‘കളിയാട്ടം’ തുടങ്ങി, തീരുന്നതുവരെ സുരേഷ്ഗോപി വ്രതമെടുത്തിരുന്നു


‘‘സുരേഷ്ഗോപിയുടെ ഡേറ്റുണ്ട്. ദേശാടനത്തിനും മുകളിൽ പോകുന്നൊരു സബ്ജക്ട് വേണം, അതും കേരള പശ്ചാത്തലത്തിൽ. ബൽറാം അങ്ങനെയൊരു കഥ ആലോചിക്കൂ.
സംവിധായകൻ ജയരാജ് പറഞ്ഞപ്പോൾ എനിക്കു ശരിക്കും പേടിയായി. കാരണം ‘ദേശാടനം’ മലയാള സിനിമയിലൊരു മാറ്റത്തിന്റെ തുടക്കമായിരുന്നു. ചെറിയ ബജറ്റിൽ നിർമിച്ച മികച്ചൊരു ചിത്രം. അറിയപ്പെടുന്ന താരങ്ങളൊന്നുമില്ലാതിരുന്നിട്ടും മികച്ച പ്രമേയം കൊണ്ടും അവതരണ രീതികൊണ്ടും നല്ല രീതിയിലെ പ്രചാരണം കൊണ്ടും ശ്രദ്ധിക്കപ്പെട്ട ചിത്രം. അതിനും മുകളിൽ പോകുന്നൊരു ചിത്രം എന്നു പറയുമ്പോൾ തുടക്കക്കാരനായ എന്നെ സംബന്ധിച്ച് വലിയൊരു പരീക്ഷണം തന്നെയായിരുന്നു. ആ പരീക്ഷണവും പരീക്ഷയും ഞാൻ വിജയിച്ചു എന്നു തന്നെ പറയാം. അതാണ് കളിയാട്ടം’’.

സുരേഷ്ഗോപിക്ക് മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്കാരം നേടികൊടുത്ത ‘കളിയാട്ടം’ എന്ന ചിത്രത്തിന്റെ തിരക്കഥ പിറന്ന പശ്ചാത്തലത്തിലേക്കു മനസ്സുകൊണ്ടൊരു തിരിഞ്ഞുനോട്ടം നടത്തുകയാണ് തിരക്കഥാകൃത്ത് ബൽറാം മട്ടന്നൂർ. 
‘‘ജയരാജിന്റെ ദേശാടനം എന്ന ചിത്രം ഒരുങ്ങുന്നതിനു മുൻപേ ഞാൻ അദ്ദേഹത്തിനായി തിരക്കഥ എഴുതാൻ തുടങ്ങിയിരുന്നു. പക്ഷേ, പലപല കാരണങ്ങൾകൊണ്ട് പ്രൊജക്ടുകൾ നീണ്ടുപോയി. ദേശാടനം കഴിഞ്ഞപ്പോൾ ജയരാജ് പറഞ്ഞു നമ്മുടെ പ്രൊജക്ട് ആരംഭിക്കാമെന്ന്. പെരിന്തൽമണ്ണയിലെ ഹോട്ടലിൽ ഇരുന്നാണ് കഥ ആലോചിക്കുന്നത്. വടക്കൻ കേരളത്തിന്റെ സ്വന്തം കലാരൂപമായ തെയ്യത്തിന്റെ പശ്ചാത്തലത്തിലൊരു കഥ ചെയ്താലോ എന്നായി എന്റെ ആലോചന. തെയ്യത്തിൽ കലയുണ്ട്, താളമുണ്ട്, നിറമുണ്ട്, സാഹിത്യമുണ്ട്. തെയ്യം പശ്ചാത്തലത്തിലൊരു കഥയെന്ന ആശയം ജയരാജിനോടു പറഞ്ഞു. അദ്ദേഹത്തിനും അതിഷ്ടപ്പെട്ടു. 

പിന്നെ കഥയെക്കുറിച്ചായി ആലോചന. ജയരാജിന്റെ ഭാര്യ വീട് പെരിന്തൽമണ്ണയിലാണ്. അദ്ദേഹം അവിടെ നിന്നാണ് ഹോട്ടലിലേക്കു വരിക. ഞങ്ങൾ കഥകൾ അലോചിക്കും. കുട്ടിക്കാലത്ത് സാംബശിവന്റെ കഥാപ്രസംഗം കേൾക്കാൻ പോയ കാര്യം ജയരാജ് പറഞ്ഞു. ഒഥല്ലോയിലെ സന്ദർഭങ്ങൾ സാംബശിവൻ അവതരിപ്പിക്കുന്നതുപോലെ ജയരാജ് കാണിച്ചു. ഒഥല്ലോയും ഇയാഗോയും.. ഒരുത്തനെ നശിപ്പിക്കാൻ അയാളുടെ മനസ്സു നശിപ്പിച്ചാൽ മതിയെന്ന കാര്യം പെട്ടെന്നാണ് ഓർമവന്നത്. ഇയാഗോ ഒഥല്ലോയിൽ ചെയ്തതും അതാണല്ലോ. നമുക്ക് ഇതുതന്നെ മതി ജയരാജ് എന്നു ഞാൻ പറഞ്ഞു. 

തെയ്യം കെട്ടുന്നവർക്ക് ഓരോ ദേശം സംബന്ധിച്ച് അവകാശമുണ്ട്. ഒരാൾ കോലം കെട്ടുന്നിടത്ത് മറ്റൊരാൾ പോകില്ല. അലിഖിതമായി ചാർത്തികൊടുത്തൊരു അവകാശമാണിത്. ഈയൊരു പ്രമേയം ഒഥല്ലോയുമായി ചേർത്ത് തിരക്കഥയെഴുതാമെന്ന് ഞാൻ പറഞ്ഞു. ജയരാജിനും സന്തോഷം. അങ്ങനെയാണ് കളിയാട്ടം എന്ന സിനിമയുടെ എഴുത്തിന്റെ തുടക്കം. ഞാൻ ഉടൻ വീട്ടിലേക്കു വന്ന് എഴുതാൻ തുടങ്ങി. ഒഥല്ലോയായി കണ്ണൻ പെരുമലയനും ഇയാഗോയായി പനിയനും. പെരുമലയന്റെ ഭാര്യയായി താമര. നാന്നൂറോളം വർഷം പഴക്കമുണ്ട് തെയ്യം എന്ന കലാരൂപത്തിന്. ഷേക്സ്പിയറുടെ നാടകമായ ഒഥല്ലോയയ്ക്കും ഇതേ കാലഘട്ടത്തിന്റെ പ്രായമുണ്ട്. ഒഥല്ലോയും തെയ്യവും ചേർത്ത് ഞാൻ തിരക്കഥ പൂർത്തിയാക്കി. 

ജയരാജ് വൈദ്യമഠത്തിൽ ചികിത്സയ്ക്കെത്തിപ്പോൾ അവിടെ വച്ചാണു തിരക്കഥ വായിക്കുന്നത്. പൂർണമായും വടക്കൻ കേരളത്തിലെ സംസാരരീതിയായിരുന്നു സിനിമയിലേക്കു കൊണ്ടുവന്നിരുന്നത്. അങ്ങനെ വേണമെന്ന് ജയരാജ് ആവശ്യപ്പെട്ടിരുന്നു. പക്ഷേ, എല്ലാ കഥാപാത്രങ്ങളും അങ്ങനെ സംസാരിക്കുമ്പോൾ പ്രേക്ഷകർ ഇഷ്ടപ്പെടുമോ എന്നൊരു ആശങ്കയുണ്ടായിരുന്നു എനിക്ക്. തിരക്കഥ വായിച്ചുകേട്ട് ജയരാജിന്റെ ചില സുഹൃത്തുക്കളും ഇതേ അഭിപ്രായം പറഞ്ഞു. അങ്ങനെ ഞാൻ വീണ്ടും തിരക്കഥ മാറ്റിയെഴുതി. 
സുരേഷ്ഗോപിക്കു മുന്നിൽ തിരക്കഥ വായിച്ചു. അദ്ദേഹം മുൻപേ തന്നെ ഒഥല്ലോയൊക്കെ പഠിച്ചതാണല്ലോ. ഭയങ്കര ത്രില്ലിലായിരുന്നു അദ്ദേഹം. രഞ്ജിപണിക്കർ–ജോഷി ടീമിന്റെ ലേലം എന്ന സിനിമയ്ക്കു ശേഷം സുരേഷ്ഗോപി ചെയ്യുന്ന സിനിമയാണിത്. നായികയായി മഞ്ജുവാരിയരെ തീരുമാനിച്ചു. ലാൽ ചെയ്ത പനിയന്റെ വേഷത്തിലേക്ക് ആദ്യം കണ്ടിരുന്നത് മുരളിയെയായിരുന്നു. എന്നാൽ ഇതേപോലെയുള്ള വേഷം അദ്ദേഹം മുൻപും ചെയ്തിരുന്നതിനാൽ വേറെയാളെക്കൊണ്ടു ചെയ്യിക്കാമെന്നു തീരുമാനിച്ചു. അങ്ങനെയാണ് ജയരാജ് ലാലിനെ കണ്ടെത്തുന്നത്. 

പയ്യന്നൂരിൽ വച്ചായിരുന്നു ചിത്രീകരണം തീരുമാനിച്ചിരുന്നത്. ആ സമയത്താണ് മഞ്ജുവാരിയർക്ക് ചിക്കൻപോക്സ് വരുന്നത്. അങ്ങനെ ചിത്രീകരണം നീണ്ടു. ഒടുവിൽ പാലക്കാട്ടെ പല ഭാഗങ്ങളിൽ വച്ച് ചിത്രീകരണം തീരുമാനിച്ചു. ചിത്രീകരണം തുടങ്ങി തീരുന്നതുവരെ സുരേഷ്ഗോപി വ്രതമെടുത്തിരുന്നു. തെയ്യം കലാകാരന്മാരെ കൊണ്ടുവന്നു അവരുടെ രീതിയൊക്കെ അഭ്യസിച്ചു. തിരക്കഥ വായിക്കുന്ന സമയത്ത്, സംവിധായകൻ സുരേഷ്കൃഷ്ണ (ഭാരതീയം) സുരേഷ്ഗോപിയോടു പറഞ്ഞു– ദേശീയ അവാർഡ് ഉറപ്പാണ്. 

ഗാനരചനയ്ക്കൊപ്പം കൈതപ്രം ദാമോദരൻ നമ്പൂതിരി സംഗീത സംവിധാനവും നിർവഹിച്ചു. എല്ലാ പാട്ടുകളും വൻ ഹിറ്റായിരുന്നു. 1997 ഓഗസ്റ്റ് 22 വെള്ളിയാഴ്ച കളിയാട്ടം തിയറ്ററിലെത്തി. 

ജയരാജ് പറഞ്ഞതുപോലെ ദേശാടനത്തിനും മുകളിൽ പോയൊരു ചിത്രമായി കളിയാട്ടം. സുരേഷ്ഗോപിക്കും ജയരാജിനും ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ ലഭിച്ചു. കൈതപ്രത്തിനു സംസ്ഥാന അവാർഡ് ലഭിച്ചു. തെയ്യം എന്ന കലാരൂപത്തിന് വടക്കൻ കേരളത്തിനു പുറത്തേക്കൊരുവാതിൽ തുറന്നു. 
സിനിമക്കാരെ സംബന്ധിച്ചിടത്തോളം വെള്ളിയാഴ്ച വളരെ പ്രധാനപ്പെട്ട ദിവസമാണ്. വെള്ളിയാഴ്ചയിലെ ആദ്യ ഷോ. അതാണ് ചിലരുടെ ജീവിതം മാറ്റിമറിക്കുന്നത്. ചിലർ പ്രതീക്ഷിക്കാത്ത ഉയരങ്ങളിലെത്തും. ചിലർ പടുകുഴിയിലും. വിജയിക്കുന്നവർ ഉയരങ്ങളിലേക്കു പോകും. സിനിമ പരാജയപ്പെട്ടാൽ ചിലർ ആ വെള്ളിവെളിച്ചത്തിന്റെ പ്രഭയിൽ നിന്നു മങ്ങിപ്പോകും. കളിയാട്ടം ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട സിനിമയായിട്ടും എന്നെ സംബന്ധിച്ചിടത്തോളം ഒരു നേട്ടവും ഉണ്ടാക്കി തന്നില്ല. അന്നു മൊബൈൽ ഫോണൊന്നും ഇല്ലാത്ത കാലമാണല്ലോ. തിരക്കഥയെഴുതാനായി ആരും എന്നെ തേടി വന്നില്ല. പിന്നീട് ഒന്നര പതിറ്റാണ്ടിനു ശേഷമാണ് എന്റെ രണ്ടാമത്തെ ചിത്രം വരുന്നത്. 2012ൽ വി.കെ.പ്രകാശ് സംവിധാനം ചെയ്ത കർമയോഗി. സിനിമയുടെ വിജയത്തിന്റെ വെള്ളിവെളിച്ചത്തിൽ നിൽക്കാൻ എനിക്കായില്ല. 


Source link
Exit mobile version