ജപ്പാനിൽ സൈനിക ഹെലികോപ്റ്ററുകൾ തകർന്നുവീണു; ഒരു മരണം
ടോക്കിയോ: ജപ്പാനിൽ രണ്ട് സൈനിക ഹെലികോപ്റ്ററുകൾ പരിശീലനത്തിനിടെ കടലിൽ തകർന്നുവീണു. അപകടത്തിൽ ഒരാൾ മരിച്ചെന്നും ഏഴു പേരെ കാണാതായെന്നും ജപ്പാനിലെ സെൽഫ് ഡിഫൻസ് ഫോഴ്സിന്റെ (എസ്ഡിഎഫ്) വക്താവ് മാധ്യമങ്ങളോടു പറഞ്ഞു. ഹെലികോപ്റ്ററുകളുടെ ചില ഭാഗങ്ങൾ കടലിൽനിന്നു കണ്ടെത്തിയിട്ടുണ്ട്. രണ്ട് ഹെലികോപ്റ്ററുകളും തകർന്നതായാണ് നിഗമനമെന്നു പ്രതിരോധ മന്ത്രി മിനോരു കിഹാര പറഞ്ഞു. ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചിരിക്കാമെന്ന് കിഹാര പറഞ്ഞു. “അപകട കാരണം ഇപ്പോഴും വ്യക്തമല്ല. ഹെലികോപ്റ്ററുകളിൽ ഉണ്ടായിരുന്നവരെ കണ്ടെത്തി അവരുടെ ജീവൻ രക്ഷിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ട്. ഹെലികോപ്റ്ററുകൾ രാത്രിയിൽ അന്തർവാഹിനികളെ നേരിടാനുള്ള പരിശീലനം നടത്തുന്നുണ്ട്. ഇതിനിടെയാണ് അപകടം. ഫ്ലൈറ്റ് റെക്കോർഡറുകൾ വീണ്ടെടുത്തു. ഹെലികോപ്റ്ററുകൾ കൂട്ടിയിടിക്കാനുള്ള സാധ്യത ഉൾപ്പെടെ പരിശോധിക്കുകയാണ്’’ -പ്രതിരോധ മന്ത്രി പറഞ്ഞു.
നാലു ജീവനക്കാരുമായി പുറപ്പെട്ട മാരിടൈം സെൽഫ് ഡിഫൻസ് ഫോഴ്സിന്റെ രണ്ട് ഹെലികോപ്റ്ററുകൾ ടോറിഷിമ ദ്വീപിനു സമീപം ശനിയാഴ്ച വൈകുന്നേരം ബന്ധം നഷ്ടപ്പെടുകയായിരുന്നു. ടോറിഷിമ ദ്വീപിൽനിന്ന് രാത്രി 10.38നാണ് ഒരു ഹെലികോപ്റ്ററുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടത്. ഏകദേശം 25 മിനിറ്റിനുശേഷം, രാത്രി 11.04ഓടെ, രണ്ടാമത്തെ ഹെലികോപ്റ്ററുമായുള്ള ആശയവിനിമയവും അതേ പ്രദേശത്ത് നഷ്ടപ്പെട്ടു. രക്ഷാപ്രവർത്തനത്തിനായി എട്ട് യുദ്ധക്കപ്പലുകളും അഞ്ച് വിമാനങ്ങളും വിന്യസിച്ചിട്ടുണ്ട്.
Source link