നേഹയുടെ കൊലപാതകം: കോണ്‍ഗ്രസ് നേതാവായ പിതാവിന്റെ ആരോപണം ചൂണ്ടിക്കാട്ടി സര്‍ക്കാരിനെതിരെ ബിജെപി

നേഹയുടെ കൊലപാതകം: അന്വേഷണത്തിൽ വീഴ്ചയെന്ന് പിതാവ്– Neha Hiremath murder | BJP targets Karnataka govt

നേഹയുടെ കൊലപാതകം: കോണ്‍ഗ്രസ് നേതാവായ പിതാവിന്റെ ആരോപണം ചൂണ്ടിക്കാട്ടി സര്‍ക്കാരിനെതിരെ ബിജെപി

ഓൺലൈൻ ഡെസ്ക്

Published: April 22 , 2024 01:07 PM IST

2 minute Read

നേഹ ഹിരേമഠിന്റെ കൊലപാതകത്തിൽ എബിവിപിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം(PTI Photo)

ബെംഗളൂരു∙  ഹുബ്ബള്ളിയിൽ കോളജ് വിദ്യാർഥിനി നേഹ ഹിരേമഠ് കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നേഹയുടെ പിതാവും കോൺഗ്രസ് നേതാവുമായ നിരഞ്ജൻ ഹിരേമഠ്. പൊലീസ് അന്വേഷണം വഴിതിരിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ് നിരഞ്ജൻ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. ഹുബള്ളി–ധാർവാഡ് കോർപറേഷനിലെ കോൺഗ്രസ് കൗൺസിലർ കൂടിയായ നിരഞ്ജൻ മഠിന്റെ മകളാണ് കൊല്ലപ്പെട്ട നേഹ.  കേസന്വേഷണത്തിന്റെ ചുമതലയുള്ള പൊലീസ് കമ്മിഷണറെ മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. 

‘‘ഞാൻ എട്ടു പേരുടെ പേരുകൾ അവരോട് തുറന്നു പറഞ്ഞതാണ്. എന്നാൽ അവർ ഒരാളെ പോലും പിടിച്ചില്ല. എനിക്കിപ്പോൾ വിശ്വാസം നഷ്ടപ്പെട്ടു. അവർ കേസ് വഴിതിരിച്ചുവിടാനാണ് ശ്രമിക്കുന്നത്. നിങ്ങൾക്ക് അന്വേഷിക്കാൻ കഴിയില്ലെങ്കിൽ കേസ് സിബിഐയ്ക്ക് വിടൂ. ഈ കേസന്വേഷണത്തിന്റെ ചുമതലയുള്ള കമ്മിഷണർ ഒരു സ്ത്രീ ആണ്. എന്നിട്ട് ഒരു പെൺകുട്ടിയുടെ കൊലപാതകം അവർ എത്ര നിസാരമായാണ് കാണുന്നത്. അവരെന്തോ സമ്മർദ്ദത്തിലാണ് പ്രവർത്തിക്കുന്നത്. അന്വേഷണത്തിൽ വീഴ്ച വരുത്തിയതിന് കമ്മിഷണറെ സ്ഥലം മാറ്റണം. കേസ് സിബിഐയ്ക്ക് വിടണം’’–നിരഞ്ജൻ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. 

നിരഞ്ജന്റെ പ്രതികരണത്തിനു പിന്നാലെ കർണാടകയിലെ കോൺഗ്രസ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്തുവന്നു. അന്വേഷണം ഇഴയുകയാണെന്നാണ് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ പറഞ്ഞത്. ‘‘മകളുടെ മരണത്തിനു ശേഷം നിരഞ്ജന്റെ വീട് സന്ദർശിക്കാൻ പോലും കോൺഗ്രസ് നേതാക്കൾ തയാറായില്ല. ഇപ്പോൾ അന്വേഷണം ശരിയല്ലെന്ന് പറ‍ഞ്ഞ് നിസ്സഹായനായ ആ പിതാവ് കോൺഗ്രസ് സർക്കാരിനെതിരെ ആഞ്ഞടിച്ചിരിക്കുന്നു. മകളുടെ മരണത്തിന്റെ വേദനകൾക്കിടയിൽ കോൺഗ്രസിന്റെ രാഷ്ട്രീയക്കളി കൂടി നേരിടേണ്ടി വരുന്നത് പരിതാപകരമായ അവസ്ഥയാണ്. നേഹയ്ക്ക് നീതി ലഭിക്കുമോ?’’– അമിത് മാളവ്യ എക്സിൽ കുറിച്ചു. 
ഹുബ്ബള്ളി ബി.വി.ഭൂമമറാഡി കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ എംസിഎ വിദ്യാർഥിനിയായ നേഹ ഹിരേമഠിനെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ ബെളഗാവി സ്വദേശി ഫയാസിനെ (19) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതേ കോളജിലെ ബിസിഎ വിദ്യാർഥിയാണ് അറസ്റ്റിലായ ബെളഗാവി സ്വദേശി ഫയാസ്. പ്രണയാഭ്യർഥനയുമായി ഫയാസ് പലതവണ നേഹയെ സമീപിച്ചെങ്കിലും നിരസിക്കപ്പെട്ടതോടെ, ക്യാംപസിലേക്കു കത്തിയുമായെത്തിയ ഇയാൾ നേഹയെ കുത്തിവീഴ്ത്തുകയായിരുന്നു. സഹപാഠികൾ ചേർന്ന് പിടികൂടിയ ഫയാസിനെ പിന്നീട് വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

നേഹ ഹിരേമഠിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയും ആവശ്യപ്പെട്ടു. പ്രണയം നിരസിച്ചതിന്റെ പേരിലാണ് ക്രൂരമായ കൊലപാതകം നടന്നത്. ലൗ ജിഹാദ് ഉൾപ്പെടെയുള്ള കാര്യങ്ങൾ സിബിഐ അന്വേഷണത്തിൽ മാത്രമേ പുറത്ത് വരികയുള്ളൂ. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ല. സംസ്ഥാന സർക്കാരിന്റെ അന്വേഷണത്തിൽ പാളിച്ച സംഭവിച്ചിട്ടുണ്ട്. ഹുബ്ബള്ളിയിൽ നേഹയുടെ മാതാപിതാക്കളെ  സന്ദർശിച്ചതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു നഡ്ഡ.
നേഹയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് 2 പേരെ ധാർവാഡ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എംസിഎ വിദ്യാർഥിനിയായിരുന്ന നേഹ ഹിരേമഠിനെ കൊലപ്പെടുത്തിയ ഫയാസിന്റെ സുഹൃത്തുക്കളാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. കോളജിലെ ആഘോഷവേളകളിൽ ഇരുവരും ഒരുമിച്ച് പങ്കെടുക്കുന്ന ചിത്രങ്ങൾ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് ഇവർ പ്രചരിപ്പിച്ചത്. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നെന്ന പ്രചാരണം നേഹയുടെ മാതാപിതാക്കൾ നിഷേധിച്ചിരുന്നു. 

കൊലപാതകത്തെ അപലപിച്ച് ഇന്ന് ഹുബ്ബള്ളിയിൽ മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തിൽ ബന്ദ് ആചരിക്കും. രാവിലെ 10 മുതൽ 3 വരെ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുമെന്ന് ധാർവാഡിലെ അഞ്ജുമാൻ ഇ ഇസ്‌ലാം പ്രസിഡന്റ് ഇസ്മായിൽ താമാറ്റാഗർ പറഞ്ഞു. ഹീനമായ കൊലപാതകത്തെ അംഗീകരിക്കുന്നില്ലെന്നും സാമുദായിക സംഘർഷം ഉണ്ടാക്കാനുള്ള ശ്രമം തടയുമെന്നും ഇസ്മായിൽ പറഞ്ഞു.
കൊല്ലപ്പെട്ട നേഹ ഫയാസുമായി പ്രണയത്തിലാണെന്ന തരത്തിൽ നടത്തിയ പ്രസ്താവനയിൽ ആഭ്യന്തര മന്ത്രി ജി.പരമേശ്വര ഖേദം അറിയിച്ചു. കൊല്ലപ്പെട്ട നേഹ ലൗ ജിഹാദിന്റെ ഇരയാണെന്ന് കഴിഞ്ഞ ദിവസം ആരോപണം ഉയർന്നിരുന്നു. എന്നാൽ ഇതിന് പിന്നിൽ ലൗ ജിഹാദ് അല്ലെന്നും ഇവർ നേരത്തെ പ്രണയത്തിൽ ആയിരുന്നെന്നുമാണ് പരമേശ്വര പറഞ്ഞത്. ഇത് നേഹയുടെ മാതാപിതാക്കൾ നിഷേധിച്ചതോടെയാണ് അദ്ദേഹം ഖേദം അറിയിച്ചത്. പ്രസ്താവന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എബിവിപി ഉൾപ്പെടെയുള്ള സംഘടനകൾ മന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയിരുന്നു.

English Summary:
Neha Hiremath murder: BJP targets Karnataka govt as father claims police ‘negligence’

5us8tqa2nb7vtrak5adp6dt14p-list mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list ic7ii8t38egtfmrl9e52032qp mo-news-world-countries-india-indianews mo-news-common-bengalurunews mo-politics-parties-congress mo-crime-murder mo-crime-crime-news


Source link
Exit mobile version