9.5 കോടി മുടക്കി; ‘പ്രേമലു’വിന് കിട്ടിയത് മുതൽമുടക്കിന്റെ പത്തിരട്ടി; നായകനും നായികയ്ക്കും പ്രായം 25ലും താഴെ

സിനിമ ഒരു വാതുവയ്പ്പാണെന്ന് പഴയ കാലം മുതല്‍ നിർമാതാക്കള്‍ പറയാറുണ്ട്. എല്ലാ അർഥത്തിലും അത് സത്യവുമാണ്. വന്‍പരാജയങ്ങള്‍ക്കൊപ്പം അപ്രതീക്ഷിത വിജയങ്ങളും സംഭവിക്കാം. വിതരണത്തിന് എടുക്കാന്‍ പോലും ആളില്ലാതിരുന്ന ശങ്കരാഭരണം, നോക്കെത്താദൂരത്ത് കണ്ണും നട്ട്, മൂന്നാംപിറ…തുടങ്ങിയ സിനിമകള്‍ കേരളത്തില്‍ മാസങ്ങളോളം നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിച്ച ചരിത്രം മലയാളികളുടെ മുന്നിലുണ്ട്. എന്നാല്‍ ഇന്ന് കുറെക്കുടി സങ്കീര്‍ണമാണ് സ്ഥിതി. പിന്നിട്ട വര്‍ഷം റിലീസ് ചെയ്ത ഇരുന്നൂറോളം സിനിമകളില്‍ വിരലില്‍ എണ്ണാന്‍ പോലും പടങ്ങള്‍ തിയറ്ററുകളില്‍ ഹിറ്റായില്ല. പലതിനും മുടക്കുമുതലിന്റെ നാലില്‍ ഒന്ന് പോലും തിരിച്ചു കിട്ടിയിട്ടില്ലെന്നും പറയപ്പെടുന്നു.
എന്നാല്‍ 2024 തുടങ്ങിയതോടെ മലയാള സിനിമയുടെ കണ്ടകശനി മാറി ശുക്രദശയിലേക്ക് കടന്നു എന്ന് തന്നെ പറയാം. റിലീസ് പടങ്ങള്‍ ഒന്നൊന്നായി കോടി ക്ലബ്ബുകളില്‍ കയറുന്നു. 50 കോടി 100 കോടി 150 കോടി 200 കോടി ചിലത് അതുക്കും മേലെ എന്ന മട്ടില്‍ പറക്കുന്നു. ഇതര സംസ്ഥാനങ്ങളില്‍ പോലും മലയാള സിനിമകള്‍ പ്രദര്‍ശന വിജയം നേടുന്നു. ഒറിജിനല്‍ തമിഴ് പടങ്ങളെ കടത്തി വെട്ടി മലയാളം ഡബ്ബ്ഡ് വേര്‍ഷനുകള്‍ വന്‍ഹിറ്റിലേക്ക് നീങ്ങുന്നു. ഈ പ്രതിഭാസത്തിന് വലിയ താരങ്ങളുടെ പിന്‍ബലം പോലും ആവശ്യമില്ലെന്നതാണ് പുതിയ ട്രെൻഡ്.
ഫ്രഷ്‌നസ് അനുഭവപ്പെടുന്ന കണ്ടന്റും ട്രീറ്റ്‌മെന്റുമാണ് പല പടങ്ങളുടെയും ഹൈലൈറ്റ്. അതില്‍ ആത് അഭിനയിച്ചാലും ജനം കയറും. വന്‍പരസ്യ കോലാഹലങ്ങളും അവകാശവാദങ്ങളുമില്ലാതെ വരുന്ന സിനിമകള്‍ മൗത്ത് പബ്ലിസിറ്റിയുടെ മാത്രം പിന്‍ബലത്തില്‍ കത്തിക്കയറുന്നു.
എന്നാല്‍ ഈ വിജയങ്ങളില്‍ നിന്നൊക്കെ വേറിട്ട് നില്‍ക്കുന്ന ഒരു സിനിമയാണ് 25 വയസ്സ് കടക്കാത്ത നസ്‌ലിനും മമിതാ ബൈജുവും മുഖ്യവേഷങ്ങളില്‍ അഭിനയിച്ച പ്രേമലു. 9.5 കോടിയില്‍ ഫസ്റ്റ് കോപ്പിയായ പടം ഇതുവരെ തിയറ്ററുകളില്‍ നിന്ന് മാത്രം നേടിയ ഗ്രോസ് കലക്‌ഷന്‍ 135 കോടിയാണ്. സാറ്റലൈറ്റ്, ഒടിടി അവകാശങ്ങള്‍ വഴി ലഭ്യമാകുന്ന തുക വേറെ. മുടക്കുമുതലിന്റെ പതിന്‍മടങ്ങും കടന്ന് വളര്‍ന്ന വിജയം എന്ന് ഒറ്റ വാചകത്തില്‍ പറയാം. ക്രൗഡ്പുളേളഴ്‌സ് എന്ന് വിശേഷിപ്പിക്കാവുന്ന താരങ്ങള്‍ മാത്രമാണ് കനത്ത ഇനീഷ്യല്‍ കലക്‌ഷന്‍ കൊണ്ടു വരുന്നതെന്നും അവരുടെ പടങ്ങള്‍ക്കാണ് റിപ്പീറ്റ് വാല്യൂ ഉളളതെന്നും ഫിലിം ഇന്‍ഡസ്ട്രി പരക്കെ വിശ്വസിക്കപ്പെട്ടിരുന്ന ഒരു കാലത്താണ് കാഴ്ചയില്‍ കൗമാരം കടന്നിട്ടില്ലാത്ത രണ്ട് യുവതാരങ്ങളുടെ സിനിമകള്‍ മഹാവിജയം കൊയ്യുന്നത്.
ആദ്യദിനം കലക്‌ഷൻ 90 ലക്ഷത്തില്‍ നിന്നാണെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കോടികള്‍ നേടിയ ചിത്രമാണ് ‘പ്രേമലു’. ഓപ്പണിങ് ദിനത്തില്‍ 90 ലക്ഷം നേടിയ ചിത്രം കേരളത്തിന് പുറത്ത് തെലുങ്കിലും തമിഴിലും വരെ ഹിറ്റായി മാറിയിരുന്നു. ഫെബ്രുവരി 9ന് തിയറ്ററിലെത്തിയ ചിത്രം ഏപ്രില്‍ 12ന് ആണ് ഒടിടിയില്‍ സ്ട്രീമിങ് ആരംഭിച്ചത്. ചിത്രം കേരളത്തില്‍ നിന്നും മാത്രം നേടിയത് 62.75 കോടി രൂപയാണ്. ആന്ധ്ര, തെലങ്കാന 13.85 കോടി രൂപയാണ് നേടിയത്.
തമിഴ്‌നാട്ടില്‍ നിന്നും 10.43 കോടിയും, കര്‍ണാടകയില്‍ നിന്നും 5.52 കോടി രൂപയും കൂടാതെ ബാക്കിയുള്ള സംസ്ഥാനങ്ങളില്‍ നിന്നും 1.1 കോടി രൂപയുമാണ് ചിത്രത്തിന് ലഭിച്ചത്. ജിസിസി രാജ്യങ്ങളില്‍ നിന്നും കോടികളുടെ തുക ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.
ഇത് അഭിനേതാക്കളൂടെ മാത്രം വിജയമല്ല. സിനിമയുടെ ആകത്തുകയാണ് പ്രേമലുവിന്റെ ഏറ്റവും വലിയ ആകര്‍ഷണ ഘടകം. ഒരു നിമിഷം പോലും ബോറടിക്കാതെ ആസ്വദിച്ചിരുന്ന് കണ്ടിരിക്കാന്‍ പറ്റുന്ന പടം. മഹത്തായ എന്തോ ചെയ്യുന്നു എന്ന കപടനാട്യമില്ല. അതേ സമയം വളരെ മാന്യവും സഭ്യവും രസകരവുമായി കഥ പറഞ്ഞിരിക്കുന്നു തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമുളള സംവിധായകന്‍ ഗിരീഷ് എ.ഡി.
ഇത് കേവലം ഒരു സിനിമയുടെ മാത്രം വിജയമല്ല. മലയാള സിനിമാ വ്യവസായത്തിന് ആകമാനം ഉണര്‍വ് പകരുന്ന വിജയമാണ്. പരിധിയിലൊതുങ്ങാത്ത ബജറ്റോ വന്‍താരങ്ങളുടെയും സംവിധായകരുടെയും പിന്‍ബലമോ ഇല്ലാതെ ചെറുപ്പക്കാരുടെ ഒരു ടീം എന്‍ജോയബിള്‍ ആയ ഒരു സിനിമയുമായി വന്നാല്‍ പ്രേക്ഷകര്‍ രണ്ട് കയ്യും നീട്ടി സ്വീകരിക്കും എന്നതിന്റെ സാക്ഷ്യപത്രമാണ് പ്രേമലു.
വമ്പന്‍ ട്വിസ്റ്റുകളോ ടേണുകളോ വലിച്ചു നീട്ടിപ്പരത്തിയ കഥാതന്തുവോ ഒന്നും ഇല്ലാത്ത സിംപിള്‍ ആന്‍ഡ് ഇന്റര്‍സ്റ്റിങ് മൂവി. ഇന്നത്തെ പ്രേക്ഷകന്‍-വിശേഷിച്ചും പുതുതലമുറയിലെ കുട്ടികള്‍-കാണാന്‍ ആഗ്രഹിക്കുന്ന ചിത്രം എന്നത് തന്നെയാണ് പ്രേമലുവിനെ മഹാവിജയത്തിലേക്ക് നയിച്ചതെന്ന് പറഞ്ഞ് പരിമിതപ്പെടുത്താന്‍ സാധിക്കില്ല. അതിനുമപ്പുറം എല്ലാ പ്രായത്തിലുമുളള ആളുകള്‍ കണ്ടത് കൊണ്ട് കൂടിയാണ് ഇത്ര വലിയ കലക്‌ഷന്‍ സാധ്യമായത്. മനസിന്റെ ഏതെങ്കിലുമൊരു കോണില്‍ പ്രണയം സൂക്ഷിക്കുന്ന ഓരോരുത്തരെയും പിടിച്ചിരുത്തുന്ന രസികന്‍ സിനിമ.
നസ്‌ലിനും മമിതയും അതിഥിതാരമായെത്തിയ മാത്യൂസും ഒഴികെ എല്ലാവരും തന്നെ പുതിയ അഭിനേതാക്കള്‍. എന്നാല്‍ ഇതൊന്നും സിനിമയ്ക്ക് വിനയായില്ലെന്ന് മാത്രമല്ല ഒതുക്കത്തില്‍ വന്ന് കപ്പടിച്ചുകൊണ്ട് പോയി പ്രേമലു. പത്തിലേറെ തവണ പടം ആസ്വദിച്ചു കണ്ട പരിചയമേഖലയിലുളള ഒരു കൗമാരക്കാരിയോട് കാരണം ചോദിച്ചപ്പോള്‍ ലഭിച്ച മറുപടി തന്നെയാണ് പ്രേമലുവിന്റെ വിജയരഹസ്യം. ‘നല്ല കിടുക്കാച്ചി സിനിമ’
പത്ത് വച്ചാല്‍ നൂറു കിട്ടുമെന്ന് പഴയ കിലുക്കി കുത്തുകാരന്റെ വാചകമടി യാഥാർഥ്യമാക്കിയത് വാസ്തവത്തില്‍ പ്രേമലുവാണ്. പത്ത് കോടിയില്‍ താഴെ മുതല്‍മുടക്കിയ പടം അടിച്ചുകൊണ്ട് പോയത് നൂറ്റമ്പത് കോടിക്കടുത്ത്. എ ബിഗ് സല്യൂട്ട് ടു ഗിരീഷ് എഡി, നസ്‌ലിന്‍ ആന്‍ഡ് മമിത..!
Source link