പ്രകടനപത്രിക വളച്ചൊടിച്ച് പ്രചരിപ്പിക്കുന്നു: ബിജെപിക്കെതിരെ കോൺഗ്രസ് – Congress Manifesto | BJP | Manorama Online News
പ്രകടനപത്രിക വളച്ചൊടിച്ച് പ്രചരിപ്പിക്കുന്നു: ബിജെപിക്കെതിരെ തിര. കമ്മിഷന് കോൺഗ്രസിന്റെ പരാതി
ഓൺലൈൻ ഡെസ്‌ക്
Published: April 23 , 2024 10:32 PM IST
1 minute Read
കോൺഗ്രസിന്റെ പ്രകടന പത്രിക പുറത്തിറക്കുന്ന സോണിയ ഗാന്ധി, മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി. ഫയൽ ചിത്രം: മനോരമ
ന്യൂഡൽഹി ∙ പ്രകടനപത്രികയിലെ വിവരങ്ങൾ ബിജെപി തെറ്റായി പ്രചരിപ്പിക്കുന്നെന്ന പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് കോൺഗ്രസ്. പ്രകടനപത്രികയിലെ കാര്യങ്ങളെ തെറ്റായി വ്യാഖ്യാനിച്ചു കോൺഗ്രസിനെതിരെ ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ ശ്രമിക്കുന്നെന്നാണു പരാതി. വ്യാജ പ്രചാരണത്തിനെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം.
സമൂഹത്തിൽ തുല്യമായ വികസനം വേണമെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തെച്ചൊല്ലി ശമ്പളക്കാർക്കും മധ്യവർഗക്കാർക്കും ഇടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്ന് അഖിലേന്ത്യ പ്രഫഷനൽ കോൺഗ്രസ് നേതാവ് പ്രവീൺ ചക്രവർത്തി പറഞ്ഞു. ജനങ്ങളുടെ സ്വത്ത് തട്ടിയെടുത്തു കോൺഗ്രസ് വീതിച്ചു കൊടുക്കുമെന്നാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ പ്രചരിപ്പിക്കുന്നതെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
കോൺഗ്രസ് അധികാരത്തിലെത്തിയാൽ അവർ ജനങ്ങളുടെ സ്വർണവും വെള്ളിയും കണക്കെടുപ്പു നടത്തി കൂടുതൽ മക്കളുള്ള നുഴഞ്ഞുകയറ്റക്കാർക്ക് വീതിച്ചുനൽകുമെന്നു കഴിഞ്ഞ ദിവസം മോദി ആരോപിച്ചിരുന്നു. ഈ പ്രസംഗത്തിനെതിരെ ശക്തമായ പ്രതികരണവുമായി കോൺഗ്രസ് രംഗത്തെത്തി. ആദ്യഘട്ട തിരഞ്ഞെടുപ്പിൽ വൻതിരിച്ചടി നേരിട്ടെന്നു മനസ്സിലായതോടെ രണ്ടാംഘട്ട തിരഞ്ഞെടുപ്പു ലക്ഷ്യമാക്കി മോദി പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്നു കോൺഗ്രസ് ആരോപിച്ചു. രാജ്യത്തിന്റെ സമ്പത്ത് ചില സമ്പന്നരിൽ മാത്രം കുന്നുകൂടാതെ എല്ലാവർക്കുമായി പുനർവിതരണം ചെയ്യാൻ നടപടി സ്വീകരിക്കുമെന്നാണു പ്രകടനപത്രികയിൽ പറയുന്നതെന്നും കോൺഗ്രസ് വ്യക്തമാക്കി.
English Summary:
Congress Files Complaint to Election Commission Over BJP’s Misleading Manifesto Claims
6iij28icb69233bhnp3fva4b3o 5us8tqa2nb7vtrak5adp6dt14p-list mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-politics-parties-congress mo-politics-elections-loksabhaelections2024
Source link