രാജീവ് ഗൗഡയ്ക്കുറപ്പ്; മോദി പ്രതിപക്ഷത്തിരിക്കും

നരച്ച തലയും വെള്ള സ്ലാക്ക് ഷർട്ടും പാന്റ്സുമായി, സ്ഥാനാർഥിയുടെ രൂപത്തെക്കാൾ മാനേജ്മെന്റ് പ്രഫസറുടെ കുലീനതയാണ് ബെംഗളൂരു നോർത്ത് കോൺഗ്രസ് സ്ഥാനാർഥി എം.വി.രാജീവ് ഗൗഡയ്ക്ക്. കലിഫോർണിയ സർവകലാശാലയിൽ നിന്നു ബിരുദവും വാർട്ടൺ ബിസിനസ് സ്കൂളിൽ നിന്ന് എംബിഎയും. ഐഐഎമ്മിൽ ഇക്കണോമിക്സ് പ്രഫസറും റിസർവ് ബാങ്ക് ഡയറക്ടറും കർണാടക ആസൂത്രണ ബോർഡ് വൈസ് ചെയർമാനും രാജ്യസഭാംഗവുമായിരുന്നു.
മൻമോഹൻ സിങ്ങിന്റെ ശിഷ്യൻ. കേന്ദ്ര കാബിനറ്റിൽ മാത്രമല്ല, ഏതു പദവിക്കും ചേരും. 134 കോടിയുടെ ആസ്തി. പിതാവ് വെങ്കിടപ്പ കർണാടക സ്പീക്കറായിരുന്നു. അമ്മാവൻ കൃഷ്ണപ്പ നെഹ്റു കാബിനറ്റിൽ മന്ത്രിയും കർണാടക ഡെയറിയുടെ സ്ഥാപകനും. പരമ്പരാഗത കോൺഗ്രസ് കുടുംബം.
ബസവൻഗുഡിയിലെ ശ്വാസ ഹോംസിലെ ഫ്ലാറ്റിൽ സ്ഥാനാർഥിയുടെ കൂടെയുള്ള ബഹളങ്ങളൊന്നുമില്ല. കേരളത്തിലെപ്പോലെ കോൺഗ്രസ് പ്രവർത്തകർ പൊതിഞ്ഞു നിൽക്കുന്നില്ല. ഗായന സമാജ ഹാളിലെ പ്രചാരണ യോഗത്തിൽ നിറയെ ആളുണ്ടായിരുന്നു. ബിഐടിയിലെ പ്രഫസറായ നാരായണ രഹസ്യം പറഞ്ഞു, ‘‘ഈ വന്നവരിൽ കോൺഗ്രസ് മാത്രമല്ല, എല്ലാ പാർട്ടികളെയും പിന്തുണയ്ക്കുന്നവരുണ്ട്. വൊക്കലിഗ സംഘം ക്ഷണിച്ചുകൊണ്ടു വന്നവരാണ്.’’
എതിർസ്ഥാനാർഥി ബിജെപിയിലെ തീപ്പൊരി പ്രസംഗക ശോഭ കരന്ത്‌ലജെ ഉഡുപ്പി ചിക്കമഗളൂരുവിൽ എംപിയായിരുന്നെങ്കിലും കഴിഞ്ഞ തവണ ജയിച്ച ശേഷം തിരിഞ്ഞു നോക്കിയിട്ടില്ലത്രെ. ഇത്തവണ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ബിജെപിക്കാർ തന്നെ ഗോബാക്ക് വിളിച്ചതിനാൽ മണ്ഡലം മാറുകയായിരുന്നു. 2004 മുതൽ ബിജെപി മാത്രം ജയിക്കുന്ന ‘ഷുവർ സീറ്റിൽ’ ശോഭയെ കൊണ്ടുവന്നു. യെഡിയൂരപ്പ പോലൊരു ഗോഡ്ഫാദർ ഉള്ളതിന്റെ ഗുണം. ഇവിടെയും ലോക്കൽ ബിജെപിക്കാർക്ക് എതിർപ്പുണ്ട്. നിലവിലുള്ള എംപി സദാനന്ദ ഗൗഡയും പിണങ്ങി. തമിഴരെയും മലയാളികളെയും പ്രസംഗത്തിൽ ആക്ഷേപിച്ച ശോഭ, വിവാദമായപ്പോൾ തമിഴരോടു മാത്രം മാപ്പ് പറഞ്ഞു.
‘‘ഈ മണ്ഡലം ബിജെപിയുടെ കുത്തകയായിരുന്നു. 99നു ശേഷം കോൺഗ്രസ് ജയിച്ചിട്ടില്ല. പക്ഷേ ഇക്കുറി ഞാൻ കുത്തക തകർക്കാൻ പോവുകയാണ്. ’’–രാജീവ് ഗൗഡ പറഞ്ഞു.
Q ആത്മവിശ്വാസത്തിനു പിന്നിലെന്ത്?
aജനത്തിന് റാമല്ല, വയറാണ് പ്രശ്നം. ബിജെപി ഭരണത്തിൽ തൊഴിലില്ലായ്മയും ദാരിദ്ര്യവും വർധിച്ചു. കർണാടക സർക്കാർ സൗജന്യ വൈദ്യുതി ഉൾപ്പെടെ 5 ഗാരന്റികൾ നടപ്പാക്കി. അതു വോട്ടായി മാറും.
Qസൗജന്യങ്ങൾ കർണാടകയുടെ സാമ്പത്തികസ്ഥിതി തകർക്കില്ലേ?
aകർണാടക കേരളത്തെ പോലെയല്ല. കടമെടുത്തുമാത്രം ചെലവ് നടത്തേണ്ട ഗതികേടില്ല. അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ ആയതിനാൽ നികുതികൾ ഉൾപ്പടെ വരുമാനം വൻതോതിൽ വർധിക്കുന്നു. ആ വരുമാനത്തിൽ നിന്ന് ജനക്ഷേമ പദ്ധതികളുടെ ചെലവ് നടത്താൻ കഴിയും. കേരളത്തിൽ അതില്ലാത്തതാണ് പ്രശ്നം. ഫ്രീബീസ് എന്ന് പലരും ആക്ഷേപിക്കുന്ന സൗജന്യങ്ങൾ സാധാരണക്കാരുടെ സേഫ്റ്റി നെറ്റാണ്. അതുകൊണ്ട് ജനങ്ങളുടെ ജീവിത നിലവാരം ഉയരുന്നു.
Q ഇലക്‌ഷൻ ഫലം എങ്ങനെയാകും?
aമോദി പ്രതിപക്ഷത്ത് ഇരിക്കുന്നത് നിങ്ങൾക്കു കാണാം. കഴിഞ്ഞ തവണ കിട്ടിയ 303 സീറ്റ് ഉണ്ടാവില്ല. മഹാരാഷ്ട്രയിലും ബിഹാറിലും കർണാടകയിലുമെല്ലാം സീറ്റുകൾ കുറയും. ഭൂരിപക്ഷത്തിനു വേണ്ട 272 സീറ്റ് ബിജെപി നേടില്ല.
Source link