്തുണച്ചതോടെ വിജയിച്ചു. അധികം വൈകാതെ ബിജെപിയോടായി കൂറ്. ഇത്തവണ താമരചിഹ്നത്തിലാണു ജനവിധി തേടുന്നത്. എന്നാൽ, കാര്യങ്ങൾ അത്ര പന്തിയല്ല.
നവനീതിനെ സ്ഥാനാർഥിയാക്കിയതിൽ ബിജെപിയിൽ പ്രാദേശിക നേതാക്കളുടെ എതിർപ്പു ശക്തം. സീറ്റ് ബിജെപി പിടിച്ചെടുത്തതിന്റെ അമർഷത്തിലാണു സഖ്യകക്ഷിയായ ശിവസേന ഷിൻഡെ പക്ഷം. ഇരുപാർട്ടികളിലെയും പ്രാദേശിക നേതാക്കളിൽ പലരും പ്രചാരണത്തിൽ സജീവമല്ല. മറ്റൊരു സഖ്യകക്ഷിയായ പ്രഹാർ ജനശക്തി പാർട്ടി കരുത്തനായ സ്ഥാനാർഥിയെ നിർത്തി. പ്രകാശ് അംബേദ്കറുടെ സഹോദരനും ദലിത് നേതാവുമായ ആനന്ദ്‌രാജ് അംബേദ്കറും കളത്തിലുണ്ട്. എംഎൽഎ ബൽവന്ത് വാങ്കഡെയാണു കോൺഗ്രസ് സ്ഥാനാർഥി.
വിമതശല്യത്തിനും സഖ്യത്തിലെ കല്ലുകടിക്കും പുറമേ നവനീതിനും ഭർത്താവ് യുവ സ്വാഭിമാനി പാർട്ടി എംഎൽഎയായ രവി റാണെയ്ക്കുമെതിരെ ഒട്ടേറെ ആരോപണങ്ങളുമുണ്ട്.രാഷ്ട്രീയത്തിലെത്തിയ ശേഷം കോടികളുടെ ആസ്തിയിലേക്കുള്ള രവി റാണയുടെ വളർച്ച മണ്ഡലത്തിലെ സംസാരവിഷയമാണ്.
അതേസമയം ക്ലീൻ ഇമേജുള്ള ബൽവന്ത് വാങ്കഡെയ്ക്കു കാര്യമായ എതിർപ്പില്ല. ശരദ് പവാറും ഉദ്ധവ് താക്കറെയും പിസിസി അധ്യക്ഷൻ നാനാ പഠോളെയും അമരാവതിയിൽ പ്രചാരണം നടത്തിയത് ബൽവന്തിന്റെ ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ട്.
‘വികസനത്തുടർച്ചയ്ക്കു പാർട്ടി മാറി’
Q സിനിമയിൽനിന്നു രാഷ്ട്രീയത്തിലേക്കുളള മാറ്റത്തെക്കുറിച്ച്?
A 2011ൽ രവി റാണെയുമായുള്ള വിവാഹശേഷമാണു മുംബൈയിൽനിന്ന് അമരാവതിയിലേക്കു താമസം മാറിയതും പൊതുരംഗത്തു സജീവമായതും. രാഷ്ട്രീയത്തിൽ മറ്റുള്ളവർക്കുവേണ്ടിയാണ് ജീവിക്കുന്നതും പ്രവർത്തിക്കുന്നതും.
Q എൻസിപി പിന്തുണയോടെ രാഷ്ട്രീയത്തിലെത്തി. ഇപ്പോൾ ബിജെപിയിലേക്കു മാറി?
A അമരാവതിയിൽ ഒട്ടേറെ പദ്ധതികൾ കൊണ്ടുവരാൻ മോദി സർക്കാർ സഹായിച്ചു. അതിന്റെ തുടർച്ച വേണം. ഭരണപക്ഷത്ത് ഇരുന്നാൽ മണ്ഡലത്തിന് നേട്ടമുണ്ടാക്കാം.
Q ഉദ്ധവ് താക്കറെയ്ക്ക് എതിരായ പോരാട്ടത്തിലൂടെയാണല്ലോ ബിജെപിയുടെ ഗുഡ് ബുക്കിൽ ഇടംപിടിച്ചത്?
A ഉദ്ധവ് താക്കറെയുടെ വസതിക്കു മുന്നിൽ ഹനുമാൻ ചാലിസ ചൊല്ലുമെന്നു പറഞ്ഞതിനാണ് അദ്ദേഹത്തിന്റെ സർക്കാർ 2022 ൽ എന്നെ അറസ്റ്റ് ചെയ്തത്. രാജ്യദ്രോഹക്കുറ്റം ആരോപിച്ച് 14 ദിവസം ജയിലിലിട്ടു ഉപദ്രവിച്ചു.
Q ബിജെപിയുടെയും ഷിൻഡെ പക്ഷത്തിന്റെയും എതിർപ്പുകൾ മറികടന്നാണു താങ്കളെ ബിജെപി കേന്ദ്രനേതൃത്വം ഇടപെട്ടു സ്ഥാനാർഥിയാക്കിയത്. എന്താണു കാരണം?
A പാർലമെന്റിന് അകത്തും പുറത്തുമുള്ള എന്റെ പ്രവർത്തനം തന്നെ. അവസരങ്ങൾ നന്നായി വിനിയോഗിക്കാൻ ശ്രമിക്കാറുണ്ട്.
Source link