2022ല്‍ യുഎസ് പൗരത്വം ലഭിച്ചത് 65,960 ഇന്ത്യക്കാര്‍ക്ക്

വാഷിംഗ്ടണ്‍: 2022ല്‍ 65,960 ഇന്ത്യക്കാര്‍ക്ക് അമേരിക്കന്‍ പൗരത്വം ലഭിച്ചതായി യുഎസ് കോണ്‍ഗ്രസിന്റെ ഗവേഷണ വിഭാഗം (സിആര്‍എസ്) റിപ്പോര്‍ട്ട്. ഇതോടെ അമേരിക്കന്‍ പൗരത്വം സ്വീകരിക്കുന്ന രാജ്യക്കാരുടെ പട്ടികയില്‍ മെക്സിക്കോയ്ക്കു പിന്നാലെ ഇന്ത്യ രണ്ടാംസ്ഥാനത്താണ്. 2022 വരെയുള്ള കണക്കുകളനുസരിച്ച് വിദേശത്ത് ജനിച്ച 4.6 കോടി ആളുകളാണ് യുഎസിലുള്ളത്. രാജ്യത്തെ ജനസംഖ്യയില്‍ 14 ശതമാനത്തിന്റെ വര്‍ധനയാണ് ഇതുവഴി ഉണ്ടായത്. യുഎസ് ജനസംഖ്യ 33.3 കോടിയിലെത്തുകയും ചെയ്തു. യുഎസിൽ കഴിയുന്ന വിദേശ പൗരന്മാരിൽ 53 ശതമാനം പേര്‍ക്കും, അതായത് ഏകദേശം 2.5 കോടി ആളുകൾക്കു സ്വാഭാവിക പൗരത്വം ലഭിച്ചേക്കും. 2022ല്‍ മൊത്തം 9,69,380 വിദേശപൗരന്മാർക്കാണു യുഎസ് പൗരത്വം ലഭിച്ചത്. കൂടുതല്‍ പേര് മെക്സിക്കോ (1,28,878)യില്‍ നിന്നാണെങ്കിൽ രണ്ടാം സ്ഥാനം ഇന്ത്യക്കാണ്. ഫിലിപ്പീന്‍സ് (53,413), ക്യൂബ (46,913), ഡൊമിനിക്കന്‍ റിപ്പബ്ലിക് (34,525) എന്നിങ്ങനെയാണു തൊട്ടുതാഴെയുള്ള രാജ്യങ്ങളിൽനിന്നുള്ളവരുടെ എണ്ണം.
2023 വരെയുള്ള കണക്കുകളനുസരിച്ച് യുഎസില്‍ താമസിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം 28,31,330 ആണ്. 1,06,38,429 പേരുള്ള മെക്സിക്കന്‍ വംശജരാണ് യുഎസിലെ ഏറ്റവുംവലിയ കുടിയേറ്റ സമൂഹം. 22,25,447 പേരുള്ള ചൈനയ്ക്കാണു മൂന്നാംസ്ഥാനം. എന്നാൽ ഇവരിൽ വലിയൊരു വിഭാഗത്തിന് യുഎസ് പൗരത്വം ലഭിക്കുന്നതിന് ഇപ്പോഴുള്ള നിയമങ്ങൾ അപര്യാപ്തമാണെന്ന് വിലയിരുത്തപ്പെടുന്നു.
Source link