50 കോടി മുടക്കി, ലഭിച്ചത് 35 കോടി; നഷ്ടപരിഹാരമായി പ്രതിഫലം തിരിച്ചു നൽകാൻ ദേവരകൊണ്ട

50 കോടി മുടക്കി, ലഭിച്ചത് 35 കോടി; നഷ്ടപരിഹാരമായി പ്രതിഫലം തിരിച്ചു നൽകാൻ ദേവരകൊണ്ട | Family Star Loss

50 കോടി മുടക്കി, ലഭിച്ചത് 35 കോടി; നഷ്ടപരിഹാരമായി പ്രതിഫലം തിരിച്ചു നൽകാൻ ദേവരകൊണ്ട

മനോരമ ലേഖകൻ

Published: April 23 , 2024 11:54 AM IST

1 minute Read

പോസ്റ്റർ

വിജയ് ദേവരകൊണ്ട ചിത്രം ‘ഫാമിലി സ്റ്റാർ’ ബോക്സ്ഓഫിസിൽ ദുരന്തമായതോടെ വലിയ നഷ്ടമാണ് വിതരണക്കാർക്കും സംഭവിച്ചത്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിതരണക്കാർ നിർമാതാവ് ദിൽ രാജുവുമായി ചർച്ചയും നടത്തിയിരുന്നു. ഇതോടെ നായകനായ വിജയ് ദേവരകൊണ്ടയും സംവിധായകനായ പരശുറാമും തങ്ങളുടെ പ്രതിഫലത്തുകയിൽ നിന്നൊരു വിഹിതം വിതരണക്കാർക്കു നൽകാമെന്ന് ധാരണയായി. നിർമാതാവ് നൽകുന്ന തുകയ്ക്കു പുറമെയാണ് നായകനും സംവിധായകനും നഷ്ടം നികത്താനായി അധികത്തുക നൽകുന്നത്.
50 കോടി മുടക്കിയ ചിത്രത്തിന് വെറും 35 കോടി മാത്രമാണ് തിയറ്റർ കലക്‌ഷനായി ലഭിച്ചത്. ഒടിടി കച്ചവടത്തിലൂടെയും ചിത്രത്തിന് വലിയ ലാഭം നേടാനായില്ല. മെയ് 3ന് ആമസോൺ പ്രൈമിലൂടെ ചിത്രം റിലീസിനെത്തും.

ഏപ്രിൽ അഞ്ചിന് ഈദ് റിലീസ് ആയാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ആദ്യദിനത്തിൽ ദേവരകൊണ്ടയുടെ ആരാധകർ സിനിമയുടെ റിലീസ് ആഘോഷമാക്കിയെങ്കിലും പിന്നീടു വന്ന മോശം റിപ്പോർട്ടുകൾ കലക്‌ഷനെ ബാധിച്ചു. 54 ശതമാനം കുറവാണ് വരും ദിവസങ്ങളിൽ കലക്‌ഷനിൽ വന്ന കുറവ്. കേരളത്തിലും ചിത്രം പൂർണമായും പരാജയമായി മാറി.
ആദ്യ ദിനം തെലുങ്കിൽ നിന്നും 5.55 കോടിയാണ് സിനിമയ്ക്കു ലഭിച്ചത്. തമിഴ്നാട്ടിൽ നിന്നും വെറും 20 ലക്ഷവും. രണ്ടാം ദിനം 3.45 കോടി, മൂന്നാം ദിനം 3.1 കോടി. ഇതുവരെ സിനിമ ഇന്ത്യയിൽ നിന്നും നേടിയത് 13.72 കോടിയാണ്. ആഗോള കലക്‌ഷൻ 23.2 കോടിയും. പിന്നീട് ചിത്രം ബോക്സ്ഓഫിസിൽ കൂപ്പുകുത്തി. വിജയ്‌യുടെ കഴിഞ്ഞ ചിത്രങ്ങളെല്ലാം ബോക്സ്ഓഫിസിൽ ബോംബ് ആയിരുന്നു. 

70 കോടി മുടക്കി എത്തിയ ഖുഷി എന്ന സിനിമയും കഷ്ടിച്ചാണ് മുടക്കു മുതൽ തിരിച്ചുപിടിച്ചത്. പക്ഷേ തിയറ്ററിൽ ചിത്രം പരാജയമായി. 100 കോടി മുടക്കിയെത്തിയ ലിഗർ ദുരന്തമായിരുന്നു.
വിജയ് ദേവരകൊണ്ടയുടെ ഹിറ്റ് സിനിമയായ ‘ഗീതാഗോവിന്ദ’ത്തിന്റെ സംവിധായകൻ പരശുറാം ആണ് ഫാമിലി സ്റ്റാറും ഒരുക്കിയത്. പക്ഷേ കാലഹരണപ്പെട്ട കഥയാണ് സിനിമയ്ക്കു വിനയായതെന്നാണ് കണ്ടിറങ്ങുന്നവർ അഭിപ്രായപ്പെട്ടത്.

English Summary:
Family Star Movie Losses: Dil Raju and Vijay Deverakonda to Compensate

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-tollywoodnews mo-entertainment-common-kollywoodnews 5rmk8vb6eilhr39vlf032bcir0 f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-vijaydevarakonda


Source link
Exit mobile version