പഞ്ചാബ് കിംഗ്സിനെ പോരാടി വീഴ്ത്തി മുംബൈ

മൊഹാലി: 2.1 ഓവറിൽ 14 റൺസ് എടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും തിരിച്ചടിച്ച പഞ്ചാബ് കിംഗ്സ്, മുംബൈ ഇന്ത്യൻസിനെ വിറപ്പിച്ച ശേഷം കീഴടങ്ങി. ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ഒമ്പത് റൺസിനാണ് മുംബൈ ഇന്ത്യൻസിന്റെ ജയം. സ്കോർ: മുംബൈ 192/7 (20). പഞ്ചാബ് 183 (19.1). തുടക്കത്തിലെ തകർച്ചയ്ക്കു ശേഷം പഞ്ചാബ് കിംഗ്സിന്റെ പോരാട്ടം നയിച്ചത് എട്ടാം നമ്പറായി എത്തിയ അശുതോഷ് ശർമയും ആറാം നമ്പർ ശശാങ്ക് സിംഗും ആയിരുന്നു. അശുതോഷ് ശർമ 28 പന്തിൽ 61ഉം ശശാങ്ക് സിംഗ് 25 പന്തിൽ 41ഉം റൺസ് നേടി. അവസാന നാല് വിക്കറ്റിൽ 106 റൺസ് പഞ്ചാബ് നേടി എന്നതാണ് ശ്രദ്ധേയം. മുംബൈക്കു വേണ്ടി ജസ്പ്രീത് ബുംറ, കോറ്റ്സി എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ മുംബൈ ഇന്ത്യൻസിന് സ്കോർബോർഡിൽ 18 റൺസുള്ളപ്പോൾ ഇഷാൻ കിഷനെ (8) നഷ്ടപ്പെട്ടു.
എന്നാൽ, രണ്ടാം വിക്കറ്റിൽ സൂര്യകുമാർ യാദവും (53 പന്തിൽ 78) രോഹിത് ശർമയും (25 പന്തിൽ 36) ചേർന്ന് 81 റൺസ് കൂട്ടുകെട്ടുണ്ടാക്കി. മൂന്ന് സിക്സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു സൂര്യകുമാറിന്റെ ഇന്നിംഗ്സ്. നാലാം നന്പറായെത്തിയ തിലക് വർമ 18 പന്തിൽ 34 റൺസുമായി പുറത്താകാതെനിന്നു. ഹാർദിക് പാണ്ഡ്യ (ആറ് പന്തിൽ 10), ടിം ഡേവിഡ് (ഏഴ് പന്തിൽ 14), റൊമാരിയൊ ഷെപ്പേഡ് (രണ്ട് പന്തിൽ ഒന്ന്) എന്നിവർ വേഗത്തിൽ മടങ്ങി. പഞ്ചാബ് കിംഗ്സിനായി ഹർഷൽ പട്ടേൽ മൂന്നും സാം കറൻ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.
Source link