നാഗാലാൻഡ്: 6 ജില്ലകൾ, 4 ലക്ഷം വോട്ടർമാർ; പോളിങ് 0%
കൊൽക്കത്ത ∙ നാഗാലാൻഡിൽ 6 ജില്ലകളിലെ 4 ലക്ഷത്തോളം വോട്ടർമാരിൽ ആരും 19നു വോട്ട് ചെയ്തില്ല. ഫ്രോണ്ടിയർ നാഗാലാൻഡ് എന്ന പേരിൽ പ്രത്യേക സംസ്ഥാനം ആവശ്യപ്പെടുന്ന മോൺ, ട്യൂസാങ്, കിഫൈർ, ലോങ്ലി, നോക്ലാക്, ഷാംതോർ ജില്ലകളിലായിരുന്നു അപൂർവ ബഹിഷ്കരണം. ഭരണകക്ഷിയായ എൻഡിപിപിയുടെയും ബിജെപിയുടെയും 20 എംഎൽഎമാരും വോട്ടെടുപ്പിൽ പങ്കെടുത്തില്ല. നാഗാലാൻഡിലെ ഏക ലോക്സഭാ സീറ്റിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. 2019ൽ 83% ആയിരുന്നു പോളിങ് എങ്കിൽ ഇത്തവണ 56.91% മാത്രം. സംസ്ഥാനത്താകെ 16 ജില്ലകളായി 13.5 ലക്ഷം വോട്ടർമാരാണുള്ളത്.
ബിജെപി സഖ്യത്തിലുള്ള എൻഡിപിപിയുടെ ഡോ. ചുംബെൻ മറി, കോൺഗ്രസിന്റെ എസ്.സുപോങ്മെറെൻ ജാമിർ, സ്വതന്ത്ര സ്ഥാനാർഥി ഹയിതുങ് ബിൽ ലോത്ത എന്നിവരാണു സ്ഥാനാർഥികൾ. കിഴക്കൻ നാഗാലാൻഡിൽ വികസനം എത്തിയില്ലെന്ന് ആരോപിച്ചാണ് ഈ പ്രദേശത്തുള്ളവർ പ്രത്യേക സംസ്ഥാനം ആവശ്യപ്പെടുന്നത്. വിവിധ ഗോത്രങ്ങളുടെ നേതൃത്വത്തിലുള്ള ഈസ്റ്റേൺ നാഗാലാൻഡ് പീപ്പിൾസ് ഓർഗനൈസേഷനാണ് സമരത്തിനു നേതൃത്വം നൽകുന്നത്. 6 ജില്ലകൾക്കു സ്വയംഭരണ കൗൺസിൽ അനുവദിക്കണമെന്നു സംസ്ഥാന സർക്കാർ ശുപാർശ ചെയ്തിട്ടുണ്ടെങ്കിലും സമ്പൂർണ സംസ്ഥാന പദവി വേണമെന്നാണ് ആവശ്യം.
മണിപ്പുരിൽ 11 ബൂത്തിൽ നാളെ റീപോളിങ്
കൊൽക്കത്ത ∙ മണിപ്പുരിൽ 11 ബൂത്തുകളിൽ നാളെ റീപോളിങ്. ഇന്നർ മണിപ്പുർ മണ്ഡലത്തിൽ ബൂത്തുപിടിത്തം, വോട്ടിങ് യന്ത്രം തകർക്കൽ തുടങ്ങിയവ നടന്ന സ്ഥലങ്ങളിലും മറ്റുമാണ് റീപോളിങ്. സായുധ സംഘങ്ങൾ ബൂത്തുകൾ പിടിച്ചെടുത്ത് കൂട്ടമായി കള്ളവോട്ട് ചെയ്ത സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ലക്ഷദ്വീപിൽ 83.88%
കൊച്ചി ∙ ആദ്യഘട്ടത്തിൽ തിരഞ്ഞെടുപ്പു നടന്ന ലക്ഷദ്വീപിൽ 83.88% പോളിങ്. 85.21 ആയിരുന്നു 2019 ലെ പോളിങ് ശതമാനം. 57,784 വോട്ടർമാരിൽ ഇക്കുറി വോട്ട് രേഖപ്പെടുത്തിയതു 48,468 പേരാണ്. സ്ത്രീകളാണു മുന്നിൽ; 24,278 പേർ. 24,190 പുരുഷൻമാരും വോട്ടു ചെയ്തു. ഏറ്റവും ചെറിയ ദ്വീപായ ബിത്രയിൽ 100 ശതമാനമാണു പോളിങ്.
മിനിക്കോയിയിലാണ് ഏറ്റവും കുറവു പോളിങ്. 8602 വോട്ടർമാരിൽ 5479 പേർ മാത്രമാണു വോട്ടു ചെയ്തത്– 63.70% പോളിങ്. കവരത്തിയിൽ 86.27% വോട്ടുകൾ പോൾ ചെയ്തു. ഏറ്റവും കൂടുതൽ വോട്ടർമാരുള്ള ആന്ത്രോത്തിൽ 86.72%. ചെത്‌ലാത് (90.81), കിൽത്താൻ (89.89), കടമത്ത് (88.97), അമിനി (88.65), കൽപേനി (82.32), അഗത്തി (87.51) എന്നിങ്ങനെയാണു മറ്റു ദ്വീപുകളിലെ പോളിങ് ശതമാനം. എൻസിപി (എസ്പി) സ്ഥാനാർഥി മുഹമ്മദ് ഫൈസൽ, കോൺഗ്രസ് സ്ഥാനാർഥി ഹംദുല്ല സഈദ്, എൻസിപി അജിത് പവാർ വിഭാഗം സ്ഥാനാർഥി ടി.പി.യൂസുഫ്, സ്വതന്ത്ര സ്ഥാനാർഥി കെ.കോയ എന്നിവർ തമ്മിലാണു പോരാട്ടം.
തമിഴ്നാട്ടിൽ പോളിങ് കുറഞ്ഞു
ചെന്നൈ ∙ തമിഴ്നാട്ടിലെ പോളിങ് 69.46%. 72.09% എന്നാണു കഴിഞ്ഞദിവസം അറിയിച്ചിരുന്നത്. 2019 ൽ 72.44% ആയിരുന്നു പോളിങ്. ഇക്കുറി 3% കുറവ്.
Source link