ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ 2023-24 സീസണ് പ്ലേ ഓഫ് പോരാട്ടങ്ങൾക്ക് നാളെ തുടക്കം. പ്ലേ ഓഫ് എലിമിനേറ്റർ പോരാട്ടങ്ങൾക്കാണ് ആദ്യം തുടക്കമാകുക. നാളെ നടക്കുന്ന ആദ്യ പ്ലേ ഓഫ് എലിമിനേറ്ററിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ ആതിഥേയരായ ഒഡീഷ എഫ്സിയെ നേരിടും. ലീഗ് റൗണ്ടിൽ നാലാം സ്ഥാനത്തായിരുന്നു ഒഡീഷ, ബ്ലാസ്റ്റേഴ്സ് അഞ്ചാമതും. ലീഗ് റൗണ്ടിൽ ഉയർന്ന റാങ്കുള്ള ടീമിന്റെ ഹോം മത്സരമായാണ് പ്ലേ ഓഫ് എലിമിനേറ്റർ അരങ്ങേറുന്നത്. പ്ലേ ഓഫ് എലിമിനേറ്ററിൽ ജയിക്കുന്ന ടീം സെമിയിലേക്ക് മുന്നേറും. ബ്ലാസ്റ്റേഴ്സ് x ഒഡീഷ പ്ലേ ഓഫ് എലിമിനേറ്റർ ജേതാക്കൾ സെമിയിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനെയാണ് നേരിടേണ്ടത്.
ഹാട്രിക് പ്ലേ ഓഫ് ഇവാൻ വുകോമനോവിച്ചിന്റെ ശിക്ഷണത്തിൽ കേരള ബ്ലാസ്റ്റേഴ്സ് തുടർച്ചയായ മൂന്നാം സീസണിലും പ്ലേ ഓഫിൽ പ്രവേശിച്ചു. കഴിഞ്ഞ സീസണിൽ പ്ലേ ഓഫ് എലിമിനേറ്ററിൽ സുനിൽ ഛേത്രിയുടെ വിവാദ ഗോളിൽ ബംഗളൂരു എഫ്സിയോട് പരാജയപ്പെട്ട് കേരള ബ്ലാസ്റ്റേഴ്സ് പുറത്തായിരുന്നു. പരിക്കേറ്റ് വിശ്രമത്തിലുള്ള അഡ്രിയാൻ ലൂണ, ദിമിത്രിയോസ് ഡയമാന്റകോസ് എന്നിവർ ബ്ലാസ്റ്റേഴ്സിനൊപ്പം നാളെ ഇറങ്ങുമോയെന്നതിനും ആരാധകർ കാത്തിരിക്കുന്നു. എഫ്സി ഗോവയും ചെന്നൈയിൻ എഫ്സിയും തമ്മിലാണ് മറ്റൊരു പ്ലേ ഓഫ് എലിമിനേറ്റർ. 20ന് ഫത്തോർഡ സ്റ്റേഡിയത്തിലാണ് ഗോവയും ചെന്നൈയിനും തമ്മിലുള്ള പോരാട്ടം.
Source link