അമേഠിയിൽ രാഹുൽ ഗാന്ധി മത്സരിച്ചേക്കും – Rahul Gandhi may contest from Amethi constituency in loksabha elections 2024 | India News, Malayalam News | Manorama Online | Manorama News
അമേഠിയിൽ രാഹുൽ ഗാന്ധി മത്സരിച്ചേക്കും; പ്രഖ്യാപനം ഏപ്രിൽ 26നു ശേഷം?
മനോരമ ലേഖകൻ
Published: April 18 , 2024 02:02 AM IST
1 minute Read
ഗാസിയാബാദ് (യുപി) ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ അമേഠിയിൽ രാഹുൽ ഗാന്ധി മത്സരിച്ചേക്കും. അമേഠിയിലെ സ്ഥാനാർഥിത്വം സംബന്ധിച്ച് പാർട്ടി തിരഞ്ഞെടുപ്പു കമ്മിറ്റിയാണ് തീരുമാനമെടുക്കുന്നതെന്നും ആ തീരുമാനം അനുസരിക്കുമെന്നും രാഹുൽ പറഞ്ഞു. ഉത്തർപ്രദേശിലെ ‘ഇന്ത്യാ’സഖ്യത്തിന് ഉണർവുപകരാൻ ഇന്നലെ സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനൊപ്പം സംയുക്ത മാധ്യമസമ്മേളനത്തിനെത്തിയപ്പോഴായിരുന്നു രാഹുലിന്റെ പ്രതികരണം. നേതാക്കൾ കൈപിടിച്ചാലും താഴെത്തട്ടിൽ വോട്ടുകൈമാറുന്നതു ദുഷ്കരമെന്ന ചീത്തപ്പേര് മാറ്റാനാണ് രാഹുലും അഖിലേഷും ഒരുമിച്ചു മാധ്യമസമ്മേളനം നടത്തിയത്. വരുംദിവസങ്ങളിൽ കൂടുതൽ സംയുക്ത റാലികളും നടത്തുന്നുണ്ട്.
യുപിയിൽ 17 മണ്ഡലങ്ങളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. ഇതിൽ 15 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. അമേഠിയും സോണിയ ഗാന്ധിയുടെ സിറ്റിങ് മണ്ഡലമായ റായ്ബറേലിയും ഒഴിച്ചിട്ടിരിക്കുകയാണ്. കേരളത്തിലെ വോട്ടെടുപ്പിനുശേഷം അമേഠിയിലെ സ്ഥാനാർഥിത്വം പ്രഖ്യാപിക്കുമെന്നാണു സൂചന. 2004, 2009, 2014 വർഷങ്ങളിൽ അമേഠിയിൽനിന്നു ലോക്സഭാംഗമായ രാഹുൽ 2019 ൽ സ്മൃതി ഇറാനിയോട് പരാജയപ്പെട്ടു.
അമേഠിയിലും റായ്ബറേലിയിലും മേയ് 20നാണു വോട്ടെടുപ്പ്. കേരളത്തിൽ വോട്ടെടുപ്പ് നടക്കുന്ന ഈ മാസം 26നാണ് ഇവിടെ വിജ്ഞാപനം പുറപ്പെടുവിക്കുക. മേയ് 3 വരെ പത്രിക നൽകാം. രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട സോണിയ ഗാന്ധി ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. ബിജെപി 150 സീറ്റുകളിലേക്കു ചുരുങ്ങുമെന്നു മാധ്യമസമ്മേളനത്തിൽ രാഹുൽ പറഞ്ഞു. പ്രധാനമന്ത്രി അഴിമതിയുടെ ചാംപ്യനാണെന്നും ബിജെപി അഴിമതിക്കാരുടെ ഗോഡൗണായെന്നും അദ്ദേഹം വിമർശിച്ചു.
English Summary:
Rahul Gandhi may contest from Amethi constituency in loksabha elections 2024
mo-politics-leaders-rahulgandhi 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-news-national-states-uttarpradesh 41j5trpo31fegioifs6hl543s0 mo-politics-elections-loksabhaelections2024
Source link