ബ്ലാസ്റ്റേഴ്സും ആർസിബിയും തമ്മിൽ…
ഒരു നാൾ വരും, അതുവരെ ആരാധകരേ ശാന്തരാകുവിൻ… എത്രനാൾ ഈ കാത്തിരിപ്പ് എന്നു ചോദിക്കരുതെന്നു മാത്രം. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെയും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെയും ആരാധകർക്കാണ് ഈ ദുരിതം. രണ്ട് ടീമും കളിക്കുന്നത് രണ്ടിടങ്ങളിലാണ്, കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിലും റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ഇന്ത്യൻ പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റിലും. എന്നാൽ, ഇരുടീമും തമ്മിൽ രണ്ട് കാര്യങ്ങളിൽ സാമ്യമുണ്ട്, ഇതുവരെ കിരീടം ഇല്ലാത്തതിലും ആരാധകരുടെ ശക്തമായ പിൻബലത്തിലും. ആരാധകർക്ക് എത്രമാത്രം സഹനശക്തി ഉണ്ടെന്ന് പരീക്ഷിക്കുകയാണോ ഈടീമുകളുടെ മാനേജ്മെന്റും കളിക്കാരും എന്നതാണ് സംശയം. അല്ലെങ്കിൽ ഇവരേക്കാൾ ഗ്ലാമർ കുറഞ്ഞ ടീമുകൾ ഐഎസ്എല്ലിലും ഐപിഎല്ലിലും ഇതിനോടകം കിരീടം സ്വന്തമാക്കിക്കഴിഞ്ഞു. 10-ാം സീസണും ശൂന്യം ഇന്ത്യൻ സൂപ്പർ ലീഗിൽ 10-ാം സീസണിലും കിരീടം ഇല്ലാതെ കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പോരാട്ടം അവസാനിപ്പിച്ചു. 2023-24 സീസണിന്റെ പ്ലേ ഓഫ് എലിമിനേറ്ററിൽ പുറത്തായതോടെയാണിത്. 2014ൽ ക്ലബ് രൂപീകരിച്ചതിനുശേഷം മൂന്ന് സീസണിൽ (2014, 2016, 2021-22) ഫൈനലിൽ പ്രവേശിച്ചതു മാത്രമാണ് ബ്ലാസ്റ്റേഴ്സിന്റെ നേട്ടം. 2023-24 സീസണിൽ ഒരു ഘട്ടത്തിൽ ലീഗ് പോയിന്റ് ടേബിളിൽ കേരള ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്തുണ്ടായിരുന്നു. 2023 കലണ്ടർ വർഷം അവസാനിക്കുന്പോൾ ലീഗിന്റെ തലപ്പത്തായിരുന്നു കേരള ബ്ലാസ്റ്റേഴ്സ്. പിന്നീട് തലകുത്തി വീണ ടീം, ലീഗ് ടേബിളിൽ അഞ്ചാമതായി. പ്ലേ ഓഫ് എലിമിനേറ്ററിൽ പരാജയപ്പെട്ട് പുറത്താകുകയും ചെയ്തു. ബ്ലാസ്റ്റേഴ്സിന്റെ ഈ പതനത്തിനു പരിക്കാണ്. പ്രീസീസണ് പരിശീലനം മുതൽ കേരള ബ്ലാസ്റ്റേഴ്സിനെ പരിക്ക് വിടാതെ പിന്തുടരുകയായിരുന്നു. ഏറ്റവും ഒടുവിൽ പ്ലേ ഓഫ് എലിമിനേറ്റർ പോരാട്ടത്തിനിടെ ഗോളി ലാറ ശർമയ്ക്കും പരിക്കേറ്റു.
ഓസ്ട്രേലിയൻ താരം ജോഷ്വ സൊറ്റിരിയൊയാണ് പ്രീസീസണ് പരിശീലനത്തിൽ പരിക്കേറ്റ് പുറത്തായത്. പിന്നീട് ഖ്വാമെ പെപ്ര, ദിമിത്രിയോസ് ഡയമാന്റകോസ്, അഡ്രിയാൻ ലൂണ, മാർക്കൊ ലെസ്കോവിച്ച്, ഫ്രെഡ്ഡി ലാൽവാമ് വ, ജീക്സണ് സിംഗ്, ഐബാൻബ ഡോഹ് ലിംഗ്, നവോച്ച സിംഗ്, സച്ചിൻ സുരേഷ് എന്നിവർക്കെല്ലാം പരിക്കേറ്റു. ബ്ലാസ്റ്റേഴ്സിന്റെ താളം നഷ്ടപ്പെടുത്തുന്നതായിരുന്നു ഇവരുടെയെല്ലാം പരിക്ക്. ഇതിന്റെയെല്ലാം ആകെത്തുക നിരാശയും… 17ഉം തഥൈവ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് ഐപിഎല്ലിൽ 17-ാം സീസണിലും കിരീടം നേടാൻ സാധിക്കില്ലെന്ന് ഇതിനോടകം ഏകദേശം ഉറപ്പായിട്ടുണ്ട്. 14 മത്സരങ്ങളുള്ള ലീഗ് റൗണ്ടിലെ ഏഴ് കളി പൂർത്തിയാക്കിയപ്പോൾ ഒരു ജയം മാത്രമാണ് ആർസിബിക്കു നേടാൻ സാധിച്ചത്. രണ്ട് പോയിന്റുമായി ഏറ്റവും പിന്നിലാണ് (10-ാം സ്ഥാനം) ടീം. ഇന്ന് കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേയാണ് റോയൽ ചലഞ്ചേഴ്സിന്റെ എട്ടാം മത്സരം. ഇന്നത്തേതുൾപ്പെടെ ശേഷിക്കുന്ന ഏഴ് മത്സരങ്ങളിലും ജയിച്ചാൽ മാത്രമേ പ്ലേ ഓഫ് ഉൾപ്പെടെ മുന്നോട്ടുള്ള പ്രയാണം ആർസിബിക്കു സാധ്യമാകൂ. കാരണം, ഒന്നാം സ്ഥാനത്തുള്ള രാജസ്ഥാൻ റോയൽസുമായി 10 പോയിന്റിന്റെ വ്യത്യാസം ആർസിബിക്ക് ഇപ്പോഴുണ്ട്. ഐപിഎൽ ചരിത്രത്തിൽ രണ്ട് തവണ ഫൈനലിൽ (2009, 2016) പ്രവേശിച്ചതു മാത്രമാണ് ആർസിബിയുടെ ഇതുവരെയുള്ള നേട്ടം. 2023 സീസണിൽ ലീഗ് റൗണ്ടിൽ ആറാം സ്ഥാനത്തായിരുന്നു. കിരീട ദൗർഭാഗ്യത്തെത്തുടർന്ന് വിരാട് കോഹ്ലി ക്യാപ്റ്റൻ സ്ഥാനം രാജിവച്ചെങ്കിലും ടീമിന്റെ പ്രകടനത്തിൽ ഒരു മാറ്റവും വന്നില്ല എന്നതാണ് ദുഃഖം…
Source link