സിഡ്നി: ഓസ്ട്രേലിയയിൽ ബി ഷപ്പിനു നേരേയുണ്ടായ കത്തിയാക്രമണം ഭീകരാക്രമണമെന്ന് സിഡ്നി പോലീസ്. ആക്രമണത്തിനു പിന്നിൽ മതതീവ്രവാദമെന്ന് ന്യൂ സൗത്ത് വെയ്ൽസ് പോലീസ് കമ്മീഷണർ കാരെൻ വെബ് അറിയിച്ചു. എന്നാൽ അറസ്റ്റിലായ കൗമാരക്കാരൻ പോലീസിന്റെ തീവ്രവാദ പട്ടികയിൽപ്പെടുന്നയാളല്ലെന്നും വെബ് പറഞ്ഞു. സെക്യൂരിറ്റി ഇന്റലിജൻസ് ഓർഗനൈസേഷനും ഫെഡറൽ പോലീസും തീവ്രവാദ വിരുദ്ധ ടാസ്ക് ഫോഴ്സും ചേർന്നാണ് കേസ് അന്വേഷിക്കുന്നത്. കൂടുതൽ പേർ ആക്രമണത്തിൽ പങ്കാളികളായിട്ടുണ്ടോയെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. മതതീവ്രവാദമാണ് പ്രതിയെ കൃത്യത്തിനു പ്രേരിപ്പിച്ചതെന്നു പോലീസ് പറയുന്നുണ്ടെങ്കിലും കുറ്റവാളിയുടെ പേരോ മതമോ ഏതെന്ന് പോലീസ് പുറത്തുവിട്ടിട്ടില്ല. അതേസമയം, ഇസ്ലാമിക് മത മുദ്രാവാക്യം മുഴക്കിയാണ് കൗമാരക്കാരൻ ആക്രമണം നടത്തിയതെന്ന് പാശ്ചാത്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അസീറിയൻ ഓർത്തഡോക്സ് സഭാ മെത്രാൻ മാർ മാറി ഇമ്മാനുവേലാണ് ആക്രമിക്കപ്പെട്ടത്. വൈദികൻ ഫാ. ഐസക് റോയലിനും ആക്രമണത്തിൽ പരിക്കേറ്റു. നാലു പേർക്കാണു പരിക്കേറ്റതെന്നു പോലീസ് പറഞ്ഞു. എന്നാൽ, ആരുടെയും പരിക്ക് ഗുരുതരമല്ല.
സിഡ്നിയുടെ പടിഞ്ഞാറൻ പ്രാന്തത്തിലെ വൈക്ലി പ്രദേശത്തു സ്ഥിതി ചെയ്യുന്ന ക്രൈസ്റ്റ് ദ ഗുഡ് ഷെപ്പേഡ് പള്ളിയിൽ തിങ്കളാഴ്ച വൈകുന്നേരം ഏഴിനായിരുന്നു സംഭവം. ബിഷപ് ബൈബിൾ ക്ലാസ് എടുത്തുകൊണ്ടിരിക്കേ അക്രമി അൾത്താരയിൽ കയറി ശിരസിനു നേർക്ക് പലവട്ടം കുത്തുകയായിരുന്നു. രാജ്യത്ത് അക്രമത്തിനും തീവ്രവാദത്തിനും സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി ആന്തണി അൽബനീസ് പറഞ്ഞു. മെത്രാന്റെയും വൈദികന്റെയും ആരോഗ്യനില തൃപ്തികരമാണെന്നു സമൂഹമാധ്യമങ്ങളിൽ സഭ പങ്കുവച്ച കുറിപ്പിൽ അറിയിച്ചു. വിശ്വാസികൾ കുറ്റവാളിക്കുവേണ്ടി പ്രാർഥിക്കണമെന്നും ബിഷപ്പിന്റെ ആഗ്രഹമാണിതെന്നും പള്ളിയുടെ പ്രസ്താവനയിൽ പറയുന്നു. മാർ മാറി ഇമ്മാനുവേലിനെ സമൂഹമാധ്യമങ്ങളിൽ നിരവധിപേരാണു പിന്തുടരുന്നത്.
Source link