‘മാപ്പെവിടെ, മൈക്രോ സ്കോപ്പ് വച്ച് നോക്കണോ?’: പതഞ്ജലിയോടു സുപ്രീം കോടതി– Patanjali | Supreme Court | India News | Malayala Manorama
‘മാപ്പെവിടെ, മൈക്രോസ്കോപ്പ് വച്ച് നോക്കണോ?’: പതഞ്ജലിയോടു സുപ്രീം കോടതി
മനോരമ ലേഖകൻ
Published: April 23 , 2024 01:24 PM IST
Updated: April 23, 2024 02:11 PM IST
1 minute Read
ന്യൂഡൽഹി∙ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയതിന്റെ പേരിൽ പത്രങ്ങളിൽ പ്രസിദ്ധീകരിച്ച പതഞ്ജലിയുടെ ‘മാപ്പ്’ മൈക്രോസ്കോപ്പ് വച്ചു നോക്കേണ്ടി വരുമോയെന്നു സുപ്രീം കോടതിയുടെ ചോദ്യം. സാധാരണ പതഞ്ജലി ഉൽപന്നങ്ങളുടെ പരസ്യങ്ങൾ നൽകുന്ന അത്ര വലിപ്പത്തിലാണോ മാപ്പ് പ്രസിദ്ധീകരിച്ചതെന്നും ജഡ്ജിമാരായ ഹിമ കോഹ്‌ലി, എ.അമാനുള്ള എന്നിവരുടെ ബെഞ്ച് ചോദിച്ചു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട പതഞ്ജലിക്കെതിരായ കോടതിയലക്ഷ്യ ഹർജി കോടതി 30ലേക്കു മാറ്റി. പതഞ്ജലിയുടെ മാനേജിങ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണയും ബാബ രാംദേവും കോടതിയിൽ ഹാജരായിരുന്നു.
പത്രങ്ങളിൽ മാപ്പപേക്ഷ പ്രസിദ്ധീകരിച്ചെന്നും ഇക്കാര്യം വ്യക്തമാക്കി പത്രസമ്മേളനം നടത്തിയെന്നും പതഞ്ജലിക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തഗി പറഞ്ഞു. നിങ്ങൾ പത്രങ്ങളിൽ സാധാരണ നൽകാറുള്ള ഫുൾ പേജ് പരസ്യങ്ങളുടെ അത്രയ്ക്കുണ്ടായിരുന്നോ മാപ്പപേക്ഷ എന്നായിരുന്നു ജസ്റ്റിസ് ഹിമ കോഹ്‌ലിയുടെ ചോദ്യം. 67 പത്രങ്ങളിൽ മാപ്പപേക്ഷ പരസ്യമായി നൽകി. ഇതിനു ലക്ഷക്കണക്കിനു രൂപ ചെലവായെന്നും റോഹ്തഗി പറഞ്ഞു. നിങ്ങൾ സാധാരണ നൽകാറുള്ള പരസ്യങ്ങളുടെ അത്രയും രൂപ മാപ്പപേക്ഷയ്ക്ക് ചെലവായോ എന്നും ജഡ്ജി ചോദിച്ചു.
പ്രസിദ്ധീകരിച്ച മാപ്പപേക്ഷയുടെ പകർപ്പുകൾ ഹാജരാക്കാത്തതിന് കോടതി പതഞ്ജലിയുടെ അഭിഭാഷകനെ ശാസിച്ചു. അടുത്ത തവണ ഇവയെല്ലാം ഹാജരാക്കണമെന്നും നിർദേശിച്ചു. എന്തു വലിപ്പത്തിലാണു മാപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നു തങ്ങൾക്കു കാണണം. മാപ്പ് പ്രസിദ്ധീകരിച്ചത് മൈക്രോ സ്കോപ്പ് വച്ചു നോക്കി കണ്ടു പിടിക്കേണ്ട അവസ്ഥ ഉണ്ടാകരുതെന്നും കോടതി പറഞ്ഞു.
തെറ്റിദ്ധാരണാജനകമായ പരസ്യങ്ങൾക്കെതിരെ നിയമം പ്രയോഗിക്കാത്തതിൽ കേന്ദ്ര ആയുഷ് മന്ത്രാലയത്തെയും കോടതി വാദത്തിനിടെ വിമർശിച്ചു. ഇത്തരം പരസ്യങ്ങൾക്കെതിരെ കേന്ദ്ര സർക്കാർ ഉണർന്നു പ്രവർത്തിക്കണമെന്നും പറഞ്ഞു.
English Summary:
‘Apology Same Size As Ads?’ Supreme Court Grills Ramdev, Aide Balkrishna
mo-news-common-newdelhinews 3t6lvq93gen71f37oknndhgh6l 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-national-personalities-babaramdev mo-news-world-countries-india-indianews mo-business-patanjali
Source link