തിഹാർ ജയിൽ അധികൃതരുടെ വാദം പൊളിച്ച് എഎപി; എയിംസിന് അയച്ച കത്ത് പുറത്തുവിട്ടു
കേജ്‌രിവാളിന്റെ ചികിത്സ, തിഹാർ ജയിൽ അധികൃതരുടെ വാദം പൊളിച്ച് എഎപി – Latest News | Manorama Online
തിഹാർ ജയിൽ അധികൃതരുടെ വാദം പൊളിച്ച് എഎപി; എയിംസിന് അയച്ച കത്ത് പുറത്തുവിട്ടു
ഓൺലൈൻ ഡെസ്ക്
Published: April 21 , 2024 05:24 PM IST
Updated: April 21, 2024 05:33 PM IST
1 minute Read
അരവിന്ദ് കേജ്‌രിവാൾ (ചിത്രം: മനോരമ)
ന്യൂഡൽഹി∙ തിഹാർ ജയിലിൽ ആവശ്യത്തിനു മെഡിക്കൽ സൗകര്യങ്ങളുണ്ടെന്ന അധികൃതരുടെ അവകാശവാദങ്ങളെ പൊളിച്ച് ആം ആദ്മി പാർട്ടി (എഎപി). ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ ചികിത്സിക്കുന്നതിനു മുതിർന്ന ഡോക്ടറുടെ സേവനം ആവശ്യപ്പെട്ട് എയിംസ് ആശുപത്രിയിലേക്കു ജയിൽ ഡയറക്ടർ ജനറൽ അയച്ച കത്ത് എഎപി പുറത്തുവിട്ടു.
കേജ്‌രിവാളിനെ ചികിത്സിക്കുന്നതിനായി മുതിർന്ന പ്രമേഹരോഗ വിദഗ്ധന്റെ സേവനം ആവശ്യപ്പെട്ടാണു ജയിൽ ഡയറക്ടർ ജനറൽ സഞ്ജയ് ബനിവാൾ എയിംസിലേക്കു കത്തയച്ചത്. കേജ്‌രിവാളിന്റെ ഭാര്യയുടെ അപേക്ഷ പ്രകാരം, മുതിർന്ന ഡോക്ടർ അദ്ദേഹത്തെ വിഡിയോ കോൺഫറൻസിലൂടെ പരിശോധിച്ചുവെന്ന് ജയിൽ അധികൃതർ വ്യക്തമാക്കി. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നിലവിൽ അദ്ദേഹത്തിനില്ലെന്നും കഴിക്കുന്ന മരുന്നുകൾ തന്നെ തുടരാനാണു നിർദേശമെന്നും അധികൃതർ പറഞ്ഞു.
ടൈപ്പ് ടു പ്രമേഹരോഗിയായ കേജ്‌രിവാളിന് മരുന്ന് നൽകുന്നില്ലെന്ന് പാർട്ടി വക്താവും ആരോഗ്യമന്ത്രിയുമായ സൗരഭ് ഭരദ്വാജ് ആരോപിച്ചിരുന്നു. ജയിലിലാകുന്നതിന് മുൻപ് നിത്യവും 50 മില്ലി ഇൻസുലിൻ കേജ്‌രിവാൾ എടുത്തിരുന്നതായി ഭാര്യ സുനിതയും വ്യക്തമാക്കി. ഇൻസുലിനും ഡോക്ടറുമായുള്ള കൂടിക്കാഴ്ചയും നിഷേധിച്ച് തിഹാർ ജയിലിനുള്ളിൽ കേജ്‌രിവാളിനെ മരണത്തിലേക്ക് തള്ളിവിടുകയാണെന്ന് എഎപി ആരോപിച്ചു.
കേജ്‌രിവാളിന് ഇൻസുലിൻ നിഷേധിച്ചതിന് തിഹാർ ജയിൽ അധികൃതരെയും ബിജെപിയെയും കേന്ദ്ര സർക്കാരിനെയും ഡൽഹി ലഫ്.ഗവർണറെയും വിമർശിച്ച സൗരഭ് ഭരദ്വാജ്, കഴിഞ്ഞ 20-22 വർഷമായി ഡൽഹി മുഖ്യമന്ത്രി പ്രമേഹബാധിതനാണെന്നും പറഞ്ഞു. അറസ്റ്റിനു ശേഷം കേജ്‌രിവാളിന് ഇൻസുലിൻ കുത്തിവയ്പ് നൽകിയിട്ടില്ലെന്ന് ഞെട്ടിപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമാണെന്ന് അദ്ദേഹത്തിനു വേണ്ടി ഹാജരാകുന്ന മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്‍വിയും അഭിപ്രായപ്പെട്ടു.
പ്രമേഹ രോഗിയായ കേജ്‌രിവാൾ രോഗം വർധിപ്പിക്കുന്ന ഭക്ഷണ സാധനങ്ങൾ ജയിലിൽ മനപ്പൂർവം കഴിക്കുന്നതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വ്യാഴാഴ്ച കോടതിയിൽ ആരോപിച്ചിരുന്നു. മാമ്പഴം, മധുരപലഹാരങ്ങൾ എന്നിവ ദിവസവും കഴിക്കുന്നുവെന്നും പ്രമേഹ നിരക്കിലെ ഏറ്റക്കുറച്ചിൽ കാട്ടി ആരോഗ്യപ്രശ്നങ്ങളുടെ പേരിൽ ജാമ്യം നേടാനാണു ശ്രമമെന്നും ഇ.ഡി വാദിച്ചു. തന്റെ ഭക്ഷണം പോലും രാഷ്ട്രീയവൽക്കരിക്കാനാണ് ഇ.ഡി ശ്രമിക്കുന്നതെന്നും തരംതാണ നീക്കമാണിതെന്നും കേജ്‌രിവാൾ കോടതിയിൽ പറഞ്ഞു.
English Summary:
AAP shares the letter written by Prisons Director Genaral’s letter to AIIMS
4p3qk879sad41uv4ikkbbveqdl 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-crime-tiharjail mo-news-world-countries-india-indianews mo-politics-leaders-arvindkejriwal mo-politics-parties-aap
Source link