INDIALATEST NEWS

ബസ്തർ ഇന്ന് വോട്ട് ചെയ്യും; മാവോയിസ്റ്റ് വേട്ട കഴിഞ്ഞ് 3 ദിവസം മാത്രം

ബസ്തർ ഇന്ന് വോട്ട് ചെയ്യും; മാവോയിസ്റ്റ് വേട്ട കഴിഞ്ഞ് 3 ദിവസം മാത്രം – Voting in Bastar in Chhattisgarh | Malayalam News, India News | Manorama Online | Manorama News

ബസ്തർ ഇന്ന് വോട്ട് ചെയ്യും; മാവോയിസ്റ്റ് വേട്ട കഴിഞ്ഞ് 3 ദിവസം മാത്രം

ജിക്കു വർഗീസ് ജേക്കബ്

Published: April 19 , 2024 03:38 AM IST

1 minute Read

പ്രതീകാത്മക ചിത്രം. Photo by Manjunath KIRAN / AFP

ബസ്തർ സാക്ഷ്യം വഹിച്ച ഏറ്റവും വലിയ മാവോയിസ്റ്റ് വേട്ട കഴിഞ്ഞ് 3 ദിവസമായതേയുള്ളൂ. തിരഞ്ഞെടുപ്പ് നടത്താൻ ഏറ്റവും വെല്ലുവിളി നേരിടുന്ന മണ്ഡലങ്ങളിലൊന്നായ ബസ്തർ ഇന്ന് പോളിങ് ബൂത്തിലെത്തും. 29 മാവോയിസ്റ്റുകളെയാണ് സുരക്ഷാസേന ചൊവ്വാഴ്ച വധിച്ചത്. അതിനു പിന്നാലെ നടക്കുന്ന തിരഞ്ഞെടുപ്പായതിനാൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഉള്ളിൽ തീയാണ്. ഛത്തീസ്ഗഡിലെ 11 മണ്ഡലങ്ങളിൽ ബസ്തർ മാത്രമാണ് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വിധിയെഴുതുന്നത്.

കഴിഞ്ഞ മൂന്നര മാസത്തിനിടെ 79 മാവോയിസ്റ്റുകളെയാണ് ഛത്തീസ്ഗഡിൽ വധിച്ചത്. അതിനുമുൻപുള്ള 2 വർഷത്തിനിടെ കൊല്ലപ്പെട്ടത് 54 പേരാണ്. സാധാരണ തിരഞ്ഞെടുപ്പുകളിൽ നിന്ന് ഏറെ വ്യത്യസ്തമാണ് ബസ്തറിലേത്. സ്ഥാനാർഥികൾക്ക് മണ്ഡലത്തിൽ എവിടെയും ഓടിച്ചെല്ലാനാവില്ല. പൊലീസ് ക്ലിയറൻസ് ഉള്ള മേഖലകളിൽ മാത്രമേ പ്രചാരണം അനുവദിക്കൂ.  4 മാസം മുൻപ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ബസ്തറിൽ മാവോയിസ്റ്റുകൾ സ്ഫോടനം നടത്തിയിരുന്നു. 

1998 മുതൽ 6 ലോക്സഭാ തിരഞ്ഞെടുപ്പിലും ബിജെപി വിജയിച്ച ബസ്തർ 2019 ലാണ് ദീപക് ബൈജിലൂടെ കോൺഗ്രസ് തിരിച്ചുപിടിച്ചത്. ഇത്തവണ ദീപക് ബൈജിനു പകരം മുൻമന്ത്രിയും 6 തവണ എംഎൽഎയുമായ കവാസി ലഖ്മയിലൂടെ സീറ്റ് നിലനിർത്താനാണ് കോൺഗ്രസിന്റെ ശ്രമം. 2013 ൽ നടന്ന ദർഭ താഴ്‌വരിയിൽ കോൺഗ്രസ് നേതാക്കൾക്കു നേരെ നടന്ന മാവോയിസ്റ്റ് ആക്രമണത്തിൽ നിന്നു തലനാരിഴയ്ക്ക് രക്ഷപ്പെട്ടയാളാണ് ലഖ്മ. 27 പേരാണ് അന്ന് കൊല്ലപ്പെട്ടത്.
പുതുമുഖമായ മഹേശ് കശ്യപാണ് ബിജെപി സ്ഥാനാർഥി. സിപിഐ സ്ഥാനാർഥിയുള്ള (ഫൂൽ സിങ് കഛ്‍ലം) ഏക ഛത്തീസ്ഗഡ് മണ്ഡലവും ബസ്തറാണ്. മറ്റിടങ്ങളിൽ സിപിഐ കോൺഗ്രസിനെ പിന്തുണയ്ക്കും. 2019 ൽ 38,395 വോട്ടാണ് സിപിഐ പിടിച്ചത്.

മികച്ച പോളിങ് നടക്കും: ബസ്തർ ഐജി 
 മാവോയിസ്റ്റ് വേട്ടയ്ക്ക് ചുക്കാൻ പിടിച്ച ബസ്തർ പൊലീസ് ഐജി പി.സുന്ദർരാജ് തിരഞ്ഞെടുപ്പിനെക്കുറിച്ച്

Qഒരുക്കങ്ങൾ എന്തൊക്കെയാണ്?
aഅറുപതിനായിരത്തോളം സുരക്ഷാസേനാംഗങ്ങളെയാണ് വിന്യസിച്ചിരിക്കുന്നത്. പ്രശ്നസാധ്യതയുള്ള 156 ബൂത്തുകളിലേക്ക് ഹെലികോപ്റ്ററിലാണ് പോളിങ് ഉദ്യോഗസ്ഥരെ എത്തിച്ചത്. 

Qഅധികസുരക്ഷ?
aപട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലങ്കാന, ഒഡീഷ എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ സൈനികരെ എത്തിച്ചിട്ടുണ്ട്.

English Summary:
Voting in Bastar in Chhattisgarh

jikku-varghese-jacob mo-crime-maoist mo-judiciary-lawndorder-police 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 4seano96m57c7hvane1dgp3jck 6anghk02mm1j22f2n7qqlnnbk8-list mo-news-national-states-chhattisgarh mo-politics-elections-loksabhaelections2024


Source link

Related Articles

Back to top button