എട മോനേ… ഗുകേഷ്… ചരിത്രത്തിനരികെ ഇന്ത്യയുടെ ഗുകേഷ്.
ടൊറൊന്റോ: എട മോനേ, ചരിത്രം പിറക്കട്ടെ… അതെ, ഈ അക്ഷരങ്ങൽ നിങ്ങൾ വായിക്കുന്പോൾ ഒരു പക്ഷേചരിത്രം പിറന്നിരിക്കാം. ആ ചരിത്രം ഡി. ഗുകേഷ് എന്ന പതിനേഴുകാരന്റെ പേരിലായിരിക്കും കുറിക്കപ്പെട്ടിരിക്കുക. കാര്യം എന്താണെന്നല്ലേ…? 2024 ഫിഡെ കാൻഡിഡേറ്റ്സ് ഓപ്പണ് ചെസ് ടൂർണമെന്റിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ലോക ചാന്പ്യൻഷിപ് കിരീട പോരാട്ടത്തിനു യോഗ്യത നേടുന്ന രണ്ടാമത് ഇന്ത്യക്കാരൻ എന്ന ചരിത്രത്തിനരികെയാണ് ഗുകേഷ്. 14 റൗണ്ടുള്ള കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ ഇന്നലെ 13-ാം റൗണ്ട് പൂർത്തിയായപ്പോൾ 8.5 പോയിന്റുമായി ഗുകേഷ് ഒന്നാം സ്ഥാനത്താണ്. കാനഡയിലെ ടൊറൊന്റോയിൽ പ്രാദേശിക സമയം ഏപ്രിൽ 21 ഉച്ചകഴിഞ്ഞ് 2.30നാണ് 14-ാം റൗണ്ട് കാൻഡിഡേറ്റ്സ് മത്സരങ്ങൾ ആരംഭിക്കുന്നത്. അതായത് ഇന്ത്യയിൽ അപ്പോൾ സമയം ഏപ്രിൽ 22 പുലർച്ചെ 12.30. 13-ാം റൗണ്ടിൽ ഗുകേഷിന് ലീഡ് 13-ാം റൗണ്ടിൽ നിർണായക ലീഡ് നേടിയ ഡി. ഗുകേഷ് കാൻഡിഡേറ്റ്സ് ചെസ് ജേതാവാകാനുള്ള സാധ്യത വർധിപ്പിച്ചു. 13-ാം റൗണ്ടിൽ ഫ്രാൻസിന്റെ അലിറേസ ഫിറോസ്ജയെ 63 നീക്കം നീണ്ട മത്സരത്തിൽ ഗുകേഷ് കീഴടക്കി. വെള്ള കരുക്കൾകൊണ്ടായിരുന്നു ഗുകേഷിന്റെ കളി. ഇരുവരും ആദ്യതവണ (ഏഴാം റൗണ്ടിൽ) ഏറ്റുമുട്ടിയപ്പോൾ അലിറേസയോട് പരാജയപ്പെട്ടതിന്റെ കണക്കു തീർക്കുന്നതായിരുന്നു ഗുകേഷിന്റെ നിർണായക ജയം. ആദ്യതവണ ഏറ്റുമുട്ടിയപ്പോൾ ഗുകേഷിനായിരുന്നു കറുപ്പ് കരു. 13-ാം റൗണ്ടിലെ മറ്റ് മത്സരങ്ങളിൽ അമേരിക്കയുടെ ഫാബിയാനൊ കരുവാന ഇന്ത്യയുടെ ആർ. പ്രജ്ഞാനന്ദയെ തോൽപ്പിച്ചു. ഇതോടെ പ്രജ്ഞാനന്ദയുടെ ചാന്പ്യൻഷിപ് സാധ്യത അടഞ്ഞു. വെള്ള കരുക്കൾകൊണ്ട് കളിച്ച പ്രജ്ഞാനന്ദ 89 നീക്കം നീണ്ട മത്സരത്തിനൊടുവിലാണ് തോൽവി സമ്മതിച്ചത്. മറ്റ് മത്സരങ്ങളിൽ റഷ്യയുടെ ഇയാൻ നിപോംനിഷിയും അമേരിക്കയുടെ ഹികാരു നാകാമുറയും തമ്മിലും ഇന്ത്യയുടെ വിദിത് ഗുജറാത്തിയും അസർബൈജാന്റെ നിജത് അബാസോവും തമ്മിലും സമനിലയിൽ പിരിഞ്ഞു. ചതുഷ്കോണ പോരാട്ടം ഫിഡെ കാൻഡിഡേറ്റ്സ് ഓപ്പണ് ചെസിന്റെ അവസാന റൗണ്ടിലേക്ക് പ്രവേശിച്ചപ്പോൾ ചാന്പ്യൻപട്ടം ആര് നേടും എന്നതിൽ തീരുമാനമായിട്ടില്ല എന്നതും ശ്രദ്ധേയം. 8.5 പോയിന്റുള്ള ഡി. ഗുകേഷിനു പിന്നിൽ എട്ട് പോയിന്റുമായി റഷ്യയുടെ ഇയാൻ നിപോംനിഷി, അമേരിക്കൻ താരങ്ങളായ ഹികാരു നാകാമുറ, ഫാബിയാനൊ കരുവാന എന്നിവർ ഉണ്ട്. അതായത് 14-ാം റൗണ്ടിലെ ഫലം അനുസരിച്ചേ ചാന്പ്യൻപട്ടം ആർക്കെന്നു തീരുമാനമാകൂ. കാൻഡിഡേറ്റ്സ് ചാന്പ്യനാകാൻ ചതുഷ്കോണ പോരാട്ടമാണ് അവസാന റൗണ്ടിൽ അരങ്ങേറുക എന്നു ചുരുക്കം. 14-ാം റൗണ്ടിൽ ഗുകേഷിന്റെ എതിരാളി നാകാമുറയാണ്. നിപോംനിഷിയും കരുവാനയും തമ്മിലും ഏറ്റുമുട്ടും. അതായത് 13 റൗണ്ട് പൂർത്തിയായപ്പോൾ പോയിന്റ് ടേബിളിലെ ആദ്യ നാല് സ്ഥാനക്കാർ തമ്മിലാണ് കിരീടത്തിനായുള്ള തീപ്പൊരി നേർക്കുനേർ പോരാട്ടം. ക്ലൈമാക്സിന് ഇതിൽകൂടുതൽ എന്തുവേണം?
ഈ രണ്ട് മത്സരവും സമനിലയിൽ കലാശിച്ചാൽ ഒന്പത് പോയിന്റുമായി ഡി. ഗുകേഷ് ചരിത്രത്തിലേക്ക് നടക്കും. നാകാമുറയും ഗുകേഷും ആദ്യതവണ ഏറ്റുമുട്ടിയപ്പോൾ 40 നീക്കത്തിൽ മത്സരം സമനിലയിൽ അവസാനിച്ചിരുന്നു. വൈശാലി വണ്ടർ ഫിഡെ കാൻഡിഡേറ്റ്സ് വനിതാ ചാന്പ്യൻഷിപ്പിൽ ഇന്ത്യയുടെ ആർ. വൈശാലി തുടർച്ചയായ നാല് റൗണ്ടിൽ ജയം നേടി. കാൻഡിഡേറ്റ്സ് വനിതാ ചാന്പ്യൻഷിപ്പിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ് ആർ. പ്രജ്ഞാനന്ദയുടെ ചേച്ചികൂടിയായ ആർ. വൈശാലി. 14 റൗണ്ടുള്ള ചാന്പ്യൻഷിപ്പിലെ 10-ാം റൗണ്ട് മുതൽ 13-ാം റൗണ്ട് വരെയാണ് വൈശാലി തുടർച്ചയായി വെന്നിക്കൊടി പാറിച്ചത്. 13-ാം റൗണ്ടിൽ ചൈനയുടെ ലീ ടിംഗ്ജിയെയാണ് വൈശാലി തോൽപ്പിച്ചത്. 7.5 പോയിന്റുമായി ചാന്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനത്ത് തുടരുന്ന താരമാണ് ടിംഗ്ജി എന്നതാണ് ശ്രദ്ധേയം. 6.5 പോയിന്റുമായി ആറാം സ്ഥാനത്താണ് വൈശാലി. ഇന്ത്യയുടെ മറ്റൊരു താരമായ കൊനേരു ഹംപി 13-ാം റൗണ്ടിൽ യുക്രെയ്നിന്റെ അന്ന മുസിചുക്കുമായി സമനിലയിൽ പിരിഞ്ഞു. 6.5 പോയിന്റുമായി ഹംപി മൂന്നാമതാണ്. ചൈനയുടെ ടാൻ സോങ്യിയാണ് (8.5) ഒന്നാം സ്ഥാനത്ത്. < b>പതിനേഴുകാരൻ വിശ്വനാഥൻ ആനന്ദിനുശേഷം ഫിഡെ കാൻഡിഡേറ്റ്സ് ചെസ് ടൂർണമെന്റ് വിജയിക്കുന്ന ഇന്ത്യൻ താരം എന്ന ചരിത്രമാണ് ഡി. ഗുകേഷിനെ കാത്തിരിക്കുന്നത്. ചരിത്രത്തിൽ ഇതുവരെ ആനന്ദ് മാത്രമാണ് ഈ നേട്ടത്തിലെത്തിയ ഇന്ത്യൻ താരം. കാൻഡിഡേറ്റ്സ് ചെസ് ജയിക്കുകയും ലോക ചെസ് ചാന്പ്യൻഷിപ് ജയിക്കുകയും ചെയ്ത ഏക ഇന്ത്യക്കാരനും ആനന്ദാണ്. കാൻഡിഡേറ്റ്സ് ചെസ് ചാന്പ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരൻ എന്ന നേട്ടവും പതിനേഴുകാരനായ ഗുകേഷിനെ കാത്തിരിക്കുന്നു. കാൻഡിഡേറ്റ്സ് കിരീടം നേടിയാൽ 2024 ലോക ചെസ് ചാന്പ്യൻഷിപ്പിനായി ചൈനയുടെ ഡിങ് ലിറനെതിരേ മത്സരിക്കാനുള്ള ടിക്കറ്റ് ഗുകേഷിനു ലഭിക്കും. 2023 ലോക ചെസ് ചാന്പ്യൻഷിപ്പിൽ റഷ്യയുടെ ഇയാൻ നിപോംനിഷിയെ കീഴടക്കിയാണ് ഡിങ് ലിറൻ കിരീടം സ്വന്തമാക്കിയത്. 2023 സെപ്റ്റംബറിൽ വിശ്വനാഥൻ ആനന്ദിനെ പിന്തള്ളി ഇന്ത്യയുടെ ഒന്നാം നന്പർ സ്ഥാനത്ത് ഗുകേഷ് എത്തിയിരുന്നു. 37 വർഷത്തിനിടെ ആനന്ദിന് ഒന്നാം നന്പർ ഇന്ത്യൻ താരം എന്ന പദവി അന്നാണ് ആദ്യമായി നഷ്ടപ്പെട്ടത്. ഇതിഹാസങ്ങളായ അമേരിക്കയുടെ ബോബി ഫിഷറിനും നോർവെയുടെ മഗ്നസ് കാൾസനും ശേഷം ഫിഡെ കാൻഡിഡേറ്റ്സ് ചാന്പ്യൻഷിപ്പിൽ മത്സരിക്കുന്ന മൂന്നാമത് പ്രായം കുറഞ്ഞ താരമാണ് ഗുകേഷ്.
Source link