ജോസേട്ടൻ!
അതൊരു പൂരമായിരുന്നു, ജോസേട്ടന്റെ സ്പെഷൽ പൂരം… കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉയർത്തിയ 223/6 എന്ന സ്കോർ പിന്തുടരാൻ ക്രീസിലെത്തിയ രാജസ്ഥാൻ റോയൽസിനെ ഒറ്റയ്ക്ക് തോളിലേറ്റിയ ജോസേട്ടന്റെ മാസ് പ്രകടനം ഈഡൻ ഗാർഡൻസിനെ ആരവത്തിലാഴ്ത്തി. ഇന്നിംഗ്സിലെ അവസാന ആറ് ഓവറിലായിരുന്നു ജോസ് ബട്ലറിന്റെ ഉഗ്രരൂപം കോൽക്കത്തക്കാർ കണ്ടത്. അവസാന ആറ് ഓവറിലെ (36 പന്ത്) 27 പന്തും നേരിട്ടത് ബട്ലർ. അഞ്ച് സിക്സും ആറ് ഫോറും അടക്കം 240.74 സ്ട്രൈക്ക് റേറ്റിൽ 27 പന്തിൽ ബട്ലർ നേടിയത് 65 റണ്‍സും. വിജയസാധ്യതയിൽ 94 ശതമാനവുമായി മുന്നിൽനിന്ന കോൽക്കത്ത നൈറ്റ് റൈഡേഴ്സ് അതോടെ രണ്ട് വിക്കറ്റ് തോൽവി വഴങ്ങി. 60 പന്തിൽ ആറ് സിക്സും ഒന്‍പത് ഫോറും അടക്കം 107 റണ്‍സുമായി ബട്ലർ പുറത്താകാതെ നിന്നപ്പോൾ രാജസ്ഥാന്റെ സ്കോർ 224/8. രാജസ്ഥാൻ ഇന്നിംഗ്സിലെ ഏഴ് മുതൽ 14വരെയുള്ള ഓവറുകളിൽ ബട്ലർ ശാന്തനായിരുന്നു. ഈ സമയം 21 പന്ത് നേരിട്ട ഇംഗ്ലീഷ് താരം ഒരു ബൗണ്ടറി മാത്രം അടിച്ച് 22 റണ്‍സേ നേടിയുള്ളൂ. കൊടുങ്കാറ്റിനു മുന്‍പുള്ള ശാന്തതയായിരുന്നു അതെന്ന് പിന്നീടറിഞ്ഞു. സലാം നൽകി ഷാരൂഖ് ജോസ് ബട്ലറിന്റെ വെടിക്കെട്ട് ഇന്നിംഗ്സാണ് കോൽക്കത്തയുടെ കൈയിൽനിന്ന് മത്സരം വഴുതിച്ചത്. അതോടെ സുനിൽ നരെയ്ന്റെ (56 പന്തിൽ 109) സെഞ്ചുറി വിഫലമായി. എന്നാൽ, മത്സരശേഷം കെകെആർ ഉടമയും ബോളിവുഡ് സൂപ്പർ താരവുമായ ഷാരൂഖ് ഖാൻ മൈതാനത്തെത്തി ബട്ലറെ അഭിനന്ദിച്ചു.
അവസാന ആറ് ഓവറിൽ 96 റണ്‍സായിരുന്നു രാജസ്ഥാനു ജയിക്കാൻ വേണ്ടിയിരുന്നത്. അസാധ്യമെന്നു തോന്നിച്ച ആ സ്കോർ ചേസ് ചെയ്ത ജോസേട്ടനെ മൈതാനത്തെത്തി രാജസ്ഥാൻ താരങ്ങൾ വണങ്ങിയെന്നതും ഈഡൻസ് ഗാൻഡൻസിലെ മറ്റൊരു കാഴ്ചയായി. ജോസ് ബോസ് ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി (ഏഴ്) നേടുന്ന വിദേശ താരം എന്ന റിക്കാർഡും ബട്ലർ കുറിച്ചു. വെസ്റ്റ് ഇൻഡീസിന്റെ ക്രിസ് ഗെയ്ലിന്റെ (ആറ് സെഞ്ചുറി) റിക്കാർഡാണ് ഇംഗ്ലീഷ് താരം മറികടന്നത്. 2024 ഐപിഎല്ലിൽ രണ്ട് തവണ ബട്ലർ സെഞ്ചുറി ഇന്നിംഗ്സിലൂടെ രാജസ്ഥാന്റെ ജയത്തിലെത്തിച്ചു. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരേ 100 നോട്ടൗട്ടുമായും ബട്ലർ രാജസ്ഥാനെ ജയത്തിലെത്തിച്ചിരുന്നു. ഐപിഎൽ ചരിത്രത്തിൽ വിജയകരമായ ചേസിംഗിൽ ഏറ്റവും കൂടുതൽ സെഞ്ചുറി എന്ന റിക്കാർഡും ബട്ലർ കുറിച്ചു. വിജയകരമായ ചേസിംഗിൽ ബട്ലറിന്റെ മൂന്നാം സെഞ്ചുറിയാണ് കെകെആറിനെതിരേ പിറന്നത്. വിരാട് കോഹ്ലിയുടെ (രണ്ട്) പേരിലുണ്ടായിരുന്ന റിക്കാർഡാണ് ബട്ലർ തിരുത്തിയത്. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ സെഞ്ചുറി കോഹ്ലിയുടെ (എട്ട്) പേരിലാണ്.
Source link