Thrissur Pooram തൃശൂർ പൂരം: നിലയ്ക്കാത്ത ശബ്ദം, ഇതു മടുക്കാത്ത കാഴ്ച
തൃശൂർ പൂരം: നിലയ്ക്കാത്ത ശബ്ദം, ഇതു മടുക്കാത്ത കാഴ്ച- Elephants and Fireworks: The Visual Treat of Thrissur Pooram Festival
Thrissur Pooram
തൃശൂർ പൂരം: നിലയ്ക്കാത്ത ശബ്ദം, ഇതു മടുക്കാത്ത കാഴ്ച
കെ.സി.നാരായണൻ
Published: April 18 , 2024 05:44 PM IST
Updated: April 18, 2024 06:15 PM IST
2 minute Read
അടുത്തു നിന്നു സമാന്തരമായും അകലെ നിന്നു ലംബമായും കാണാവുന്ന തിയറ്റർ നാടകം ആണ് തൃശൂർ പൂരം
ഒരു വലിയ മൈതാനം വിസ്താരമേറിയ തിയറ്റർ ആക്കിമാറ്റുന്ന ആ ശബ്ദനാടകമാണ് ഓരോ പൂരവും
ഫയൽ ചിത്രം∙ മനോരമ
അടുത്തു നിൽക്കുമ്പോൾ സൂക്ഷ്മമായി അതു കേൾക്കാം. അകലെ നിന്നു നോക്കുമ്പോൾ ഉജ്വലമായ ഒരു ശബ്ദ–ദൃശ്യമായി അതു മുഴങ്ങും. ഒരു വലിയ മൈതാനം വിസ്താരമേറിയ തിയറ്റർ ആക്കിമാറ്റുന്ന ആ ശബ്ദനാടകമാണ് ഓരോ പൂരവും. ആ തിയറ്ററിലെ ശബ്ദാവതരണം വളരെ അടുത്തു നിന്നു കേൾക്കാം. അപ്പോൾ എണ്ണങ്ങളും വകകളും കലാശങ്ങളും ചേർന്ന് അത് കാതിൽ സംഗീതം പോലെ വീഴും.വളരെ ദൂരത്തു നിന്നായാലോ? ആകാശത്തിന്റെ മേൽപുരയെ ഭൂഗോള മിന്നലുകൾകൊണ്ട് പിളർത്തി ആ തിയറ്റർ മുഴുവൻ ശബ്ദവും വെളിച്ചവും ഭയവും കൊണ്ടുതിളയ്ക്കും. അടുത്തു നിന്നു സമാന്തരമായും അകലെ നിന്നു ലംബമായും കാണാവുന്ന തിയറ്റർ നാടകം ആണ് തൃശൂർ പൂരം.
ഇതിൽ ഏതു കാഴ്ചയാണ് നിങ്ങൾക്കു വേണ്ടത്? അതു തിരഞ്ഞെടുക്കലാണ് പൂരം കാണാനെത്തുവരുടെ ആദ്യജോലി. അടുത്തു നിന്നാണു കാണാനാണുദ്ദേശിക്കുന്നതെങ്കിൽ, അതു പഞ്ചവാദ്യമാണെങ്കിൽ, അതു പകലാണെങ്കിൽ തിരുവമ്പാടിയുടെ മഠത്തിൽ വരവിന് രാവിലെ പത്തരയോടെത്തന്നെ സ്ഥാനം പിടിക്കുക. ഇടയ്ക്കക്കാരന്റെ തൊട്ടടുത്തു നിൽക്കുന്നതാണു നല്ലത്. അപ്പോൾ ഒറ്റ ഫ്രെയിമിൽ ആനയും കൊമ്പുകാരും മദ്ദളവും ഇടയ്ക്കയും തിമിലയും എല്ലാംകിട്ടും. മദ്ദളത്തിലും തിമിലയിലും കൊമ്പിലും ഉളവാകുന്ന എണ്ണങ്ങളും വകകളും വേർതിരിച്ചു വ്യക്തമായി മൃദംഗധ്വനി പോലെ കേട്ടാസ്വദിക്കാം. കൂട്ടിക്കൊട്ടലിലും കലാശത്തിലും പതഞ്ഞുയരുന്ന ശബ്ദലഹരി നമ്മുടെ ശരീരത്തിലേക്കുകൂടി പടരുന്നത് അറിഞ്ഞനുഭവിക്കാം. ഓരോ കൊട്ടുകാരുടെയും മികവും കൊട്ടുന്ന ഇനങ്ങളും താരതമ്യം ചെയ്യാം; അവ വിലയിരുത്താം.
രാത്രിയിലാണെങ്കിൽ പാറമേക്കാവിന്റെ പഞ്ചവാദ്യമുണ്ട്. രാത്രി പത്തരയ്ക്ക് പാറമേക്കാവ് ക്ഷേത്രമുറ്റത്തു നിന്നാണ് അതു തുടങ്ങുന്നത്. രാത്രി പഞ്ചവാദ്യത്തിന് അധിക ഭംഗി നൽകുന്നത് തീവെട്ടികളുടെ ഇളകുന്ന വെളിച്ചത്തിൽ ജ്വലിക്കുന്ന ആനച്ചമയങ്ങളുടെ സുവർണശോഭയാണ്. അതും അടുത്തു നിന്നും അല്ലെങ്കിൽ അകലെ നിന്നും കേൾക്കാം, കാണാം. ഇനി പഞ്ചവാദ്യമല്ല മേളമാണ് നിങ്ങളുടെ മുൻഗണനയെങ്കിൽ, പകൽ പന്ത്രണ്ടരയ്ക്കു പാറമേക്കാവിൽ നിന്നുള്ള പുറപ്പാടുണ്ട്.
ചെമ്പടമേളം കൊട്ടിയാണു ഭഗവതി പുറത്തിറങ്ങുന്നത്. അതിനുശേഷം പാണ്ടിമേളമാണ്. പാണ്ടി തുടങ്ങുന്നത് ‘ഒലുമ്പുക’ എന്നും ‘കൊലുമ്പുക’ എന്നും പറയുന്ന ആമുഖത്തോടെയാണ്. പാണ്ടിമേളം പിന്നെ ഇലഞ്ഞിത്തറയിലെത്തും. അതാണ് പ്രസിദ്ധമായ ഇലഞ്ഞിത്തറമേളം. മേളം കേൾക്കാൻ വലിയ തിരക്കായിരിക്കും. അടുത്തുനിന്നു കേൾക്കണമെങ്കിൽ നേരത്തെ സ്ഥലം പിടിക്കണം. പിന്നീട് 15 ആനകളും വാദ്യക്കാരും തെക്കേ ഗോപുരം കടന്ന് തെക്കോട്ടിറങ്ങും. തെക്കോട്ടിറക്കം എന്നു പേര്. പിന്നാലെ വരുന്നുണ്ടാവും തിരുവമ്പാടി സംഘം. അവർ പഞ്ചവാദ്യം സമാപിച്ച് പാണ്ടിമേളവുമായിട്ടാണ് വരുന്നത്. അവരും ക്ഷേത്രമതിൽക്കകത്തേക്കു കയറി തെക്കേഗോപുരം ഇറങ്ങും.
ഇപ്പോൾ രണ്ടു സംഘക്കാരും, രണ്ടു ഭഗവതിമാരും മുഖത്തോടുമുഖം നോക്കിനിൽപ്പാണ്. നടുവിലും വശങ്ങളിലും പൂത്തതാഴ്‌വരപോലെ ജനാവലി. എന്തൊരതിഗംഭീരമായ വിഷ്വൽ! ഇതു കേരളത്തിൽ മാത്രം കാണാനാകുന്ന അൽഭുത ദൃശ്യം. ആ ദൃശ്യങ്ങൾ ഓരോ കോണിൽ നിന്നും ഓരോ ഉയരത്തിൽ നിന്നും കാണുകയോ പകർത്തുകയോ ചെയ്യുമ്പോൾ ഓരോന്നായി തോന്നും. ക്യാമറ സൂംബാക്ക് ചെയ്യുമ്പോൾ ഒരു കാഴ്ച, സൂം ഇൻ ചെയ്യുമ്പോൾ വേറൊരു കാഴ്ച. ആകാശത്തു നിന്നു നോക്കുമ്പോൾ മറ്റൊരു കാഴ്ച.
അതിനിടയിൽ പതിനഞ്ച് ആനകൾക്കും പിടിച്ച പട്ടുകുടകൾ നിമിഷംപ്രതിമാറും. പെട്ടെന്ന് വയലറ്റ് കുടകൾ മാറി ചുകപ്പാകും. രണ്ടുവശത്തും ഇതു വാക്കും മറുപടിയും പോലെ തുടരും. ശബ്ദ വിരുന്ന് എന്ന പോലെ പൂരം ഉജ്വലമായ ഒരു വർണ വിരുന്നുകൂടിയാവുന്ന അതിസുന്ദര മൂഹൂർത്തമാണ്. അപ്പോഴും വാദ്യക്കാരുടെ പാണ്ടിമേളം ഈ ദൃശ്യത്തിന് അകമ്പടിയായുണ്ടാവും. രാത്രിപൂരത്തിന്റെ സമാപനത്തിലാണ് ആകാശം പിളർത്തുന്ന വെടിക്കെട്ട്. പകലും രാത്രിയുമായി കൊട്ടിക്കൊട്ടിയുയർത്തിയ ശബ്ദത്തിന്റെ മഹാസൗധങ്ങൾക്കുശേഷം അതിനേക്കാൾ വലുതായി മറ്റെന്തുണ്ട്? അതിനേക്കാളൊക്കെ ഉച്ചത്തിൽ ഭൂമിയും ആകാശവും തട്ടകം മുഴുവനും കുലുക്കുന്ന ഈ വെടിക്കെട്ടിന്റെ ശബ്ദശോഭയല്ലാതെ?ഉത്സവങ്ങൾ ആഘോഷങ്ങൾ മാത്രമല്ല, വേദനയുളവാക്കുന്ന സമാപനങ്ങൾ കൂടിയാണ്.
പൂരാഘോഷം സമാപിക്കുന്നത് പൂരപ്പിറ്റേന്നു തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാർ വിടപറയുന്ന രംഗത്തോടുകൂടിയാണ്. അതിനുമുൻപ് പകൽപ്പൂരം ഉണ്ടാവും. വടക്കുന്നാഥന്റെ ശ്രീ മൂലസ്ഥാനത്തേക്ക് അതിന്റെ ഇരുവശത്തു നിന്നുമായി പാണ്ടിമേളത്തിന്റെ അകമ്പടിയോടെ പാറമേക്കാവു ഭഗവതിയും തിരുവമ്പാടി ഭഗവതിയും സംഗമിക്കുന്നു. അതിനുശേഷം വെടിക്കെട്ട്. അതുകഴിഞ്ഞാലാണ് പരസ്പരം വേർപിരിഞ്ഞുപോകൽ. ഉപചാരം ചൊല്ലിപ്പിരിയിൽ എന്ന ചടങ്ങോടുകൂടി പൂരം സമാപിക്കും. അതിന് അപ്പോൾ ഒരു ദൃശ്യ ശ്രാവ്യ നാടകത്തിന്റെ പൂർണത കൈവരും. ഉയരുന്ന ആവേശത്തിൽത്തുടങ്ങി, ഉച്ചിയിലേക്കും അതിന്റെ ഉച്ചിയിലേക്കും കയറിപ്പോയ അതിനേക്കാൾ വലിയ ഒച്ചയുടെ വിസ്ഫോടനത്തിലെത്തി പിന്നീട് നിശ്ശബ്ദതിയേലേക്കും വേർപിരിയലിലേക്കുമായി അവരോഹണം ചെയ്യുന്ന ഒരു ദീർഘനാടകത്തിന്റെ പരിസമാപ്തി. അങ്ങിനെയാണ് ജീവിതത്തിലെ ഉത്സവങ്ങൾ എല്ലാം. അതിന്റെ സമാപനത്തിൽ അവശേഷിക്കുന്നത് ഇത്തിരി വിഷാദംമാത്രം. അയ്യപ്പപ്പണിക്കർ എഴുതിയില്ലേ‘മായികരാത്രി കഴിഞ്ഞു, മനോഹരിനാമിനിക്കഷ്ടം! വെറും മണ്ണുമാത്രംഎന്ന്.അതെത്ര ശരിയെന്നു തൃശൂർപൂരവും നമ്മോടു പറയും. എങ്കിലും ആ ഉത്സവത്തിനു വേണ്ടി നാം വീണ്ടും വീണ്ടും കൊതിക്കുകയും ചെയ്യും. അതാണ് ഉത്സവത്തിന്റെയും ജീവിതത്തിന്റെയും മാജിക്.
English Summary:
Elephants and Fireworks: The Visual Treat of Thrissur Pooram Festival
4h9caht9bo5cv3lgg3lba6hlba 30fc1d2hfjh5vdns5f4k730mkn-list mo-news-common-thrissurnews 7os2b6vp2m6ij0ejr42qn6n2kh-list mo-astrology-astrology-news mo-religion-thrissurpooram
Source link