CINEMA

‘രോമാഞ്ചം’ റിലീസിനു മുന്നേ രങ്കന്റെ പിള്ളേരെ റെഡിയാക്കിയ ജിത്തു മാധവൻ


ജിത്തു മാധവൻ സംവിധാനം ചെയ്ത ആവേശം സൂപ്പർഹിറ്റായതോടെ രങ്കണ്ണനും രങ്കണ്ണന്റെ പിള്ളേരും വേറെ ലെവലിലെത്തി. ന്യൂജൻ കുട്ടികളുടെ സോഷ്യൽ മീഡിയ പ്രൊഫൈൽ പിക് മുതൽ കമന്റ്, മെസേജ്, വാട്സാപ്പ് സ്റ്റിക്കറിൽ പോലും ആവേശം മയമുണ്ട്. സിനിമയിൽ ഫഹദ് ഫാസിലിന്റെ കഥാപാത്രമാണ് രങ്കണ്ണൻ. രങ്കണ്ണന്റെ പിള്ളേർ എന്ന ഹിറ്റ് ടാഗ്‌ലൈനിൽ എത്തുന്നത് തിരുവനന്തപുരം സ്വദേശി മിഥുൻ ജയശങ്കർ, കൊല്ലം സ്വദേശികളായ പ്രണവ് രാജ് (ഹിപ്്സ്റ്റർ), റോഷൻ ഷാനവാസ് എന്നിവർ. മൂവരും സിനിമയിൽ എത്തുന്നതിനു മുൻപേ സമൂഹമാധ്യമങ്ങളിൽ താരങ്ങൾ. ഇവരുടെ വിഡിയോ കണ്ടാണ് ജിത്തു സിനിമയിലേക്ക് ക്ഷണിക്കുന്നത്. അന്ന് ജിത്തുവിന്റെ ആദ്യ സിനിമ രോമാഞ്ചം റിലീസ് ആയിട്ടില്ല. മൂവരും മൂന്നു തിയറ്ററുകളിലായി രോമാഞ്ചം ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയ്ക്ക് തന്നെ കയറി. പടം ഹിറ്റായതോടെ കോൺഫിഡൻസ് കൂടി. മിഥുൻ, പ്രണവ്, റോഷൻ എന്നിവരുടെ വിശേഷങ്ങൾ. 
പൂജപ്പുരാണം പറഞ്ഞ് സിനിമയിലേക്ക്

തിരുവനന്തപുരം പൂജപ്പുര സ്വദേശിയാണ് മിഥുൻ ജയശങ്കർ. മിഥുനുൾപ്പെടെ 6 പേർ അടങ്ങുന്ന സംഘം പൂജപ്പുരാണം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ട്യൂഷൻ ക്ലാസിലൂടെ സുഹൃത്തുക്കളായവർ. സ്കൂൾ സമയം മുതൽ ചർച്ച ചെയ്തിരുന്നത് സിനിമയായിരുന്നു. പഠനം പൂർത്തിയാക്കിയതിനു ശേഷം പൂജപ്പുരാണം എന്ന യുട്യൂബ് ചാനലും ഇൻസ്റ്റഗ്രാം പേജും തുടങ്ങി. സിനിമാ വിശേഷങ്ങളും ട്രോളുകളും അടങ്ങിയ വിഡിയോകളായിരുന്നു ഇവരുടെ കണ്ടന്റ്. ഇത്തരത്തിൽ ഒരു വിഡിയോ കണ്ടാണ് ജിത്തു വിളിക്കുന്നത്. കൊച്ചിയിൽ വരണമെന്നറിയിച്ചു. രോമാഞ്ചത്തിന്റെ പ്രമോഷനു വേണ്ടിയാകും എന്നു കരുതി. അവിടെ എത്തിയപ്പോഴാണ് ആവേശത്തിൽ അഭിനയിക്കാനാണെന്ന് അറിഞ്ഞത്. സംഘത്തിലെ ബാക്കി 5 പേരുടെയും കട്ട സപ്പോർട്ട് എപ്പോഴും ഉണ്ടായിരുന്നെന്ന് മിഥുൻ പറയുന്നു. 

മിഥുൻ ജയശങ്കർ

സിനിമയുടെ ഷൂട്ട് തുടങ്ങുന്നതിനു ഒരു മാസം മുൻപ് തന്നെ ബെംഗളൂരു കമ്മനഹള്ളിയിൽ താമസമാക്കി. മിഥുൻ, പ്രണവ്, റോഷൻ എന്നിവർ ഒരുമിച്ചായിരുന്നു താമസം. ചെറിയ ഗ്രൂമിങ് സെഷനുകൾ നൽകി. ഒരുമിച്ചുള്ള താമസവും ഇവർ തമ്മിലുള്ള കെമിസ്ട്രി കൂട്ടിയെന്നും മിഥുൻ പറയുന്നു. തിരുവനന്തപുരം ക്രൈസ്റ്റ് നഗർ കോളജിൽ നിന്നു ബിരുദം പൂർത്തിയാക്കി. ഇനി സിനിമ തന്നെയാണ് ലക്ഷ്യം. ഏറത്തുവിളാകത്ത് വീട്ടിൽ ജി.ജയശങ്കറിന്റെയും സി.വി.സുജിതയുടെയും മകനാണ്. 
പ്രണവ് ടു ഹിപ്സ്റ്റർ ടു അജു !
ആവേശത്തിന്റെ ആദ്യ ടീസർ ഇറങ്ങിയപ്പോൾ മുതൽ കമന്റ് ബോക്സിൽ ഫഹദ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കണ്ട പേര് – ഹിപ്സ്റ്റർ. യുട്യൂബിൽ ഒരു മില്യൻ ഫോളോവേഴ്സ്. ഇൻസ്റ്റഗ്രാമിൽ 7 ലക്ഷത്തിലധികം ഫോളോവേഴ്സ്. ആവേശം സെറ്റിലെത്തുന്നതിനു മുൻപ് തന്നെ ഹിപ്സ്റ്റർ എന്നറിയപ്പെടുന്ന കൊല്ലം കുളത്തൂർപ്പുഴ സ്വദേശി പ്രണവ് രാജ് സ്റ്റാറാണ്. കുളത്തൂപ്പുഴയിലെ സാധാരണ കുടുംബത്തിൽ നിന്നുള്ള പ്രണവിന്റെ തലവര മാറ്റിയത് ഹിപ്സ്റ്റർ ഗെയിമിങ് എന്ന യുട്യൂബ് ചാനലും ഓൺലൈൻ ഗെയിമിങ്ങുമാണ്. പ്രണവിന്റെ ഓരോ ഗെയിമിങ് വിഡിയോകൾക്കും ലക്ഷക്കണക്കിന് ആരാധകരാണ്. കൂടുതലും ന്യൂജെൻ പിള്ളേർ. 

ഹിപ്സ്റ്റർ

ഗെയിമിങ് വിഡിയോകൾ കൂടാതെ  ഷോർട് വിഡിയോകളും ചാനലിൽ അപ്‌ലോഡ് ചെയ്തിരുന്നു. ഇത്തരത്തിലുള്ള വിഡിയോ കണ്ടാണ് ജിത്തുവിന്റെ വിളി വരുന്നത്. സിനിമ വളരെ ഇഷ്ടമാണെങ്കിലും സിനിമ നടനാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ച വ്യക്തിയല്ല. എങ്ങനെ നടനാകുമെന്നും അറിയില്ലായിരുന്നു. എന്നാൽ അവസരം തേടിയെത്തി. ഹിപ്സ്റ്റർ അങ്ങനെ അജുവായി. സമൂഹമാധ്യമങ്ങളിൽ നിന്നു വിട്ടു നിന്നു. ഒരു വർഷമായി വിഡിയോ ചെയ്തിട്ടില്ല. ഇനി മുന്നോട്ടും സിനിമയ്ക്കാണ് പ്രാധാന്യം നൽകുന്നതെന്നാണ് പ്രണവിന്റെ തീരുമാനം. 
ഫഹദിനൊപ്പം അൻവർ റഷീദ്, സമീർ താഹിർ, ജിത്തു എന്നിവരുടെ വലിയ പിന്തുണ ലഭിച്ചു. ഡിഗ്രി പൂർത്തിയാക്കി എംബിഎ പഠിക്കവെയാണ് സിനിമയിൽ അവസരം ലഭിച്ചത്. അരുണോദയം വീട്ടിൽ രാജേന്ദ്രൻ പിള്ളയുടെയും ഒ.ശാലിനിയുടെയും മകനാണ്. 
ഡബ്സ്മാഷിൽ തുടങ്ങി സിനിമയിലേക്ക് !
റോറിങ് സ്റ്റാർ ! ശാന്തൻ എന്ന കഥാപാത്രം അവതരിപ്പിക്കുന്ന കൊല്ലം പള്ളിമുക്ക് സ്വദേശി റോഷൻ ഷാനവാസിനെ ആവേശം സിനിമയുടെ ടൈറ്റിൽസിൽ അവതരിപ്പിക്കുന്നത് ഇങ്ങനെയാണ്. റോഷനും സിനിമയിലെത്തുന്നതിനു മുൻപ് തന്നെ വിഡിയോകളിലൂടെ അത്യാവശ്യം പ്രശസ്തി നേടിയിരുന്നു. 

റോഷൻ ഷാനവാസ്

2017ൽ ഡബ്സ്മാഷ് ആപ്ലിക്കേഷനിലൂടെയാണ് റോഷൻ വിഡിയോകൾ ചെയ്തു തുടങ്ങിയത്. തുടക്കത്തിൽ കാഴ്ചക്കാർ വളരെ കുറവായിരുന്നു. പിന്നീട് ജീവിതത്തിൽ നടക്കുന്ന ചെറിയ സംഭവങ്ങൾ ഹാസ്യം ചേർത്ത് ചെറു വിഡിയോകളാക്കി ഇറക്കി. അതോടെ കാഴ്ചക്കാർ കൂടി തുടങ്ങി. ഇത്തരം വിഡിയോകൾ കണ്ടാണ് ജിത്തു വിളിച്ചതും. സിനിമയ്ക്കു മുൻപ് 30000 ൽ താഴെയായിരുന്നു ഫോളോവേഴ്സ്. സിനിമ ഇറങ്ങിയതോടെ 50000 അടുത്തു. 
ബെംഗളൂരുവിലെ ഷൂട്ടിങ് ജീവിതം കളർഫുളായിരുന്നുവെന്ന് റോഷൻ പറയുന്നു. ഒരു കെട്ടിടത്തിന്റെ മൂന്നാം നിലയിലായിരുന്നു താമസം. രണ്ടാം നിലയിൽ ജിത്തു, അൻവർ റഷീദ് തുടങ്ങിയവർ. സിനിമ ഹിറ്റായതോടെ നാട്ടിലും സ്റ്റാറാണ് ഇപ്പോൾ. 
പള്ളിമുക്ക് റോഷൻസ് ഹൗസിൽ എ.ഷാനവാസിന്റെയും സുബി സലാമിന്റെയും മകനാണ്. ഡിഗ്രി പൂർത്തിയാക്കി കൊച്ചിയിൽ ജോലി ചെയ്യവെയാണ് സിനിമയിലേക്ക് അവസരം ലഭിക്കുന്നത്.


Source link

Related Articles

Back to top button