നിങ്ങളെ ചിരിപ്പിക്കുന്ന ഞാൻ, കഴിഞ്ഞ കുറേക്കാലമായി ദിവസവും കരയുകയാണ്: ദിലീപ്


വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി കരയുകയാണെന്ന് നടൻ ദിലീപ്. ചിരിപ്പിക്കാൻ ശ്രമിക്കുന്ന തനിക്ക് ഇവിടെ നിലനിൽക്കാൻ ഈ സിനിമ വളരെ ആവശ്യമാണെന്നും നടൻ പറഞ്ഞു. ‘പവി കെയർ ടേക്കർ’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു ദിലീപിന്റെ പ്രതികരണം. ‘‘ഇത് എനിക്ക് 149ാമത്തെ സിനിമയാണ്. ഇത്രയും കാലം ഞാൻ ഒരുപാട് ചിരിച്ചു, ചിരിപ്പിച്ചു. കഴിഞ്ഞ കുറേക്കാലമായി ഞാൻ ദിവസവും കുറേ കരഞ്ഞുകൊണ്ടിരിക്കുന്ന ആളാണ്. ചിരിപ്പിക്കാൻ ശ്രമിക്കുന്ന എനിക്ക് ഇവിടെ നിലനിൽക്കാൻ ഈ സിനിമ വളരെ ആവശ്യമാണ്.’’–ദിലീപ് പറയുന്നു.
വിനീത് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദിലീപിനൊപ്പം അഞ്ച് പുതുമുഖ നായികമാരും എത്തുന്നു. ഏപ്രിൽ 26നാണ് സിനിമയുടെ റിലീസ്

ദിലീപ് നടത്തിയ പ്രസംഗത്തിന്റെ പൂർണരൂപം: ‘‘ഈ വേദിയിൽ ഇന്ന് രണ്ട് ചടങ്ങുകള്‍ ആണ് നടന്നത്, വലിയ സന്തോഷമുണ്ട്. ഒന്ന് പവിയുടെ ഓഡിയോ ലോഞ്ച്, അതുപോലെ തന്നെ പ്രധാനപ്പെട്ട ഒന്ന് മലയാള സിനിമയുടെ തിയറ്റർ അസോസിയേഷന്റെ പുതിയ സംരംഭം. ഫിയോക് ആദ്യമായി വിതരണത്തിനെത്തിക്കുന്ന സിനിമയാണ് പവി കെയർ ടേക്കർ. നന്മയുടെ സംരംഭം എന്നു പറയാം. ഫിയോക്കിന്റെ പ്രസിഡന്റ് വിജയകുമാർ അത് എന്തിനുവേണ്ടിയാണെന്നും പറയുകയുണ്ടായി.
ഫിയോക് എന്ന സംഘടനയ്ക്ക് വലിയ ഷോ ചെയ്യാൻ ഒക്കെയുള്ള പരിമിതികൾ ഒക്കെയുണ്ട്. അങ്ങനെ വിജയേട്ടൻ കണ്ടുപിടിച്ച ഒരാശയമാണ്. ലിയോ എന്ന സിനിമ വിതരണത്തിനെടുത്ത് തുടങ്ങാം എന്നായിരുന്നു തീരുമാനം. പക്ഷേ അന്ന് അത് നടന്നില്ല. പിന്നീട് ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ വന്നു ജനറൽ ബോഡി കൂടി അവസാന തീരുമാനമായി. പത്തിരുപത് വർഷമായി വിതരണരംഗത്തുള്ള ആളാണ് നമ്മളൊക്കെ, എന്റെ അടുത്ത പടം ലിസ്റ്റിന്റെയും പിന്നീടുള്ളത് ഗോകുലത്തിന്റെയും ആയതിനാൽ, ഈ സിനിമയിലൂടെ അത് ചെയ്യാം എന്ന് ഞാൻ തന്നെ തീരുമാനിക്കുകയായിരുന്നു.

തിയറ്റർ അസോസിയേഷന്റെ പിന്തുണയുമുണ്ട്. പല ആളുകളും ഇതിനെ വളച്ചൊടിക്കാനും പ്രശ്നമുണ്ടാക്കാനും ശ്രമിക്കുന്നുണ്ട്. ഇതൊരു നന്മയ്ക്കു വേണ്ടി മാത്രമുള്ള ചുവടുവയ്പ്പാണ്.
ഇന്ന് ഇത്രയധികം ആളുകൾ വന്നതിൽ വലിയ സന്തോഷം. എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം. കഴിഞ്ഞ ഇരുപത്തിയെട്ട് ഇരുപത്തിയൊൻപത് വർഷമായി കൊച്ചു കൊച്ചു വേഷങ്ങൾ ഒക്കെ ചെയ്തു ഇവിടം വരെ എത്തിയ ആളാണ് ഞാൻ. സത്യസന്ധമായി പറഞ്ഞാൽ പ്രേക്ഷകരുടെ കയ്യടി അതുപോലെ തന്നെ, ഞാൻ ഇത്രയും പ്രശ്നത്തിൽ നിൽക്കുമ്പോൾ പോലും എന്നെ വിശ്വസിച്ചുകൊണ്ട് സിനിമ നിർമിക്കുന്ന എന്റെ നിർമാതാക്കൾ, സംവിധായകർ, എഴുത്തുകാർ അങ്ങനെ കൂടെ പ്രവർത്തിച്ച ഒരുപാട് ആളുകളുടെ പ്രാർഥനയാണ് ഈ ഞാൻ.

ഈ സിനിമ എനിക്ക് എത്രത്തോളം ആവശ്യം ആണെന്ന് നിങ്ങൾക്ക് എല്ലാം അറിയാം. ഇത് എനിക്ക് 149ാമത്തെ സിനിമയാണ്. ഇത്രയും കാലം ഞാൻ ഒരുപാട് ചിരിച്ചു, ചിരിപ്പിച്ചു. കഴിഞ്ഞ കുറേക്കാലമായി ഞാൻ ദിവസവും കുറേ കരഞ്ഞുകൊണ്ടിരിക്കുന്ന ആളാണ്. ചിരിപ്പിക്കാൻ ശ്രമിക്കുന്ന എനിക്ക് ഇവിടെ നിലനിൽക്കാൻ ഈ സിനിമ വളരെ ആവശ്യമാണ്. 
കാരണം എല്ലാവരും പറയുന്നത് ദിലീപ് എന്റർടെയ്ൻമെന്റ് എന്നാണ്. ഒരു നടൻ എന്ന നിലയിൽ അതിന് ശ്രമിക്കും. വിനീത് പറഞ്ഞ കഥ, രാജേഷ് രാഘവൻ നന്നായി എഴുതിയ കഥ തിയറ്ററുകളിലേക്ക് എത്തുമ്പോൾ എന്റെ പ്രേക്ഷകരിലേക്ക് കൂടി ആണ് എത്തുന്നത്. സ്‌ട്രെസ് ഒഴിവാക്കാനും ചിരിക്കാനും വേണ്ടിയാണു എന്റെ സിനിമ കാണാൻ എത്തുന്നത് എന്ന് പല വിഭാഗത്തിലുള്ള പ്രേക്ഷകരും പറയാറുണ്ട്. അങ്ങനെ എങ്കിൽ നിങ്ങൾക്ക് പറ്റിയ സിനിമയാണ് ഇത്.

വിനീത് എനിക്ക് സഹോദരനെപ്പോലെ തന്നെയാണ്. ചിരിച്ചു നിൽക്കുന്ന മുഖത്തെയോടെയാണ് എന്നോട് എപ്പോഴും പെരുമാറിയിട്ടുള്ളത്. മലയാള സിനിമയിലേക്ക് അഞ്ചു നായികമാരെകൂടിയാണ് നമ്മൾ ഈ സിനിമയിലൂടെ കൊടുക്കുന്നത്. വർഷങ്ങൾക്കു മുമ്പ് ഒരുപാട് നായികമാർ എന്റെ സിനിമയിലൂടെ വന്നിട്ടുണ്ട്. ഈ അഞ്ച് നായികമാരും കഴിവുള്ളവരാണ്.
എഡിറ്റർ ദീപു, മ്യൂസിക്ക് ഡയറക്ടർ മിഥുൻ, ക്യാമറമാൻ സനു താഹിർ. പിന്നെ ഇവിടെ ഇരിക്കുന്ന ജോണി,  ധർമജൻ, രാധിക ശരത് കുമാർ അങ്ങനെ ഒരുപാട് ആളുകൾ ഉണ്ട്. രാധിക ചേച്ചി ഇതിൽ ശക്തമായ കഥാപാത്രമായാണ് എത്തുന്നത്. ഇവിടെ വന്നിരിക്കുന്ന എല്ലാവരോടും അത്രയധികം നന്ദിയും കടപ്പാടും അറിയിക്കുന്നു. എല്ലാവരും സിനിമ വന്ന് കാണണം. ഇത് എന്റെയും ഫിയോകിന്റെയും ആവശ്യമാണ്.’’- ദിലീപ് പറയുന്നു.


Source link
Exit mobile version