കെ ഫോൺ ബിസിനസ് പിടിക്കാൻ കമ്പനിയെ വച്ചു; വരുമാനം എവിടെ ?

കെ ഫോൺ ബിസിനസ് പിടിക്കാൻ കമ്പനിയെ വച്ചു; വരുമാനം എവിടെ ?- kfon business | Manorama News | Manorama Online

കെ ഫോൺ ബിസിനസ് പിടിക്കാൻ കമ്പനിയെ വച്ചു; വരുമാനം എവിടെ ?

ജോജി സൈമൺ

Published: April 18 , 2024 10:10 AM IST

1 minute Read

Photo Credit : KFON

തിരുവനന്തപുരം∙ ബിസിനസ് പിടിക്കാൻ ബെംഗളൂരു ആസ്ഥാനമായ എസ്ആർഐടിയെ മാനേജ്ഡ് സർവീസ് പ്രൊവൈഡറായി നിയമിച്ച് ഒരു വർഷമായിട്ടും പ്രതീക്ഷിച്ച വരുമാനം നേടാനാകാതെ കെ ഫോൺ. റോഡ് ക്യാമറ വിവാദത്തിൽ ഉൾപ്പെട്ട എസ്ആർഐടിക്ക് 10 ശതമാനം കമ്മിഷനും 2 ശതമാനം ഇൻസെന്റീവും വാഗ്ദാനം ചെയ്താണ് എംഎസ്പിയായി നിയമിച്ചത്. 5388 വീടുകളിൽ വാണിജ്യ കണക്‌ഷൻ, വാടകയ്ക്ക് 4300 കിലോമീറ്റർ ഡാർക്ക് ഫൈബർ, 34 ഇന്റർനെറ്റ് ലീസ്ഡ് ലൈൻ കണക്‌ഷൻ എന്നിവയാണ് ഇതുവരെ കെ ഫോൺ നേടിയ വരുമാനം. ഇവയിൽ ഏറിയ പങ്കും ആപ് റജിസ്ട്രേഷൻ വഴി കെ ഫോൺ സ്വന്തം നിലയ്ക്കു കണ്ടെത്തിയ വരുമാന മാർഗങ്ങളാണ്. ഉദാഹരണത്തിന് 52000 വീടുകളിൽ വാണിജ്യ കണക്‌ഷനുള്ള റജിസ്ട്രേഷൻ ആപ് വഴി ലഭിച്ചിരുന്നു. ഇതിൽ ഒടുവിൽ അവശേഷിച്ച 10000 പേരിൽ നിന്നാണ് 5388 കണക്‌ഷൻ ലഭിച്ചത്. എസ്ആർഐടി വഴി എത്ര കണക്‌ഷൻ ലഭിച്ചെന്നു കെ ഫോൺ വെളിപ്പെടുത്തിയിട്ടില്ല.

ആറു കമ്പനികൾ പങ്കെടുത്ത ടെൻഡറിലാണു കുറഞ്ഞ നിരക്കു ക്വോട്ട് ചെയ്ത് എസ്ആർഐടി 5 വർഷത്തേക്കു കരാർ നേടിയത്. ഗുണഭോക്താക്കളെ കണ്ടെത്തുക, കണക്‌ഷൻ നൽകുക, വാടക പിരിക്കുക, ഉപയോഗിക്കാത്ത ഡാർക്ക് ഫൈബറുകൾ ബിസിനസിനായി ഉപയോഗപ്പെടുത്തുക, പുതിയ കണക്‌ഷനുകൾക്കു വേണ്ടി സർവേ നടത്തുക, അറ്റകുറ്റപ്പണി നിർവഹിക്കുക എന്നിവയെല്ലാമാണ് എംഎസ്പിയുടെ ചുമതല. എന്നാൽ എംഎസ്പി വഴി കാര്യമായ ബിസിനസ് കണ്ടെത്താൻ കെ ഫോണിനു കഴിഞ്ഞില്ലെന്നാണ് ഇപ്പോഴത്തെ വരുമാനം സൂചിപ്പിക്കുന്നത്.

ഇതിനു പുറമേ, സർക്കാർ ഓഫിസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നാണു കെ ഫോൺ സ്വന്തം നിലയ്ക്ക് ഏറ്റവുമധികം വരുമാനം പ്രതീക്ഷിച്ചത്. എന്നാൽ 21214 ഓഫിസുകളിൽ കണക്‌ഷൻ നൽകിയെങ്കിലും ഏഴായിരത്തിൽ താഴെ ഓഫിസുകൾക്കു മാത്രമാണു ബിൽ നൽകിയത്. ഒക്ടോബർ, നവംബർ, ഡിസംബർ മാസത്തെ ബില്ലുകൾ ഒരുമിച്ചാണു നൽകിയതെങ്കിലും ആരും ബിൽത്തുക അടച്ചില്ല. രണ്ടാമത്തെ ബിൽ, ജനുവരി, ഫെബ്രുവരി, മാർച്ച് മാസത്തേതാണ്. എന്നാൽ ആദ്യത്തെ ബിൽ തുക അടയ്ക്കാത്തതിനാൽ രണ്ടാമത്തേത് അയയ്ക്കാനുള്ള നടപടി ഇതുവരെ തുടങ്ങിയിട്ടില്ല.∙ ആദ്യ വർഷം കെ ഫോൺ പ്രതീക്ഷിച്ച വരുമാനം 350 കോടി രൂപ∙സർക്കാർ ഓഫിസുകളിൽനിന്ന്  135 കോടി∙ഗാർഹിക–വാണിജ്യ കണക്‌ഷൻ വഴി 35 കോടി∙ഡാർക്ക് ഫൈബർ വാടക 90 കോടി∙ഇന്റർനെറ്റ് ലീസ് ലൈൻ വഴി 90 കോടി

English Summary:
kfon business

2g4ai1o9es346616fkktbvgbbi-list mo-technology-kfon 757pblis3sjcer65mrueauhl5r rignj3hnqm9fehspmturak4ie-list mo-technology jojy-simon mo-business


Source link
Exit mobile version