കേരള ബ്ലാസ്റ്റേഴ്സിനെ എക്സ്ട്രാ ടൈം ഗോളിൽ കീഴടക്കി ഒഡീഷ സെമി ഫൈനലിൽ
ഭുവനേശ്വർ: കിരീടം ഇല്ലാത്ത നാണക്കേടുമായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പത്താം സീസണിലെ പോരാട്ടവും അവസാനിപ്പിച്ചു. ഐഎസ്എൽ ഫുട്ബോൾ 2023-24 പ്ലേ ഓഫ് എലിമിനേറ്ററിൽ ഒഡീഷ എഫ്സിയോട് 2-1നു പരാജയപ്പെട്ട് ബ്ലാസ്റ്റേഴ്സ് പുറത്ത്. കൊന്പന്മാർ എന്നു വിശേഷിപ്പിക്കപ്പെടുന്ന ബ്ലാസ്റ്റേഴ്സ് അധിക സമയത്തേക്ക് നീണ്ട പോരാട്ടത്തിലാണ് കലിംഗ സ്റ്റേഡിയത്തിൽ തോൽവി വഴങ്ങിയത്. ഫെഡോർ ചെർണിച്ചിലൂടെ (67’) ലീഡ് നേടിയ ബ്ലാസ്റ്റേഴ്സിനെ ഡിഗോ മൗറീഷ്യോയിലൂടെ (87’) നിശ്ചിത സമയത്ത് ഒഡീഷ സമനിലയിൽ പിടിച്ചു. തുടർന്ന് അധിക സമയത്തേക്ക് നീണ്ടപ്പോൾ 98-ാം മിനിറ്റിൽ മിസോറം താരമായ ഇസാക്ക് വാൻലാൽറുത്ഫെലയുടെ ഗോളിൽ ജയം സ്വന്തമാക്കുകയും ചെയ്തു. പ്ലേ ഓഫ് എലിമിനേറ്റർ ജയിച്ച ഒഡീഷ സെമിയിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെ നേരിടും. ലഭിച്ച അവസരങ്ങൾ നഷ്ടപ്പെടുത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് സംഘത്തെയാണ് കലിംഗ സ്റ്റേഡിയത്തിൽ കണ്ടത്. നിശ്ചിത സമയത്ത് 11 ഷോട്ട് പായിച്ച കേരള ബ്ലാസ്റ്റേഴ്സിന്റെ മൂന്ന് ഷോട്ട് ഓണ്‍ ടാർഗറ്റിലേക്കായിരുന്നു. മത്സരത്തിന്റെ തുടക്കത്തിൽ ഒഡീഷ എഫ്സി വല കുലുക്കി. എന്നാൽ, ഉടൻതന്നെ ബ്ലാസ്റ്റേഴ്സ് കളിക്കാരുടെ ശക്തമായ പ്രതിഷേധത്തിനൊടുവിൽ റഫറി ഓഫ് സൈഡ് വിളിച്ച് ഗോൾ റദ്ദാക്കി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ലഭിച്ച അവസരങ്ങൾ മുതലാക്കാൻ കേരള ബ്ലാസ്റ്റേഴ്സിനു സാധിച്ചില്ല. ബ്ലാസ്റ്റേഴ്സിന്റെ ആക്രമണം നയിച്ച മുഹമ്മദ് ഐമനും ഫെഡോർ ചെർണിച്ചുമായിരുന്നു അവസരം നഷ്ടപ്പെടുത്താനും മത്സരിച്ചത്. ഒടുവിൽ 67-ാം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സ് ലീഡ് നേടി. മുഹമ്മദ് ഐമന്റെ ക്രോസിൽ ഫെഡോർ ചെർണിച്ച് ഒഡീഷ വല കുലുക്കി. ലാറ ശർമ പുറത്ത് ലീഗ് റൗണ്ടിലെ അവസാന രണ്ട് മത്സരങ്ങളിൽ ഇറങ്ങിയ ലാറ ശർമ മികച്ച സേവുകളുമായി ബ്ലാസ്റ്റേഴ്സ് വല കാത്തു. എന്നാൽ, കാലിനു പരിക്കേറ്റ് 78-ാം മിനിറ്റിൽ ലാറ ശർമ പുറത്തായി. പ്രഥമശുശ്രൂഷയ്ക്കുശേഷം കളത്തിൽ തുടരാൻ ലാറ ശർമ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. അതോടെ കരണ്‍ജീത് സിംഗ് ഗോൾ വലയ്ക്ക് മുന്നിൽ. 81-ാം മിനിറ്റിൽ ചെർണിച്ചിനെ പിൻവലിച്ച് അഡ്രിയാൻ ലൂണയെ ബ്ലാസ്റ്റേഴ്സ് കളത്തിലിറക്കി. പരിക്കിനെത്തുടർന്ന് ഡിസംബർ മുതൽ കളത്തിനു പുറത്തായിരുന്ന ലൂണയുടെ തിരിച്ചുവരവായിരുന്നു അത്. 87-ാം മിനിറ്റിൽ ഡീഗൊ മൗറീഷ്യോയിലൂടെ ഒഡീഷ സമനിലയിലെത്തി. അതോടെ മത്സരം അധിക സമയത്തേക്ക്.
Source link