സൺറൈസേഴ്സ് ഹൈദരാബാദ് മൂന്നാം തവണയും 250 റൺസ് കടന്നു
ന്യൂഡൽഹി: 2024 സീസണ് ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ വെടിക്കെട്ട് അടി തുടർക്കഥ. മുംബൈ ഇൻസിന് എതിരേ 277ഉം റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരേ 287ഉം നേടിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഇന്നലെ ഡൽഹി ക്യാപ്പിറ്റൽസിനെതിരേ 20 ഓവറിൽ കുറിച്ചത് 266/7 എന്ന സ്കോർ. ലോക ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിൽ ഒരു ടീം മൂന്ന് പ്രാവശ്യം 250ൽ കൂടുതൽ നേടുന്നത് ഇത് രണ്ടാം തവണ, ഐപിഎല്ലിൽ ആദ്യവും. സറെയാണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയ ടീം. 16 പന്തിൽ അർധസെഞ്ചുറി പിന്നിട്ട ട്രാവിസ് ഹെഡും (32 പന്തിൽ 89), 12 പന്തിൽ 46 റണ്‍സ് നേടിയ അഭിഷേക് ശർമയും ചേർന്ന് ആദ്യവിക്കറ്റിൽ 131 റണ്‍സ് അടിച്ചെടുത്തു. 6.2 ഓവരിലായിരുന്നു ഇത്. പവർ പ്ലേ അവസാനിച്ചപ്പോൾ വിക്കറ്റ് നഷ്ടപ്പെടാതെ 125 റണ്‍സായിരുന്നു സണ്‍റൈസേഴ്സിന്. ഐപിഎൽ ചരിത്രത്തിൽ പവർപ്ലേയിലെ ഏറ്റവും ഉയർന്ന സ്കോറാണിത്. ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിൽ പവർപ്ലേയിൽ ഏറ്റവും കൂടുതൽ സിക്സും (11) സണ്‍റൈസേഴ്സ് ഇന്നിംഗ്സിൽ പിറന്നു. അഞ്ച് ഓവറിൽ സണ്‍റൈസേഴ്സ് 100 കടന്നു. ട്വന്റി-20 ചരിത്രത്തിൽ ഏറ്റവും കുറവ് പന്തിൽ (30) 100 റണ്‍സ് കടക്കുന്ന ചരിത്രവും അതോടെ കുറിക്കപ്പെട്ടു.
നിതീഷ് കുമാർ റെഡ്ഡി (27 പന്തിൽ 37), ഷഹ്ബാസ് അഹമ്മദ് (29 പന്തിൽ 59 നോട്ടൗട്ട്) എന്നിവരും സണ്‍റൈസേഴ്സിനായി കടന്നാക്രമണം നടത്തി. മറുപടിക്കിറങ്ങിയ ഡൽഹി ക്യാപ്പിറ്റൽസിന് 19.1 ഓവറിൽ 199 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. സൺറൈസേഴ്സിന് 67 റൺസ് ജയം. 15 പന്തിൽ 50 കടന്ന് ഡൽഹിയുടെ ജേക്ക് ഫ്രേസർ മക്ഗുക്ക് (18 പന്തിൽ 65) ഈ സീസണിലെ വേഗമേറിയ അർധസെഞ്ചുറി സ്വന്തമാക്കി. അഭിഷേക് പോറൽ (22 പന്തിൽ 42), ഋഷഭ് പന്ത് (35 പന്തിൽ 44) എന്നിവരും ഡൽഹിക്കായി തിളങ്ങി.
Source link