ബഡ്സ് എന്ന ശക്തമായ നിയമം അഞ്ചു വർഷമായി പ്രാബല്യത്തിൽ ഉണ്ടായിട്ടും കേരളത്തിൽ നിക്ഷേപ തട്ടിപ്പുകൾ തുടർകഥയാകുന്നത് എന്തുകൊണ്ട് എന്നതിന് അധികാരികൾ ഉത്തരം പറയേണ്ടതുണ്ട്. തട്ടിപ്പു നിക്ഷേപങ്ങളിലൂടെ ജനങ്ങളിൽനിന്ന് പണം പിരിച്ചെടുക്കുന്നവരെ ജാമ്യമില്ലാതെ തടങ്കലിലാക്കാം. നിക്ഷേപം നടത്താൻ പ്രേരിപ്പിച്ചാൽ അഞ്ചു വർഷംവരെ തടവും പത്തു ലക്ഷംവരെ പിഴയും നൽകാം. പണം സ്വീകരിക്കുന്ന ഘട്ടത്തിൽ പത്തുലക്ഷംവരെ പിഴയ്ക്കും ഏഴ് വർഷംവരെ തടവിനും ശിക്ഷിക്കാം.
പണം തിരികെ നൽകാൻ വീഴ്ചവരുത്തിയാൽ തടവ് പത്തു വർഷമാണ്. ഒപ്പം നിക്ഷേപ സംഖ്യയുടെ ഇരട്ടി പിഴയായും ചുമത്താം. ഒരിക്കൽ ശിക്ഷിക്കപ്പെടുന്നവർ വീണ്ടും തെറ്റ് ആവർത്തിച്ചാൽ പിഴ 50 കോടിവരെ ഉയരും. നിക്ഷേപത്തട്ടിപ്പു തടയാനുള്ള ബഡ്സ് നിയമത്തിലെ ശിക്ഷാവിധികളാണിവ.
ബഡ്സിലുണ്ട് പരിഹാരങ്ങൾ തട്ടിപ്പു നടത്തിയ സ്ഥാപനത്തിന്റെ സ്ഥാവര ജംഗമ സ്വത്തുക്കളുടെ വിവരങ്ങൾ ബഡ്സ് നിയമപ്രകാരം ശേഖരിച്ച് വസ്തുവകകൾ കണ്ടുകെട്ടാം. അത്തരം ആസ്തികൾ വിറ്റ് പണമാക്കി നിക്ഷേപകർക്ക് 180 ദിവസത്തിനുള്ളിൽ തിരികെ നൽകാൻ ബഡ്സ് നിയമത്തിൽ കർശനവ്യവസ്ഥകളുണ്ട്. അനധികൃത നിക്ഷേപങ്ങൾ സ്വീകരിച്ച് പണം തട്ടിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടികളെടുക്കാൻ പൊലീസിനു പ്രത്യേക അധികാരങ്ങളുണ്ട്.
Representative Image. Photo Credit: artoleshko / istockphotos.com
വാറന്റുകളില്ലാതെ സ്ഥാപനങ്ങൾ റെയ്ഡ് ചെയ്യാനും ആസ്തികളും അക്കൗണ്ടുകളും മരവിപ്പിച്ച് പണം തിരികെപ്പിടിക്കാനും ബഡ്സ് നിയമം അനുശാസിക്കുന്നു. ജനത്തെ കബളിപ്പിച്ച് തട്ടിപ്പു നടത്തുന്നവരെ ജാമ്യം ലഭിക്കാത്ത വകുപ്പുകൾ പ്രകാരം തടങ്കലിലാക്കാം. തട്ടിപ്പു നിക്ഷേപങ്ങൾ പരസ്യം ചെയ്യുക, ഇത്തരം സ്കീമുകള്‍ പ്രചരിപ്പിക്കുന്ന ലേഖനങ്ങൾ പ്രസിദ്ധീകരിക്കുക, പരസ്യങ്ങളിലും മറ്റും പ്രത്യക്ഷപ്പെട്ട് ശുപാർശ ചെയ്യുക എന്നിവയൊക്കെ ബഡ്സ് നിയമത്തിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്. പണം തിരികെനൽകാൻ വീഴ്ചവരുത്തുന്നതുവരെ കാത്തിരിക്കാതെ പണം സ്വീകരിക്കുന്ന സന്ദർഭങ്ങളിലും നിക്ഷേപകർ ആവശ്യപ്പെടുമ്പോഴും ബഡ്സ് നിയമപ്രകാരം നടപടികളെടുക്കാം.
നിക്ഷേപം നിയമവിരുദ്ധമോ?
വിവിധ കേന്ദ്ര-സംസ്ഥാന ഏജൻസികൾ, റജിസ്ട്രേഷനും പരിശോധനകളും അടക്കം മേൽനോട്ടവും നിയന്ത്രണങ്ങളും നിർവഹിക്കുന്ന സ്ഥാപനങ്ങൾക്കേ നിയമപരമായി നിക്ഷേപം സ്വീകരിക്കാനാകൂ. അത്തരം സ്ഥാപനങ്ങൾ സ്വീകരിക്കുന്ന നിക്ഷേപങ്ങളെ മാത്രമേ നിയമവിധേയ നിക്ഷേപം എന്നു വിളിക്കാനാകൂ.
സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി), റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, ഇൻഷുറൻസ് റെഗുലേറ്ററി ആന്റ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎ), പെൻഷൻ ഫണ്ട് റെഗുലേറ്ററി ആന്റ് ഡവലപ്മെന്റ് അതോറിറ്റി, പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ, കേന്ദ്ര-സംസ്ഥാന സഹകരണ റജിസ്ട്രാർമാർ, നാഷണൽ ഹൗസിങ് ബാങ്ക് തുടങ്ങിയ കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങൾക്കാണ് ഇന്ത്യയിൽ നിക്ഷേപങ്ങളെ നിയന്ത്രിക്കാൻ അധികാരമുള്ളൂ. ഇവയിൽ ഏതെങ്കിലും സ്ഥാപനം അംഗീകാരം നൽകുകയോ നിയന്ത്രിക്കുകയോ ചെയ്യാത്ത സ്ഥാപനങ്ങൾ ജനങ്ങളിൽനിന്നു സ്വീകരിക്കുന്ന നിക്ഷേപങ്ങളെല്ലാം നിയമവിരുദ്ധമാണ്. ബഡ്സ് നിയമപ്രകാരം നിരോധിച്ചിട്ടുള്ളവയാണ്.
വ്യക്തികളോ, പ്രൊപ്രൈറ്റർഷിപ്പ്–പാർട്ണർഷിപ് സ്ഥാപനങ്ങൾ, ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പ് കമ്പനികൾ (എൽഎൽപി), അസോസിയേഷനുകൾ, ട്രസ്റ്റ് എന്നിവയൊക്കെ സ്വീകരിക്കുന്ന നിക്ഷേപങ്ങൾ ബഡ്സ് നിയമത്തിന്റെ പരിധിയിൽവരും. എന്നാൽ, കേന്ദ്ര ബാങ്കിങ് റെഗുലേഷൻ നിയമപ്രകാരം പ്രവർത്തിക്കുന്ന മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കുകൾ, മറ്റു സഹകരണ ബാങ്കുകൾ എന്നിവയിലെ നിക്ഷേപങ്ങൾ നിയമവിരുദ്ധമല്ല.
നിക്ഷേപമെന്നു കരുതാനാകാത്തവ ബന്ധുക്കൾ, പാർട്ണർമാരുടെ ബന്ധുക്കൾ എന്നിവരിൽനിന്നും വാങ്ങുന്ന വായ്പ, വ്യാപാരാവശ്യത്തിനായി നൽകിയ മുൻകൂർ തുക, വസ്തു വാങ്ങാനും മറ്റും മുൻകൂറായി നൽകിയ തുക, പ്രാതിനിധ്യ നിയമപ്രകാരമുള്ള സംഭാവന തുടങ്ങിയവ ബഡ്സ് നിയമത്തിന്റെ പരിധിയിൽ നിക്ഷേപമായി കണക്കാക്കില്ല. സ്വയംസഹായ സംഘാംഗങ്ങൾ അനുവദനീയ നിരക്കിൽ നടത്തുന്ന നിക്ഷേപങ്ങൾ, സംഘങ്ങളിലെയും എൽഎൽപികളിലെയും അംഗത്വ വരിസംഖ്യ– വായ്പ പണം തുടങ്ങിയവയും നിക്ഷേപമായി പരിഗണിക്കില്ല.
ബാങ്കിതര ഫിനാൻസ് കമ്പനികൾ, മ്യൂച്വൽ ഫണ്ടുകൾ തുടങ്ങിയവ കമ്പനി നിയമം, റിസർവ് ബാങ്ക് നിയമം, സെബി ചട്ടം എന്നിവപ്രകാരം സ്വീകരിക്കുന്ന നിക്ഷേപങ്ങൾ നിയമപരമാണ്. സഹകരണ നിയമപ്രകാരം അംഗമല്ലാത്തവരിൽനിന്ന് നിക്ഷേപം സ്വീകരിക്കാൻ ബാങ്കിങ് ലൈസൻസ് ഉണ്ടെങ്കിൽ മാത്രമേ നിയമപരമായി സാധിക്കൂ.
കേരളത്തിലെ ബഡ്സ് സംവിധാനങ്ങൾ
ബഡ്സ് നിയമം നടപ്പിലാക്കാനുള്ള കേരളത്തിലെ അതോറിറ്റി ആഭ്യന്തര സെക്രട്ടറിയാണ്. കേരള സർക്കാരിന്റെ ആവശ്യാനുസരണം ബഡ്സ് നിയമം നടപ്പിലാക്കാൻ പ്രത്യേക കോടതികളെ അധികാരപ്പെടുത്തി ഹൈക്കോടതി ഉത്തരവിറക്കിയിട്ടുമുണ്ട്. ജില്ലാ പൊലീസ് മേധാവി, സ്റ്റേഷൻ ചാർജുള്ള ഓഫിസർമാർ തുടങ്ങിയവർക്ക് പരിശോധന നടത്താനും രേഖകൾ പിടിച്ചെടുക്കാനും തട്ടിപ്പുകാരെ തടങ്കലിൽ വയ്ക്കാനുമുള്ള വിപുലമായ അധികാരമുണ്ട്.
തട്ടിപ്പു സ്ഥാപനങ്ങളുടെ വസ്തുവകകളും അക്കൗണ്ടുകളും മരവിപ്പിക്കാനും കസ്റ്റഡിയിലെടുത്തു പണം വസൂലാക്കാനും സാധിക്കും. സംസ്ഥാന അതിർത്തിക്കപ്പുറമുള്ള ആസ്തികൾ പിടിച്ചെടുക്കാൻ സിബിഐയുടെ സേവനം ആവശ്യപ്പെടാം. ബഡ്സ് നിയമപ്രകാരം നിക്ഷേപകർക്ക് പ്രത്യേക കോടതിവഴി ലഭിക്കേണ്ട തുകയ്ക്ക് മുൻഗണനയുണ്ട്. പക്ഷേ, പാപ്പരത്ത നിയമം, സർഫാസി നിയമം എന്നിവപ്രകാരവുമുള്ള നടപടികൾക്കു താഴെ മൂന്നാമതായേ പരിഗണന ലഭിക്കൂ.
ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്തുനിന്നുള്ള ദൃശ്യം (Photo by Chandan Khanna / AFP)
ബഡ്സ് എന്ത്? എങ്ങനെ?
ഇന്ത്യയിലെ നിക്ഷേപ തട്ടിപ്പുകൾക്ക് തടയിടാനായി 2019ൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമമാണ് ബഡ്സ് അഥവാ ബാനിങ് അൺറെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്കീം നിയമം. ഈ നിയമം നടപ്പിലാക്കുന്നതിന് കേരള സർക്കാരും സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ നിയമങ്ങൾക്കു വിധേയമായി നിക്ഷേപിക്കാൻ ഒട്ടനവധി അവസരങ്ങൾ ഉണ്ടായിട്ടും ഉയർന്ന പലിശയടക്കമുള്ള കപട വാഗ്ദാനങ്ങളിൽ വീണ് പണം മുടക്കി വെട്ടിലാകുന്നവർക്ക് ആശ്വാസമേകുന്നതാണ് ബഡ്സ് നിയമം.
(പ്രമുഖ കോളമിസ്റ്റും േവൾഡ് ബാങ്ക് കൺസൽറ്റന്റുമാണ് ലേഖകൻ)
Source link